സംസ്ഥാന ബഡ്ജറ്റിന് ഇനി 9 നാൾ, പതിനെട്ടാമൻ ബാലഗോപാൽ

Wednesday 02 March 2022 1:21 AM IST

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ആദ്യസമ്പൂർണ്ണ ബഡ്ജറ്റിന് ഇനി ഒൻപത് നാൾ. മാർച്ച് 11നാണ് ബഡ്‌ജറ്റ് അവതരണം. കഴിഞ്ഞ വർഷത്തെ അദ്ദേഹത്തിന്റെ ബഡ്ജറ്റ് ഡോ. തോമസ് ഐസക് അവതരിപ്പിച്ചതിന്റെ പുതുക്കി അവതരണമായിരുന്നു.

സംസ്ഥാനം രൂപീകരിച്ചശേഷം ബഡ്ജറ്റ് അവതരിപ്പിക്കുന്ന പതിനെട്ടാമത്തെ ധനമന്ത്രിയാണ് കെ.എൻ. ബാലഗോപാൽ. ആദ്യബഡ്ജറ്റ് അവതരിപ്പിച്ചത് സി. അച്യുതമേനോൻ. 1857ജൂൺ 7ന്. ഇതുവരെ 64ബഡ്ജറ്റ് അവതരിപ്പിച്ചുകഴിഞ്ഞു. കൂടുതൽ ബഡ്ജറ്റ് അവതരിപ്പിച്ചത് കെ.എം. മാണി - 13 തവണ. തൊട്ടുപിന്നിൽ ഡോ. തോമസ് ഐസക് 10തവണ. ആർ.ശങ്കർ, കെ.എം. മാണി, ഡോ.തോമസ് ഐസക്, ടി. ശിവദാസമേനോൻ എന്നിവർക്കു മാത്രമാണ് അഞ്ചു വർഷത്തെ ഭരണകാലാവധി മുഴുവൻ ബഡ്ജറ്റ് അവതരിപ്പിക്കാനായത്. സി.അച്യുതമേനോനും, കെ.എം.മാണിക്കും ഇടതുമുന്നണിയുടെയും വലതുമുന്നണിയുടെയും ബഡ്ജറ്റുകൾ അതരിപ്പിക്കാൻ അവസരം ലഭിച്ചിരുന്നു. 1965-66,1966-67 വർഷങ്ങളിലെ കേരളബഡ്ജറ്റ് അവതരിപ്പിച്ചത് ലോകസഭയിലായിരുന്നു. 1982-89ലെ വോട്ട് ഒാൺ അക്കൗണ്ട് പാസാക്കിയതും ലോകസഭയിലാണ്.

സി.അച്യുതമേനോൻ,വി.വിശ്വനാഥമേനോൻ,കെ.ശങ്കരനാരായണൻ എന്നിവർ നാല് ബഡ്ജറ്റ്‌ വീതവും ഉമ്മൻചാണ്ടി വ്യത്യസ്തകാലയളവിൽ അഞ്ച് ബഡ്ജറ്റും അവതരിപ്പിച്ചിട്ടുണ്ട്.

പി.കെ. കുഞ്ഞ്, വക്കം പുരുഷോത്തമൻ എന്നിവർ രണ്ടും കെ.ജി.അടിയോടി മൂന്നും എൻ.കെ.ശേഷൻ,കെ.ടി.ജോർജ്ജ്,സി.എച്ച്. മുഹമ്മദ്കോയ, എം.കെ. ഹേമചന്ദ്രൻ, എസ്. വരദരാജൻനായർ, സി.വി.പത്മരാജൻ എന്നിവർ ഒാരോ ബഡ്ജറ്റും അവതരിപ്പിച്ചു.

ബഡ്ജറ്റ് വാർഷിക രേഖ

സംസ്ഥാനത്തിന്റെ ഒരുവർഷത്തെ വരവിന്റെയും ചെലവിന്റെയും ഏകദേശരൂപം വെളിപ്പെടുത്ത രേഖയാണ് ബഡ്ജറ്റ്. ഗവർണറുടെ അനുമതിയോടെ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കിയെടുത്ത് അതനുസരിച്ച് പ്രവർത്തിക്കണമെന്ന് ഭരണഘടനയുടെ 202- ാം വകുപ്പിൽ നിർദ്ദേശിക്കുന്നു. ബഡ്ജറ്റ് നടപടികൾ ജൂലായിൽ തുടങ്ങും. സെപ്തംബർ 30വരെ വിവിധ വകുപ്പുകൾക്ക് പ്രതീക്ഷിക്കുന്ന വരവും ചെലവും അറിയിക്കാനുള്ള സമയമാണ്. ഒക്ടോബറിൽ ധനമന്ത്രി ബഡ്ജറ്റ് ജോലികൾ തുടങ്ങും. ഫെബ്രുവരിയിലോ, മാർച്ചിലോ നിയമസഭയിൽ അവതരിപ്പിക്കും. ബഡ്ജറ്റ് നിയമസഭ പൊതുചർച്ച നടത്തി പാസാക്കണം.

- ധനവിനിയോഗ ബിൽ-

നിയമസഭ രൂപീകരിക്കുന്ന സബ്ജക്ട് കമ്മിറ്റികൾ ധനാഭ്യർത്ഥനകളും തുടർന്ന് ധനവിനിയോഗ ബില്ലുകളും പരിശോധിച്ച് അവതരിപ്പിക്കും. ഇതും സഭ പാസാക്കണം

ബഡ്ജറ്റ് നിയമസഭ അംഗീകരിച്ചാൽ ധനവിനിയോഗ ബിൽ ഗസറ്റിൽ പ്രസിദ്ധീകരിക്കണം.

ബഡ്ജറ്റ് പാസാക്കിയത് അനുസരിച്ച് പണം വിനിയോഗിക്കാൻ വിവിധ വകുപ്പ് മേധാവികൾക്ക് അനുമതി നൽകി ധനവകുപ്പ് സർക്കുലർ പുറത്തിറക്കും

-സി.എ.ജി റിപ്പോർട്ട്-

ബഡ്ജറ്റ് നടപ്പാക്കിയത് പരിശോധിക്കാനുള്ള അധികാരം കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനാണ്

സി.എ.ജി നൽകുന്ന റിപ്പോർട്ട് നിയമസഭ സമിതിയും പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റിയും പരിശോധിച്ച് നിയമസഭയ്ക്ക് നൽകും

നിയമസഭ ബഡ്ജറ്റ് വിനിയോഗവും ചർച്ച ചെയ്ത് അംഗീകരിക്കണം. അതോടെ ഒരു ബഡ്ജറ്റ് അവസാനിക്കും.

Advertisement
Advertisement