തിരിച്ചറിവിന്റെ പൊൻവെളിച്ചം പരത്താൻ മഹാശിവരാത്രി

Tuesday 01 March 2022 12:00 AM IST

തമോഗുണത്തിൽ ആണ്ടുപോകുന്ന ബുദ്ധിക്കും ഹൃദയത്തിനും വെളിച്ചമാണ് ആവശ്യം. ആ വെളിച്ചം അറിവിലൂടെ മാത്രമേ ലഭിക്കൂ. അതുകൊണ്ടാണ് ശ്രീനാരായണ ഗുരുദേവൻ ഒരു ജനതയുടെ തമോഗുണപ്രധാനമായ ആചാരാനുഷ്ഠാനങ്ങളെ സാത്വികതലത്തിലേക്ക് എത്തിക്കാൻ അരുവിപ്പുറത്ത് നവോത്ഥാനത്തിന്റെ ആധാരശില പാകിയത്.

134ാം ശിവരാത്രി ദിനത്തിൽ അരുവിപ്പുറത്ത് ഒത്തുകൂടുമ്പോൾ നമ്മുടെ മനം തളിർക്കണം. അപ്രകാരം ഉയരണമെങ്കിൽ അതിന് തടസമായി നിലകൊള്ളുന്ന ഷഡ് വൈരികളെ നശിപ്പിക്കണം. അതിനാണ് ഉപവസിക്കണമെന്ന് പൂർവസൂരികൾ ഉപദേശിച്ചത്. ഉപവസിക്കുക എന്നതിനർത്ഥം ഭഗവാന്റെ അടുത്ത് അഥവാ ചൈതന്യത്തിനടുത്ത് വസിക്കുക എന്നാണ്. ഒരു ഭക്തന്റെ നിലയാണത്. സാധകനാണെങ്കിലോ ശിവമായി മാറുന്നു അഥവാ സാന്ദ്രമായ ശിവത്തെ തിരിച്ചറിയുന്നു. ശിവരാത്രി കൊണ്ട് ഉദ്ദേശിക്കുന്നതും അതുതന്നെ.

ശ്രീനാരായണ ഋഷി അരുവിപ്പുറത്തെ തപസിലൂടെയും ശിവപ്രതിഷ്ഠയിലൂടെയും ലക്ഷ്യമിട്ടത് നാമെല്ലാവരും അമൃതത്വത്തിന്റെ അരുമക്കിടാങ്ങളാണെന്ന ബോധമുണർത്തി ഈ ലോകത്ത് ശാന്തിയും സമാധാനവും പുലരാനാണ്.

മനമലർ കൊയ്ത് മഹേശ പൂജചെയ്യും
മനുജന് മറ്റൊരു വേല ചെയ്തിടേണ്ട

അതല്ലായ്കിൽ വനമലർ കൊയ്ത് മഹേശപൂജ ചെയ്യണം. വനമലർ എന്നത് കാട്ടിലെ പുഷ്പമല്ല കാമ-ക്രോധ-ലോഭ മോഹ മദമാത്സര്യങ്ങളാണ്. ഇതിനെ അറുത്ത് പൂജ ചെയ്യണം. ഈ പുഷ്പങ്ങളെ ക്ഷേത്രദർശന സമയത്തും ജപധ്യാനാദി സമയത്തും നാം അറുത്ത് മാറ്റാൻ ശ്രമിക്കാറുണ്ടോ? ഇവയാണ് നമ്മുടെ ദുഃഖത്തിന് അടിസ്ഥാന കാരണമെന്ന് തിരിച്ചറിയാൻ സാധിക്കാത്തത് തമോഗുണവും രജോഗുണവും ശക്തമായി നമ്മുടെ മനസിനെയും ബുദ്ധിയെയും കീഴ്‌പ്പെടുത്തിയിരിക്കുന്നതിനാലാണ്.

ശിവരാത്രിനാളിൽ ശങ്കരംകുഴിയിൽ നിന്നെടുക്കുന്ന ആയിരത്തിയെട്ട് കുടം അഭിഷേക കർമ്മത്തിൽ പങ്കെടുത്ത് ഈ കാളകൂടവിഷത്തെ കഴുകിക്കളയാൻ ശ്രമിക്കാം. സ്വസ്ഥമായി ഗുരുസവിധത്തിലും ശിവസവിധത്തിലും ഇരുന്ന് ജപധ്യാനത്തിലൂടെ ആത്മചൈതന്യത്തെ തിരിച്ചറിയാൻ ലഭിക്കുന്ന അവസരമാണിത്. അതും ശ്രീനാരായണ ഋഷിയുടെ തപപ്രഭാവത്തിൽ പ്രതിഷ്ഠ നിർവഹിച്ച അരുവിപ്പുറത്തെ അപൂർവങ്ങളിൽ അപൂർവമായ ഉത്തമ ലക്ഷണമൊത്ത ശിവപ്രതിഷ്ഠയിലൂടെ.

ഈ മഹാശിവരാത്രി ദിനത്തിൽ തിരിച്ചറിവിന്റെ പൊൻവെളിച്ചം പരത്താൻ പാകത്തിൽ ഹൃദയകവാടത്തെ തുറന്നിടാനുള്ള ധൈര്യം നമുക്കുണ്ടാകട്ടെ. അങ്ങനെ ജന്മജന്മാന്തരങ്ങളിലൂടെ നമ്മിൽ കെട്ടിക്കിടക്കുന്ന ഇരുട്ടിനെ അകറ്റാൻ കഴിയട്ടെ. അങ്ങനെ ഗുരുവിന്റെ മഹാസങ്കല്പമായ സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം സൃഷ്ടിക്കാം.

Advertisement
Advertisement