ഇടത് വികസന, തൊഴിൽ സങ്കല്പം: പൊളിച്ചെഴുത്തിന് സി.പി.എം

Thursday 03 March 2022 4:31 AM IST

കൊച്ചി: ഇടതുപക്ഷത്തിന്റെ വികസന, തൊഴിൽ സങ്കല്പങ്ങളിലും ,നയസമീപനങ്ങളിലും അടിമുടി പൊളിച്ചെഴുത്ത് നിർദ്ദേശിക്കുന്നതാണ് സി.പി.എം സംസ്ഥാന സമ്മേളനം മുന്നോട്ടു വയ്ക്കുന്ന പുതിയ വികസന നയരേഖ.

പൊതു-സ്വകാര്യ പങ്കാളിത്തത്തിലും സ്വകാര്യമേഖലയിലും വൻകിട ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുണ്ടാകണമെന്ന നയരേഖയിലെ നിർദ്ദേശം സി.പി.എമ്മിന്റെ നിർണായക ചുവടുമാറ്റമാണ്. വ്യവസായങ്ങളിൽ മൂലധന നിക്ഷേപം ഉയർത്തണം. പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിൽ നിലനിറുത്തുകയെന്നത് സർക്കാരിന്റെയല്ല, തൊഴിലാളികളുടെ ഉത്തരവാദിത്വമാകണമെന്ന പുതിയ സമീപനം, തൊഴിലാളിവർഗ കാഴ്ചപ്പാടിൽ നിന്നുള്ള ഗതിമാറ്റമായും വ്യാഖ്യാനിക്കപ്പെടുന്നു. സംസ്ഥാന സമ്മേളനത്തിന്റെ ഒന്നാം ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസന നയരേഖയിൽ ഇന്നാണ് ചർച്ച.

1957 മുതലിങ്ങോട്ടുള്ള കേരളത്തിലെ ഇടതുപക്ഷ സർക്കാരുകളുടെ നയസമീപനങ്ങളെ പൊതുവായി വിലയിരുത്തുന്ന രേഖ ,അടുത്ത കാൽനൂറ്റാണ്ട് മുന്നിൽ കണ്ട് കേരളം കാലത്തിനൊത്ത പരിഷ്കാരം എങ്ങനെ സാദ്ധ്യമാക്കണമെന്ന് ഊന്നിപ്പറയുന്നു.

ആരോഗ്യ, വിദ്യാഭ്യാസ സൂചികകളിലടക്കം കേരളത്തെ മുന്നിലെത്തിച്ചത് ഇടതുപക്ഷ സർക്കാരുകൾ നടപ്പാക്കിയ പുരോഗമനാശയങ്ങളും പദ്ധതികളുമാണ്. അതേ ചരിത്രദൗത്യമാണ് ഇനിയങ്ങോട്ടും ഏറ്റെടുക്കേണ്ടത്.

നിക്ഷേപ സൗഹൃദ

അന്തരീക്ഷം തകർക്കരുത്

*കാർഷിക ഉത്പാദനക്ഷമത വർദ്ധിപ്പിച്ച് സ്വയംപര്യാപ്തതയിലെത്തണം. കശുഅണ്ടി, കയർ പോലുള്ള പരമ്പരാഗത വ്യവസായ മേഖലകളിൽ കേരളത്തിനുണ്ടായിരുന്ന ഒന്നാം സ്ഥാനം തിരിച്ചുകൊണ്ടുവരണം. അതിന് വിയറ്റ്നാം പോലുള്ള രാജ്യങ്ങളിലെ സാങ്കേതികവിദ്യകളെ ഉപയോഗിക്കണം

*ട്രേഡ് യൂണിയൻ സങ്കല്പങ്ങളിൽ തിരുത്തലുണ്ടാവണം. അനാവശ്യമായ തൊഴിൽത്തർക്കങ്ങളിലേർപ്പെട്ട് നിക്ഷേപ സൗഹൃദാന്തരീക്ഷം തകർക്കരുത്.

ഉന്നത വിദ്യാഭ്യാസം : പ്രവേശന

അനുപാതം 50 ശതമാനം

*ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രവേശനാനുപാതം 37 ശതമാനമെന്നത് അഞ്ച് വർഷത്തിനകം 50 ശതമാനമാക്കാനായി പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളാരംഭിക്കണം. ഉന്നത വിദ്യാഭ്യാസ

സ്ഥാപനങ്ങളെ ലോക നിലവാരത്തിലെത്തിക്കണം.

*സർക്കാർ, സഹകരണ, സ്വകാര്യ മേഖലകളിലും പി.പി.പി മോഡലിലും വൻകിട ഉന്നത വിദ്യാഭ്യാസ ഗവേഷണസ്ഥാപനങ്ങളുണ്ടാവണം. സാമൂഹ്യനീതി ഉറപ്പാക്കിയും നിർദ്ദിഷ്ടനിലവാര മാനദണ്ഡങ്ങൾ പാലിച്ചുമാണ് സ്വകാര്യമേഖലയിലുൾപ്പെടെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്.

*സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പ്രതിഭാശാലികളായ വിദ്യാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പുകളും ധനസഹായ പദ്ധതികളും വായ്പകളും വർദ്ധിപ്പിക്കണം. പ്രൊഫഷണൽ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിലവാരം വർദ്ധിപ്പിക്കണം. ഉന്നത വിദ്യാഭ്യാസമേഖലയെ ഉത്പദനമേഖലയുമായി ബന്ധിപ്പിക്കണം. ശാസ്ത്ര, സാമൂഹ്യശാസ്ത്ര, മാനവിക രംഗങ്ങളിലെ ഗവേഷണഫലങ്ങളെ സാമൂഹ്യതലത്തിൽ പ്രയോജനപ്പെടുത്തുന്ന രീതികൾ വികസിപ്പിക്കണം. രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം.

Advertisement
Advertisement