പ്രതീക്ഷയോടെ ശിവരാജനും കുടുംബവും, വീണ്ടും വരും നാടൻപാട്ട് കാലം

Friday 04 March 2022 12:43 AM IST
ശിവരാജനും ഭാര്യ ശോഭയും താളമടിച്ച് നാടൻപാട്ട് പാടുന്നു

പത്തനംതിട്ട : കാെവിഡ് ഇളവുകളെ തുടർന്ന് ഉത്സവങ്ങൾക്ക് കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാൻ അനുവദിച്ചത് സ്റ്റേജ് കലാകാരൻമാർക്ക് അനുഗ്രഹമായി. ആ സന്തോഷം കാണാൻ ചെന്നീർക്കര കല്ലിരിക്കുന്നതിൽ വീട്ടിലെത്തിയാൽ മതി. പാട്ടുകളുടെയും താളങ്ങളുടെയും ലോകത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ശിവരാജന്റെ കുടുംബം. ഭാര്യ ശോഭയും മകൻ ശ്രീരാജും ശിവരാജന്റെ സംഘത്തിലെ അഭിനേതാക്കളും പാട്ടുകാരുമാണ്. മുറിയിൽ ഒതുക്കിവച്ചിരുന്ന ചെണ്ടയും തകിലും മുളംചെണ്ടയും തേമ്പും മണിയുമെല്ലാം പൊടി തുടച്ച് വൃത്തിയാക്കി. ഇനി എല്ലാദിവസവും ഇൗവീട്ടിൽ നിന്ന് പാട്ടുംതാളവും കേൾക്കാം. ഒഴിവു സമയങ്ങളിൽ ശിവരാജനും ശോഭയും ശ്രീരാജും ഒന്നിച്ചാണ് കലാമേള. കോലം, തെയ്യം, കുമ്മാട്ടി, കാള, പരുന്ത് തുടങ്ങിയ പല നാടൻകളികൾക്കും മൂന്നുപേരും വേഷമിടും. പാട്ടുംതാളവും മതിയെങ്കിൽ അതിനും തയ്യാർ. ഉത്സവകാലമായതോടെ പരിപാടികൾ ലഭിക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.

കൊവിഡിനെ തുടർന്ന് ആദ്യ ലോക്ക് ഡൗൺ ഏർപ്പെട‌ുത്തുന്നതിന് മുൻപ് ഒരുദിവസം കുറഞ്ഞത് മൂന്നുപരിപാടികൾ കിട്ടുമായിരുന്നുവെന്ന് ശിവരാജൻ പറഞ്ഞു. പത്തനംതിട്ട വായ്ത്താരി എന്ന നാടൻപാട്ട് കലാസംഘം ശിവരാജന്റെ നേതൃത്വത്തിലുണ്ട്. നാട്ടിലെ കലാകാരൻമാർക്കെല്ലാം അതിൽ അവസരം നൽകിയിരുന്നു. ജില്ലയ്ക്ക് പുറത്തും പരിപാടികൾ നടത്തിയിട്ടുണ്ട്. കുടുംബത്തിന്റെ വരുമാന മാർഗമായിരുന്നു കലാവേദികൾ.

ലോക്ക് ഡൗണിൽ പരിപാടികൾക്ക് വിലക്കു വീണതോടെ കുടുംബത്തിന്റെ ജീവിതതാളം തെറ്റി. ശോഭ വീട്ടുജോലികൾക്കു പോയാണ് കുടുംബത്തെ മുന്നോട്ടു നയിച്ചത്. ബി.എഡ് പൂർത്തിയാക്കി ജാേലിതേടുന്ന ശ്രീരാജും കലാലോകത്താണ്.

കുട്ടിക്കാലത്ത് കണ്ണുകളുടെ കാഴ്ച കുറഞ്ഞതും ദൃഷ്ടി ഉറയ്ക്കാത്തതും കാരണം ശിവരാജന്റെ പഠനം എട്ടാംക്ളാസിൽ മുടങ്ങി. ജോലികൾ ചെയ്യാൻ കഴിയുമായിരുന്നില്ല. ഭിന്നശേഷി പെൻഷനാണ് ആശ്രയം. പതിന്നാലാം വയസിൽ ശാസ്ത്രീയസംഗീതം പഠിച്ച ശിവരാജൻ പ്രദേശത്തെ നിരവധി കുട്ടികളുടെ ഗുരുവാണ്. ഇരുപത് വർഷമായി നാടൻകലാരംഗത്തുണ്ട് ഇൗ കുടുംബം. നാടൻപാട്ടുകളും എഴുത്തുപാട്ടുകളും വായ്മൊഴിപ്പാട്ടുകളുമായി നിരവധി വേദികളിൽ കയ്യടികൾ നേടി. കൊടുമൺ ചന്ദ്രലേഖ, ഹരിപ്പാട് ഭാവന തുടങ്ങി നാടക, ബാലേ ട്രൂപ്പുകളിൽ പാടിയും വേഷമിട്ടും അറിയപ്പെടുന്ന കലാകാരനായി.

കലാഭവൻ മണിയുടെ നാടൻപാട്ടുകൾ പാടിപ്പതിഞ്ഞ ശിവരാജന്റെ ശബ്ദം വേദികൾക്ക് ആവേശമായിരുന്നു. സ്വന്തമായി പാട്ടെഴുതി പാടിയിട്ടുണ്ട്. പുഞ്ചവയലുകളിൽ അദ്ധ്വാനത്തിന്റെ ഭാരംകുറയ്ക്കുന്ന വായ്മൊഴിപ്പാട്ടുകൾ പാരമ്പര്യത്തനിമ കൈവിടാതെയാണ് പാടുന്നത്. ലൈബ്രറി കൗൺസിലിന്റെ നാടൻപാട്ട് പരിശീലകനും നാടൻപാട്ട് കലാകാരൻമാരുടെ അദ്ധ്യാപകനുമാണ് ശിവരാജൻ.

Advertisement
Advertisement