പൊലീസിന് കാവൽ ഇനി 'സ്വന്തം" നായ്‌ക്കൂട്ടം

Thursday 03 March 2022 2:17 AM IST

തിരുവനന്തപുരം: വിലയ്‌ക്ക് വാങ്ങൽ പതിവ് അവസാനിപ്പിച്ച് സംസ്ഥാന പൊലീസിനാവശ്യമായ നായ്‌ക്കുട്ടികളെ ബ്രീഡിംഗിലൂടെ കണ്ടെത്തും. തൃശൂർ പൊലീസ് അക്കാഡമിയിൽ പരിശീലനത്തിലുള്ള ബെൽജിയം മാലിനോയ്സ് ഇനത്തിലുള്ള മാഗിയും ലാറയുമാണ് ഡോഗ് സ്‌ക്വാഡിന്റെ ഭാവി സ്വപ്നം. ആറുമാസമാണ് പ്രായം.

ഇവയ്‌ക്ക് രണ്ട് വയസായശേഷം ഡോഗ് സ്‌ക്വാഡിലെ ബെൽജിയം മാലിനോയിസ് ഇനത്തിലുള്ള മെയിൽ ഡോഗുമായി ഇണചേർക്കാനാണ് ആലോചന. സംസ്ഥാനത്തെ അറിയപ്പെടുന്ന ബ്രീഡറായ മൂവാറ്റുപുഴ സ്വദേശി സഞ്ജയനാണ് നായ്‌ക്കുട്ടികളെ സൗജന്യമായി നൽകിയത്. സ്‌ഫോടക വസ്‌തുക്കൾ മണത്ത് കണ്ടെത്തുന്ന പരിശീലനത്തിലാണ് മാഗി. മയക്കുമരുന്ന് വിഭാഗത്തിന്റെ പരിശീലനത്തിലാണ് ലാറ.

സേനയ്‌ക്ക് വേണ്ട നായ്‌ക്കുട്ടികളെ അയൽ സംസ്ഥാനങ്ങളിലെ ബ്രീഡർമാരിൽ നിന്ന് വൻ തുകയ്‌ക്ക് വാങ്ങുന്നതായിരുന്നു പതിവ്. ഒരു നായ്‌ക്കുട്ടിക്ക് അരലക്ഷത്തിലധികം രൂപയാണ് നൽകിയിരുന്നത്. എന്നാൽ നല്ല ബ്രീഡുകളെ പലപ്പോഴും ലഭിക്കില്ല. സമയ-സാമ്പത്തിക നഷ്ടങ്ങളൊഴിലാക്കി മികച്ച ബ്രീഡുകളെ ഉറപ്പാക്കാനാണ് സ്വന്തമായി നായ്‌ക്കുട്ടികളെ ഉത്പാദിപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്.

 ബെൽജിയൻ മാലിനോയിസ്

അൽക്വയിദ നേതാവ് ബിൻ ലാദനെ പാകിസ്ഥാനിലെ അബോട്ടാബാദിൽ നിന്ന് കണ്ടെത്തി വധിക്കാൻ അമേരിക്കയെ സഹായിച്ചത് ബെൽജിയം മാലിനോയിസ് നായകളായിരുന്നു. ഘ്രാണശക്തി,​ ബുദ്ധി,​ ഓർമ്മ,​ കായികശേഷി എന്നിവയാണ് ബെൽജിയം മാലിനോയിസിന്റെ പ്രത്യേകത. അതുകൊണ്ടാണ് ഇവ കമാൻഡോ സംഘങ്ങളുടെ തുറുപ്പു ചീട്ടാകുന്നത്. സ്‌ഫോടക വസ്‌തു കണ്ടാൽ നിറുത്താതെ കുരയ്‌ക്കുന്നതിന് പകരം തലയാട്ടി ആശയ വിനിമയം നടത്തുന്നതാണ് ഇവയുടെ രീതി. ബെൽജിയം ഷെപ്പേർഡ് വർഗത്തിൽപ്പെട്ടവയാണിത്.

 പരിഗണനയിൽ ഇന്ത്യൻ ബ്രീഡുകളും

സേനയുടെ ഭാഗമായ 13 ഇന്ത്യൻ ബ്രീഡ് നായ്‌ക്കളിലുൾപ്പെട്ട കന്നി,​ ചിപ്പിപ്പാറ,​ മുതോൾ ഹുണ്ട് തുടങ്ങിയ ഇനങ്ങളിൽ നിന്ന് നായ്‌ക്കളെ വളർത്താനും ആലോചിക്കുന്നുണ്ട്. വിദേശയിനങ്ങളെ അപേക്ഷിച്ച് രോഗ പ്രതിരോധ ശേഷിയും ആയുസും കൂടിയ ഇവ മണം പിടിക്കുന്നതിലും മിടുക്കരാണ്. മെലിഞ്ഞ ശരീര പ്രകൃതി,​ മിത ഭക്ഷണം,​ രോമക്കുറവുള്ള തൊലി തുടങ്ങിയവയും ഇവയുടെ മികവാണ്. രോമക്കുറവായതിൽ ബ്രഷ് ചെയ്യാനും ത്വക്ക് രോഗങ്ങൾ വരാതെ സൂക്ഷിക്കാനും കഴിയും.

Advertisement
Advertisement