വർക്കിംഗ് കലണ്ടർ മന്ത്രി പ്രഖ്യാപിച്ചിട്ടും വന്നില്ല

Tuesday 01 March 2022 2:29 AM IST

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ നി‌‌ർമ്മാണ പ്രവൃത്തികൾക്ക് വർക്കിംഗ് കലണ്ടർ തയ്യാറാക്കുമെന്ന പ്രഖ്യാപനം വന്ന് മൂന്നുമാസമായിട്ടും ഉത്തരവായില്ല. ഒക്ടോബറിൽ പൊതുമരാമത്ത് വകുപ്പിലെ കരാറുകാരുടെ യോഗത്തിലാണ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രത്യേക താത്പര്യമെടുത്ത് മഴക്കാലത്തിന് മുമ്പ് നിർമ്മാണം പൂർത്തിയാക്കുന്ന വർക്കിംഗ് കലണ്ടറെന്ന ആശയം മുന്നോട്ടുവച്ചത്. കരാറുകാർക്കും സ്വീകാര്യമായി. കരാർ എടുത്തശേഷം പണി നീണ്ടുപോകുന്നത് നിർമ്മാണ ചെലവ് വർദ്ധിക്കാൻ ഇടയാക്കിയിരുന്നു. മഴക്കാലത്തെ നിർമ്മാണം റോഡുകളുടെ നിലനിൽപ്പിനെയും ബാധിച്ചിരുന്നു. കലണ്ടർ പ്രകാരമാവുമ്പോൾ ക്രമക്കേട് കാട്ടാനുള്ള സാധ്യതയും കുറയും.

#വർക്കിംഗ് കലണ്ടർ

*ജൂൺ-നവംബർ: മഴക്കാലം. ഒന്നാം ഘട്ടം. റോഡു പണിയുടെ പദ്ധതികൾ തയ്യാറാക്കണം. ഭരണാനുമതി, സാങ്കേതിക അനുമതി എന്നിവ ലഭ്യമാക്കി ടെൻഡർ ചെയ്യണം. ടെൻഡർ അംഗീകരിച്ച് കരാറുകാരനുമായി എഗ്രിമെന്റ്. ഇത്രയും കാര്യങ്ങൾ ഓഫീസ് തലത്തിൽ നടക്കുന്നതാണ്.

*നവംബർ- മേയ്: മഴയില്ലാത്ത മാസങ്ങൾ. രണ്ടാം ഘട്ടം. നിർമ്മാണം തുടങ്ങി പൂർത്തിയാക്കണം.

`വരുന്ന സാമ്പത്തിക വർഷം മുതൽ റോഡ് നിർമ്മാണ പ്രവൃത്തികൾ വർക്കിംഗ് കലണ്ടർ പ്രകാരം നടത്താനാണ് നീക്കം.'

-ചീഫ് എൻജിനിയർ,

പൊതുമരാമത്ത് വകുപ്പ്

(റോഡ്സ് വിഭാഗം).

Advertisement
Advertisement