സി.എൻ.ജി ക്ഷാമത്തിന് പരിഹാരമില്ല ഓട്ടോതൊഴിലാളികൾ സമരത്തിലേക്ക്

Thursday 03 March 2022 12:02 AM IST
സി.എൻ.ജി

കോഴിക്കോട്: സി.എൻ.ജി ക്ഷാമം രൂക്ഷമായതോടെ ജില്ലയിലെ നൂറുകണക്കിന് ഓട്ടോകൾ കട്ടപ്പുറത്തേക്ക്. ലാഭം നോക്കി സി.എൻ.ജിയിലേക്ക് കൂടുമാറിയത് ഗതികേടായിപ്പോയെന്നാണ് നഗരത്തിലെ ഓട്ടോ ഡ്രൈവർമാർ പറയുന്നത്. ജില്ലയിലെ സി.എൻ.ജി ക്ഷാമം പരിഹരിക്കുക, ആവശ്യത്തിന് ഫില്ലിംഗ് സ്റ്റേഷൻ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി സമരത്തിനൊരുങ്ങുകയാണ് നഗരത്തിലെ ഓട്ടോത്തൊഴിലാളികൾ. ഓട്ടോടാക്‌സി ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ ഒമ്പതിന് കളക്ടറേറ്റ് മാർച്ചും ധർണയും നടത്തും. രാവിലെ 9.30 ന് എരഞ്ഞിപ്പാലം കേന്ദ്രീകരിച്ച് മാർച്ച് ആരംഭിക്കും. ജില്ലയിൽ എട്ടോളം സി.എൻ.ജി ഫില്ലിംഗ് സ്റ്റേഷനുകളാണുള്ളത്. ഇവിടങ്ങളിൽ ആവശ്യത്തിന് സി.എൻ.ജിയില്ല. ജില്ലാ ഭരണകൂടം ഇടപെട്ട് സി.എൻ.ജി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് പി.കെ.പ്രേമനാഥ് പറഞ്ഞു.
നഗരത്തിൽ മൂന്നിടത്താണ് പെട്രോൾ ബങ്കുകളിൽ സി.എൻ.ജി കിട്ടുന്നത്. ഇതിൽ നടക്കാവിലെ ബങ്കിൽ ചൊവ്വാഴ്ച രാത്രിയാണ് എറണാകുളത്ത് നിന്ന് സി.എൻ.ജിഎത്തിയത്. ഇന്നലെ രാവിലെ പത്തോടെ തീർന്നു. സരോവരത്തും കോറണേഷൻ തിയേറ്റർ പരിസരത്തും ഇതേ അവസ്ഥ. മൂന്നിടത്തും മണിക്കൂറുകളോളം ക്യൂ നിന്നിട്ടുംസി.എൻ.ജി കിട്ടാത്തവരുണ്ട്. അടിക്കടിയുണ്ടാവുന്ന പെട്രോൾ-ഡീസൽ വില വർദ്ധനയിൽ നിന്ന് രക്ഷപ്പെടാനാണ് തുച്ഛമായ വ്യത്യാസമാണെങ്കിലും സി.എൻ.ജിയിലേക്ക് മാറാൻ കാരണം. എന്നാൽ സി.എൻ.ജി ലഭ്യത അധികൃതർ പ്രഖ്യാപിച്ചതുപോലെ സാദ്ധ്യമാകാത്തതാണ് ഇരുട്ടടിയായത്.

Advertisement
Advertisement