തെരുവുനായ്‌ക്കളെ പൂട്ടാൻ ജില്ലാ പഞ്ചായത്തും പനങ്ങാട് എ.ബി.സി സെന്റർ മേയിൽ

Saturday 05 March 2022 12:21 AM IST
എ.ബി.സി സെന്റർ

കോഴിക്കോട്: നഗരത്തിലെന്ന പോലെ മറ്റു പലയിടത്തും തെരുവുനായ്ക്കളുടെ അതിക്രമം കൂടി വരുമ്പോൾ കോർപറേഷന്റെ എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ) സെന്ററിനു പുറമേ ജില്ലാ പഞ്ചായത്തിന്റേതായി പുതിയ കേന്ദ്രം വരുന്നു.

പനങ്ങാട് പഞ്ചായത്തിലെ മൃഗാശുപത്രിയ്ക്ക് സമീപമുള്ള 15 സെന്റ് സ്ഥലത്ത് ജില്ലാ പഞ്ചായത്തിന്റെ കീഴിൽ കെട്ടിടം പണി പൂർത്തിയായിക്കഴിഞ്ഞു. വരുന്ന മേയിൽ ഇവിടെ എ.ബി.സി സെന്റർ പ്രവർത്തനമാരംഭിക്കും. ജില്ലാ വെറ്ററിനറി സെന്ററിനായിരിക്കും നായ്ക്കളെ വന്ധ്യങ്കരിക്കുന്ന കേന്ദ്രത്തിന്റെ നടത്തിപ്പ്ചുമതല.

തെരുവുനായ്ക്കൾ വല്ലാതെ പെരുകിയതോടെ ജനരോഷം രൂക്ഷമായ സാഹചര്യത്തിലാണ് പരിഹാരശ്രമങ്ങളുമായി ജില്ലാ പഞ്ചായത്തും രംഗത്തെത്തിയത്. നഗരത്തിൽ കഴിഞ്ഞ ദിവസം കൊമ്മേരി, മൈലാമ്പാടി, പൊറ്റമ്മൽ ഭാഗങ്ങളിലായി പേപ്പട്ടിയുടെ കടിയേറ്റ് 12 പേർക്ക് സാരമായി പരിക്കേറ്റിരുന്നു.
ജില്ലയിൽ നേരത്തെ പേരാമ്പ്രയിലും ബാലുശ്ശേരിയിലും എ.ബി.സി കേന്ദ്രങ്ങൾ ആരംഭിച്ചതാണെങ്കിലും പ്രാദേശിക പ്രതിഷേധത്തെ തുടർന്ന് പ്രവർത്തനം നിലയ്ക്കുകയായിരുന്നു. പിന്നീടാണ് പനങ്ങാട് മൃഗാശുപത്രിയോടു ചേർന്നുള്ള സ്ഥലത്ത് 2020 മാർച്ചിൽ കെട്ടിടം പണിയാൻ തുടങ്ങിയത്. കൊവിഡ് ലോക്ക് ഡൗൺ വന്നതോടെ നിർമ്മാണം നീണ്ടകാലത്തേക്ക് മുടങ്ങി. വൈകിയാണെങ്കിലും ഇപ്പോൾ കെട്ടിടം പൂർണസജ്ജമായി. വൈദ്യുതീകരണവും ചുറ്റുമതിൽ നിർമ്മാണവും മാത്രമാണ് അവശേഷിക്കുന്നത്. ഇതിനുള്ള ടെൻഡർ നടപടി ആരംഭിച്ചിട്ടുണ്ട്.

കെട്ടിടത്തിന്റെ രണ്ടാംനിലയിൽ ജീവനക്കാർക്ക് ഹോസ്റ്റൽ ഒരുക്കും. ജില്ലാ പഞ്ചായത്തിന്റെ ഈ എ.ബി.സി സെന്റർ കൂടിയാവുന്നതോടെ തെരുവുപട്ടികളുടെ പെറ്റുപെരുകലിന് ഒരു പരിധിവരെ അറുതിയാവും.

 ഒരേസമയം 5 നായ്ക്കളെ

വന്ധ്യങ്കരിക്കാം

അഞ്ച് ഡോക്ടർമാരുൾപ്പെടെ പത്ത് പേരെ ഈ എ.ബി.സി കേന്ദ്രത്തിലേക്കായി നിയോഗിക്കും. ഒരേ സമയം അഞ്ച് നായ്ക്കളെ വന്ധ്യങ്കരിക്കാനുള്ള സൗകര്യമുണ്ടാവും. ഓപ്പറേഷന് ശേഷം മൂന്നു ദിവസം നായ്ക്കളെ നിരീക്ഷണത്തിൽ കിടത്തും. പിന്നീട് ഇവയെ പിടിച്ചുകൊണ്ടുവന്ന സ്ഥലത്ത് തന്നെ എത്തിക്കും.

ഓഫീസ്, ഓപ്പറേഷൻ തീയേറ്റർ, ഡോക്ടേഴ്‌സ് റൂം, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, പ്രിപ്പറേഷൻ റൂം എന്നിവയുൾപ്പെടുന്നതാണ് കേന്ദ്രം. ഇവിടേക്ക് ഉപകരണങ്ങൾ വാങ്ങാനായി ജില്ലാ പഞ്ചായത്ത് 27 ലക്ഷം രൂപ അനുവദിച്ചിരുന്നു.

''ഡോക്ടർമാരെ കൂടാതെ രണ്ട് നഴ്‌സുമാർ, രണ്ട് അറ്റൻഡർമാർ, ഒരു ശുചീകരണ തൊഴിലാളി എന്നിങ്ങനെ 10 പേരെ നിയമിക്കുക. ഇതിനു സർക്കാരിന്റെ അംഗീകാരം ലഭിക്കുകയേ വേണ്ടൂ. ജില്ലാ പഞ്ചായത്തിന് കീഴിൽ കൂടുതൽ എ.ബി.സി സെന്റർ തുടങ്ങും. ജനങ്ങളെ ബോധവത്കരിച്ച് സൗകര്യമൊരുക്കേണ്ടതുണ്ട്.

കെ.രമദേവി,

ജില്ലാ മൃഗസംരക്ഷണ ഓഫീസർ

Advertisement
Advertisement