സ്കൂൾവിക്കി അവാർഡിന് 15 വരെ വിവരങ്ങൾ പുതുക്കാം

Friday 04 March 2022 12:00 AM IST

തിരുവനന്തപുരം: കേരളത്തിലെ 15,000 ത്തിലധികം സ്കൂളുകൾ ഓൺലൈനിൽ സൃഷ്ടിക്കുന്ന വിജ്ഞാനകോശമായ സ്കൂൾവിക്കി (www.schoolwiki.in ) പോർട്ടലിൽ സംസ്ഥാന-ജില്ലാതല അവാർഡുകൾക്കായി സ്കൂളുകൾക്ക് 15 വരെ വിവരങ്ങൾ പുതുക്കാം. ഏറ്റവും മികച്ച രീതിയിൽ വിക്കി പേജുകൾ കൈകാര്യം ചെയ്യുന്ന സ്കൂളുകൾക്ക് സംസ്ഥാന തലത്തിൽ 1.5 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം ഒരു ലക്ഷം, 75,000 രൂപ ലഭിക്കും. ജില്ലാതലത്തിൽ 25,000, 15,000, 10,000 രൂപ എന്ന ക്രമത്തിലാണ് പുരസ്കാരം നൽകുകയെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

ഇൻഫോബോക്സിലെ വിവരങ്ങളുടെ കൃത്യത, ചിത്രങ്ങൾ, നാവിഗേഷൻ, സ്കൂൾ മാപ്പ്, ക്ലബ്ബുകൾ തുടങ്ങിയ 20 അവാർഡ് മാനദണ്ഡങ്ങൾ കൈറ്റിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് അറിയിച്ചു. മീഡിയാവിക്കി പുതിയ പതിപ്പിലേക്ക് മാറിയതോടെ സ്കൂൾവിക്കിയിൽ വിഷ്വൽ എഡിറ്റിംഗ് സൗകര്യമുൾപ്പെടെ ലഭ്യമാക്കുകയും 11,561 സ്കൂളുകളിലെ അദ്ധ്യാപകർക്ക് കൈറ്റ് ഈ വർഷം പരിശീലനം നൽകുകയും ചെയ്തു.

സ്കൂൾവിക്കിയിൽ പൂർവ വിദ്യാർത്ഥികൾ ഉൾപ്പെടെ പൊതുസമൂഹത്തിനും വിവരങ്ങൾ നൽകാൻ കഴിയുന്ന സംവിധാനം ഏർപ്പെടുത്തണമെന്നും സ്കൂൾതല എഡിറ്റോറിയൽ ടീം ഇതു പരിശോധിച്ച് തുടർ നടപടി കൈക്കൊള്ളണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. പകർപ്പവകാശ ലംഘനം ഉണ്ടാകുന്ന വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് സ്കൂൾ അധികൃതർ ഉറപ്പാക്കണം. വിദ്യാഭ്യാസ ഓഫീസർമാർക്കാണ് 'സ്കൂൾവിക്കി' പേജുകൾ പ്രത്യേകം പരിശോധിക്കാനുള്ള ചുമതല.

 സ്കൂൾവിക്കി

സ്കൂളുകളുടെ സ്ഥിതി വിവരങ്ങൾ, ചരിത്രം, പ്രാദേശിക ചരിത്രം, അടിസ്ഥാന സൗകര്യങ്ങൾ, പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ തുടങ്ങി സ്കൂളിനെക്കുറിച്ചുള്ള ഒരു വിജ്ഞാനകോശമെന്നതോടൊപ്പം വിദ്യാർത്ഥികളുടെ കലാസൃഷ്ടികളും ഡോക്യുമെന്റേഷനുകളും പ്രസിദ്ധീകരിക്കുന്നതിനുള്ള ഇടവും കൂടിയാണിത്. നിലവിൽ ഒന്നരലക്ഷത്തിലധികം ലേഖനങ്ങളും നാല്പത്തിനാലായിരം ഉപഭോക്താക്കളുമുണ്ട്. വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ ഡിജിറ്റൽ വിവര സംഭരണിയാണിത്..

Advertisement
Advertisement