വ്യാപാരികൾ മാറി ചിന്തിക്കണം

Thursday 03 March 2022 12:00 AM IST

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് പി.കുഞ്ഞാവു ഹാജി സംസാരിക്കുന്നു.

..............................

ടി.നസ്റുദ്ദീന്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി.കുഞ്ഞാവു ഹാജി കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംഘടനാ രംഗത്ത് സജീവ സാന്നിദ്ധ്യമാണ്. 21 വർഷം മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു. 2010 മുതൽ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നു. വ്യാപാരികളുടെ പുതിയ അമരക്കാരൻ വെല്ലുവിളികളും പ്രതീക്ഷകളും കേരളകൗമുദിയുമായി പങ്കുവയ്ക്കുന്നു.

വ്യാപാരികൾക്കിടയിൽ വലിയ സ്വാധീനം സൃഷ്ടിച്ച ടി.നസ്റുദ്ദീന്റെ പിൻഗാമിയായാണ് ചുമതലയേറ്റത്. പദവി എത്രത്തോളം വെല്ലുവിളിയാണ് ?​

നസ്റുദ്ദീൻ വ്യാപാരികളുടെ അതികായകനും നെടുംതൂണായിരുന്നു. അദ്ദേഹത്തിനൊപ്പം 20 വർഷത്തോളം വൈസ് പ്രസിഡന്റായും സെക്രട്ടറിയായും സെക്രട്ടറിയേറ്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നേരിട്ടു കണ്ടതാണ് എന്റെ മുതൽക്കൂട്ട്. സംഘടനയുമായി പിരിഞ്ഞു നിൽക്കുന്നവരുമായി ചർച്ച നടത്തി ഒന്നിപ്പിക്കുകയാണ് ആദ്യ ദൗത്യം. പലരും പല വിഷയങ്ങളുടെ പേരിലാണ് മാറിനിൽക്കുന്നത്. ഓരോ ജില്ലകളിലെയും ഇത്തരം ആളുകളുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഐക്യത്തിനാണ് മുൻഗണന. അവകാശങ്ങൾ നേടാൻ രാഷ്ട്രീയ വ്യത്യസങ്ങളില്ലാതെ ഒരുമിച്ച് പോരാടും. എല്ലാ പാർട്ടിക്കാരും സംഘടനയിൽ സജീവമാണ്. വ്യാപാരികൾക്ക് ഒറ്റ സംഘടന എന്ന നിലയിലേക്ക് ഭാവിയിൽ കാര്യങ്ങളെത്തിക്കും.


കൊവിഡ് പ്രതിസന്ധിയെ എങ്ങനെ അതിജീവിക്കും ?​
അതിജീവിച്ചേ പറ്റൂ, നാല് വർഷമായി വ്യാപാരികൾ നേരിട്ടത് അതിഭീകരമായ സാഹചര്യത്തെയാണ് . പ്രളയവും കൊവിഡും കച്ചവടമേഖലയെ സ്തംഭിപ്പിച്ചു. പലരും കച്ചവടം ഒഴിവാക്കി. ചിലർ ആത്മഹത്യ ചെയ്തു. പലവിധ പ്രതിസന്ധികൾ നേരിടുമ്പോഴും സംസ്ഥാന സർക്കാർ വ്യാപാരികളെ സഹായിക്കുന്ന ഒരു നിലപാടും ഇതുവരെ സ്വീകരിച്ചിട്ടില്ല. എല്ലാം ശരിയാവുമെന്ന പ്രതീക്ഷയിലാണ്.

ഓൺലൈൻ വ്യാപാര മേഖല ഉയർത്തുന്ന വെല്ലുവിളി ?​
ഓൺലൈൻ വ്യാപാരത്തെ എതിർക്കുന്നതും നിഷേധിക്കുന്നതും ഇനി വിഡ്ഢിത്തരമായി മാറും. കാലത്തിനനുസരിച്ച് വ്യാപാരികൾ മാറിയേ തീരൂ. ചെറുകിട കച്ചവടക്കാർക്ക് പോലും ഓൺലൈൻ വഴി സാധനങ്ങൾ വിൽക്കാനുള്ള സംവിധാനങ്ങളുണ്ട്. സംഘടന ഓൺലൈൻ ഷോപ്പിംഗ് സംവിധാനം തുടങ്ങിയിരുന്നെങ്കിലും കച്ചവടക്കാർ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തിയില്ല. ലോക്ഡൗൺ വരുമ്പോൾ കട അടച്ചിടുന്നതിന് പകരം ബദൽ മാർഗങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. നാളെ കട അടച്ചിടേണ്ടി വന്നാൽ എന്ത് ചെയ്യുമെന്നത് ഇപ്പോൾ ചിന്തിക്കണം. ഓൺലൈനിലേക്ക് കടക്കാതെ മാർഗമില്ലെന്ന് വ്യാപാരികളെ ബോധവത്ക്കരിക്കും. പഴയ കടയും കച്ചവട രീതികളുമായി ഇനി മുന്നോട്ടു പോവാനാവില്ല.


