എല്ലാം പഴയപടിയായിട്ടും ഓട്ടം മറന്ന് റെയിൽവേ

Tuesday 01 March 2022 12:44 AM IST

കൊല്ലം: കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായി,​ ജനജീവിതം പഴയ നിലയിലേയ്ക്ക് എത്തിയെങ്കിലും ഇതൊന്നുമറിയാതെ റെയിൽവേ അധികൃതർ. സ്കൂൾ ​- കോളേജുകൾ തുറക്കുകയും ഓഫീസുകൾ പൂർണതോതിൽ പ്രവർത്തിക്കുകയും ബസ് സർവീസുകൾ പുനരാരംഭിച്ചതുമൊന്നും റെയിൽവേ അറിഞ്ഞമട്ടില്ല.

കൊവിഡ് കാലത്ത് നിറുത്തലാക്കിയ മെമുവും ജയന്തി ജനത എക്സ്‌പ്രസും പാസഞ്ചറുകളുമൊക്കെ ഒന്ന് ഓടിക്കിട്ടാൻ യാത്രക്കാർ കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഈ സർവീസുകൾ എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തിലും റെയിൽവേയ്ക്ക് ഒരുറപ്പും നൽകാനാകുന്നില്ല.

പഞ്ചറായി പാസഞ്ചറുകൾ

ഓഫീസിൽ പോകാനും തിരികെ യാത്രയ്ക്കും ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും വലിയ ആശ്വാസമായിരുന്നു പാസഞ്ചർ ട്രെയിനുകൾ. എന്നാൽ,​ കൊല്ലം- പുനലൂർ, കോട്ടയം- കൊല്ലം, എറണാകുളം- കോട്ടയം- കായംകുളം, എറണാകുളം- ആലപ്പുഴ- കായംകുളം, കൊല്ലം- തിരുവനന്തപുരം പാസഞ്ചറുകളെല്ലാം ഓട്ടമില്ലാതെ കിടപ്പാണ്.

ചെറിയ സ്റ്റേഷനുകളിലും സ്റ്റോപ്പുള്ളതായിരുന്നു യാത്രക്കാരുടെ ആശ്വാസം. രാവിലെ 6.30ന് കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന പാസഞ്ചർ മയ്യനാട്, ഇരവിപുരം പ്രദേശങ്ങളിലുള്ളവർക്ക് വലിയ സൗകര്യമായിരുന്നു.

എന്നാലിപ്പോൾ ഇവർ കൊല്ലത്തെത്തി 7.10നുള്ള മലബാർ എക്സ്‌പ്രസിലോ പിന്നീടുള്ള പുനലൂർ- തിരുവനന്തപുരം, ഇന്റർസിറ്റി, വഞ്ചിനാട് തുടങ്ങിയ ട്രെയിനുകളിലോ ആണ് യാത്ര ചെയ്യുന്നത്. ജോലികഴിഞ്ഞ് വീട്ടിലെത്തണമെങ്കിലും കൊല്ലത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

മെമുവും നിലച്ചു

കൊല്ലത്ത് നിന്ന് കോട്ടയം വഴിയും ആലപ്പുഴ വഴിയും തിരിച്ചും ഓടിക്കൊണ്ടിരുന്ന രണ്ടു മെമു ട്രെയിനുകളുടെയും ഒാട്ടം നിലച്ചിട്ട് വർഷം രണ്ടു കഴിഞ്ഞു. കൊല്ലം- കന്യാകുമാരി മെമു സർവീസും മുടങ്ങിക്കിടക്കുകയാണ്.

സീസൺകാരുടെ കാര്യം കഷ്ടം

റെയിവേയുടെ അവഗണനയിൽ ഏറെ ബുദ്ധിമുട്ടുന്നത് സീസൺ ടിക്കറ്റുകാരാണ്. കൊവിഡ് കാലത്ത് വെട്ടിക്കുറച്ച സീസൺ ടിക്കറ്റുകാർക്ക് കയറാവുന്ന കോച്ചുകളുടെ എണ്ണം ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. അതിനാൽ റിസർവ് ചെയ്ത് യാത്ര ചെയ്യേണ്ടി വരുന്നത് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തുന്നത്. എല്ലാദിവസവും ക്യൂ നിൽക്കേണ്ടിയും വരും. ദിവസവും രാവിലെയും വൈകിട്ടും ഇതു തുടരുന്നത് യാത്രക്കാർക്ക് വലിയ തലവേദനയായിട്ടുണ്ട്.

""

പാസഞ്ചർ, മെമു സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. സീസൺ ടിക്കറ്റുകാരുടെ സൗകര്യങ്ങൾ പുനഃസ്ഥാപിക്കണം. എല്ലാ സർവീസുകളിലും കൂടുതൽ ലേഡീസ് ഓൺലി കോച്ചുകൾ അനുവദിക്കണം.

ജെ. ലിയോണസ്, സെക്രട്ടറി,

പ്രണ്ട്സ് ഒഫ് റെയിൽസ്

Advertisement
Advertisement