'വൈകിട്ട് മൂന്നിന് ശേഷം വൈദ്യുതി വിച്ഛേദിക്കില്ല"

Friday 04 March 2022 12:01 AM IST

തിരുവനന്തപുരം: 'നിങ്ങൾ ഇതുവരെ വൈദ്യുതി ബില്ലടച്ചിട്ടില്ല. ഇന്ന് രാത്രി 9.30ന് വൈദ്യുതി വിച്ഛേദിക്കും", - തങ്ങളുടെ പേരിൽ ഫോണിലെത്തുന്ന വ്യാജസന്ദേശത്തിനെതിരെ മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി. വൈകിട്ട് മൂന്ന് മണിക്ക് ശേഷം വൈദ്യുതി വിച്ഛേദിക്കില്ലെന്ന് വ്യക്തമാക്കി കെ.എസ്.ഇ.ബി ജാഗ്രതാ എസ്.എം.എസ് കാമ്പയിനും ആരംഭിച്ചു.

ആറുമാസത്തിനിടെ രണ്ടാംതവണയാണ് തട്ടിപ്പ് സംബന്ധിച്ച് പരാതി ഉയരുന്നത്. ഏറ്റവുമൊടുവിൽ കോട്ടയത്തെ അദ്ധ്യാപികയുടെ വീട്ടിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. തട്ടിപ്പിന് പിന്നിൽ അന്യസംസ്ഥാന റാക്കറ്റാണെന്നാണ് സൂചന. ഇതിനെതിരെ കെ.എസ്.ഇ.ബി ചെയർമാൻ പൊലീസിലും സൈബർ വിഭാഗത്തിലും പരാതി നൽകി. കൂടുതൽ പ്രചാരണപരിപാടികൾക്കും കെ.എസ്.ഇ.ബി തയ്യാറെടുക്കുന്നുണ്ട്.

അതേസമയം, ഉപഭോക്താക്കളുടെ വിവരങ്ങൾ എവിടെ നിന്ന് ചോരുന്നെന്ന് അധികൃതർക്കും അറിയില്ല. വിളിക്കുന്നവരുടെ നമ്പറിന് പിന്നാലെ പോയാൽ പശ്ചിമ ബംഗാളുൾപ്പെടെയുള്ള സ്ഥലങ്ങളിലെ വിലാസമാണ് ലഭിക്കുന്നത്. 2020 മുതലാണ് ഇത്തരം തട്ടിപ്പുകൾ ആരംഭിച്ചത്.

 വ്യാജ നമ്പരിൽ വിളിച്ചാൽ തട്ടിപ്പുറപ്പ്

എല്ലാ മുൻകരുതലുകളും മറന്ന് ആളുകൾ വ്യാജ സന്ദേശത്തിലെ നമ്പറുകളിലേക്ക് ഫോൺ ചെയ്യുമ്പോഴാണ് തട്ടിപ്പ് തുടങ്ങുന്നത്. നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെട്ടാൽ ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി ഭാഷകളിലാകും മറുപടി. 'നിങ്ങളടച്ച പണം കെ.എസ്.ഇ.ബിയിൽ കിട്ടിയില്ല, അതുകൊണ്ട് വേഗം വിവരങ്ങൾ പരിശോധിക്കണം. അതിനായി മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്നും ആവശ്യപ്പെടും". പണം ആവശ്യപ്പെടാതെ ഉപഭോക്താവിന്റെ വിലാസവും കൺസ്യൂമർ നമ്പറുമടക്കമുള്ള വിവരങ്ങൾ പറയും. അതോടെ ഉപഭോക്താക്കൾ തട്ടിപ്പുകാരെ വിശ്വസിക്കും. തുടർന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോഴുള്ള സുരക്ഷാ മാർഗ്ഗങ്ങൾക്ക് അനുവാദം നൽകുന്നതോടെ ഫോണിലെ വിവരങ്ങൾ തട്ടിപ്പുകാർക്കു ലഭിക്കും.

'വൈകിട്ട് മൂന്നിന് ശേഷം ഒരു കെ.എസ്.ഇ.ബി ജീവനക്കാരനും ബില്ലിന്റെ കാര്യം പറഞ്ഞ് വരില്ല. ആരെങ്കിലും വന്നാൽ അടുത്തുള്ള കെ.എസ്.ഇ.ബി ഒാഫീസിൽ ബന്ധപ്പെടണം. ഉപഭോക്താക്കൾ ജാഗ്രത പാലിക്കണം. തട്ടിപ്പ് ശ്രമങ്ങൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്".

- ഡോ. ബി. അശോക്,

കെ.എസ്.ഇ.ബി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ

Advertisement
Advertisement