ജി.എസ്.ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടോ?
ജി.എസ്.ടിയുമായി ബന്ധപ്പെട്ട ഗുരുതരമായ ആശങ്കകൾ ഇപ്പോഴുമുണ്ട്. ചെറിയ പിഴവുകൾക്ക് പോലും വലിയ തുക ഫൈൻ ഈടാക്കുന്നു. കച്ചവടക്കാരന്റെ കുറ്റം കൊണ്ടല്ല ഇത്. സർക്കാർ സംവിധാനങ്ങളിൽ നിരവധി പോരായ്മകളുണ്ട്. ജി.എസ്.ടിയെക്കുറിച്ച് തുടക്കത്തിൽ ഉദ്യോഗസ്ഥർക്ക് കാര്യമായ വിവരമില്ലായിരുന്നു. ഈ സാഹചര്യത്തിൽത്തന്നെ ചെറിയ പിഴവുകൾ അവരുടെ ഭാഗത്തും അതിനോടനുബന്ധിച്ച് വ്യാപാരികളിലും സംഭവിച്ചിട്ടുണ്ട്. പഴയ പിഴവുകൾ ചൂണ്ടിക്കാട്ടി ലക്ഷങ്ങളുടെ ഫൈൻ അടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുന്നുണ്ട്. ജി.എസ്.ടിയുമായി ബന്ധപ്പെട്ട അനാവശ്യ പരിശോധനകൾ ഉടൻ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. സർക്കാരുമായി നല്ല ബന്ധത്തിൽ പോകാനാണ് ആഗ്രഹിക്കുന്നത്. സമ്മർദ്ദശക്തിയായി തുടരുന്നതിനോട് താത്പര്യമില്ല. അവസാന വഴിയെന്ന നിലയിലേ അത് പരിഗണിക്കൂ.

വികസനത്തിന്റെ ഇരകളാണോ വ്യാപാരികൾ?

റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോൾ കെട്ടിട, സ്ഥല ഉടമകൾക്ക് വിലയുടെ ഇരട്ടിയോളം നഷ്ടപരിഹാരമായി ലഭിക്കുന്നു. എന്നാൽ പതിറ്റാണ്ടുകളായി കെട്ടിടത്തിൽ കച്ചവടം ചെയ്യുന്നവർക്ക് നൽകിയത് വെറും 75,000 രൂപയാണ്. വലിയ ക്രൂരതയാണിത്. സംസ്ഥാന സർക്കാർ നൽകുമെന്ന് പറഞ്ഞ രണ്ടുലക്ഷം രൂപ ഇതുവരെ നൽകിയിട്ടില്ല. വലിയ തുക അഡ്വാൻസ് നൽകി ഫർണീച്ചറിനും ഇന്റീരിയറിനും ലക്ഷങ്ങൾ ചെലവഴിച്ചാണ് കച്ചവടം തുടങ്ങുന്നത്. കെട്ടിടം പൊളിക്കുമ്പോൾ ഇതെല്ലാം നഷ്ടമാവും. വ്യാപാരികൾ സഹിക്കണമിത്. വലിയ സങ്കടകരമായ കാര്യമാണിത്.

ഇനിയുള്ള പ്രധാന ലക്ഷ്യം?
സർക്കാർ വാടക - കുടിയാൻ നിയമം പാസാക്കി കച്ചവടക്കാരന് കൂടി പ്രയോജനപ്പെടുന്ന നിലയിൽ നടപ്പാക്കണം. വാടക കുറയ്ക്കണമെന്നോ കൂട്ടണമെന്നോ എന്നതിലൊന്നും തർക്കമില്ല. അതെല്ലാം മാന്യമായ രീതിയിൽ ചെയ്യാം. ഏത് നേരത്തും കച്ചവടക്കാരനെ ഒഴിപ്പിക്കാമെന്ന രീതി നിലനിൽക്കുന്നുണ്ട്. വലിയ തുക വാടക നൽകി കച്ചവടം തുടങ്ങിയ ശേഷം കച്ചവടം വിപുലപ്പെടുമ്പോൾ കട ഒഴിയണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. കച്ചവടക്കാർക്ക് സുരക്ഷിതത്വം വേണം. വാടക കൊടുക്കുന്നില്ലെങ്കിൽ ഒഴിപ്പിക്കുന്നതിന് എതിരല്ല. ഇതിനൊരു വ്യവസ്ഥ വേണം. കച്ചവടക്കാരെയും കെട്ടിട ഉടമകളെയും സർക്കാർ വിളിച്ചുകൂട്ടി രണ്ട് കൂട്ടർക്കും പ്രശ്നമില്ലാത്ത രീതിയിൽ നിയമം നടപ്പിലാക്കണം.

Advertisement
Advertisement