ഷെറീഫ് ഖാനും നസീ​റയും പറയുന്നു, ആശ്വാസമാണ് പോളണ്ട്

Tuesday 01 March 2022 12:31 AM IST
ഫൈസൽ

പന്തളം: യുദ്ധഭൂമിയായ യുക്രെയിനിൽ നിന്ന് ഏകമകൻ പോളണ്ടിലേക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് പന്തളം മെഡിക്കൽ മിഷന് സമീപം പുത്തൻവിളയിൽ ഷെറീഫ് ഖാനും ഭാര്യ നസീറയും. കഴിഞ്ഞ ദിവസമാണ് ഇവരുടെ മകൻ ഫൈസൽ (23) 17 പേരോടൊപ്പം യുക്രെയിൻ അതിർത്തി കടന്ന് പോളണ്ടിലെത്തിയത്.

പശ്ചിമ യുക്രെയിനിലെ ഡാനിലോ ഹാലിറ്റ്‌സ്‌കി ലിവി നാഷണൽ മെഡിക്കൽ കോളേജിൽ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ് ഫൈസൽ. പിതാവിന്റെ ദുബായിയിലുള്ള സുഹൃത്തിനടുത്തേക്ക് 27ന് പോകാൻ ഫൈസൽ വിസയും ടിക്കറ്റും എടുത്തിരുന്നതാണ്. എന്നാൽ വ്യാഴാഴ്ച യുദ്ധം ആരംഭിക്കുകയും വിമാനസർവീസുകൾ നിറുത്തിവച്ചതോടെ അതു മുടങ്ങി. പിന്നീട് സഹപാഠികളോടൊപ്പം നാട്ടിലേക്കു മടങ്ങാനുള്ള ശ്രമം തുടങ്ങി. പോളണ്ടിൽ എത്തിയെങ്കിലേ നാട്ടിലേക്കു രക്ഷപെടാൻ കഴിയൂ എന്ന സാഹചര്യമായിരുന്നു.

ഫൈസൽ താമസിക്കുന്നയിടത്തു നിന്ന് പോളണ്ട് അതിർത്തിയിലെത്തണമെങ്കിൽ 90 കിലോമീറ്ററോളം യാത്ര ചെയ്യണമായിരുന്നു.

ചില മിനിബസ് ഡ്രൈവർമാരുടെ സഹായത്തോടെ അതിർത്തിക്ക് 8 കിലോമീറ്റർ അകലെവരെ വാഹനത്തിലും ബാക്കി ദൂരം നടന്നുമാണ് ഫൈസലും സംഘവും പോളണ്ടിലെത്തിയത്. പല കുട്ടികൾക്കും ലഗേജുകൾ ഉൾപ്പെടെ നഷ്ടപ്പെട്ടെങ്കിലും പോളണ്ടിലെത്തിയത് ആശ്വസമായെന്ന് ഫൈസൽ മാതാപിതാക്കളെ ഫോണിൽ വിളിച്ച് അറിയിച്ചു. പോളണ്ട് സർക്കാർ ആവശ്യമായ സഹായം നൽകി. ഇന്ത്യൻ എംബസി ഭക്ഷണവും കിടക്കാനുള്ള സൗകര്യവും ഒരുക്കി. പോളണ്ടിലെ മലയാളി അസോസിയേഷൻ പ്രവർത്തകരും സഹായവുമായി കൂടെയുണ്ട്. യുദ്ധത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിൽ എതിർപ്പുള്ള യുക്രെയിനികൾക്ക് ഇന്ത്യക്കാരോടു നീരസമുണ്ടെന്നും ഫൈസൽ പറഞ്ഞു.

യുദ്ധമുഖത്ത് നിന്ന് മകൻ രക്ഷപെട്ടതിലും കുട്ടികളെ രക്ഷിക്കാൻ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നടപടികളിലും സന്തോഷമുണ്ടെന്ന് ഷെരീഫ് ഖാൻ പറഞ്ഞു. ഏറെ വർഷം സൗദി അറേബ്യയിൽ ജോലിചെയ്തിരുന്ന ഷെറീഷ് ഖാൻ ഇപ്പോൾ ദുബായിയിൽ ബിസിനസ്സ് നടത്തുകയാണ്. ഇപ്പോൾ നാട്ടിലുണ്ട്.

Advertisement
Advertisement