യുദ്ധഭൂമിയിൽനിന്ന് ആർദ്രയെത്തി, കേദാരം ആഹ്ളാദത്തിൽ

Friday 04 March 2022 10:04 PM IST

പള്ളിക്കൽ: ദിവസങ്ങൾനീണ്ട ഉത്കണ്ഠകൾക്കും ആശങ്കകൾക്കും ഒടുവിൽ യുദ്ധഭൂമിയിൽ നിന്ന് മകൾ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് പള്ളിക്ക ചേന്നംപള്ളി കേദാരം വീട് . ബി.രമേശിന്റെയും എസ്. ദീപയുടെയും മകളായ ആർദ്രാ രമേശ് യുക്രൈയിനിൽ നിന്ന് വ്യാഴാഴ്ച രാത്രിയിലാണ് വീട്ടിലെത്തിയത്. യുക്രൈൻ വിനിക്സിയായിലെ നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷമെഡിക്കൽ വിദ്യാർത്ഥിയാണ് . വെസ്റ്റ് യുക്രൈൻ ഭാഗത്ത് കോളേജിന്റെ സമീപത്തുള്ള യൂണിവേഴ്സിറ്റി ഹോസ്റ്റലിലായിരുന്നു താമസം. അവിടെനിന്ന് നാട്ടിലേക്ക് മടങ്ങാൻ ഏറെ ബുദ്ധിമുട്ടേണ്ടതായി വന്നുവെന്ന് ആർദ്ര രമേശ് പറഞ്ഞു. ആദ്യം റൊമാനിയൻ ബോർഡറിൽ പോകാൻ വാഹനം കിട്ടിയില്ല. തുടർന്ന് ബസിൽ ആറ് മണിക്കൂർ സഞ്ചരിച്ച് റൊമാനിയൻ ബോർഡറിന് എട്ട് കിലോമീറ്റർ അകലെ ബസിൽ നിന്ന് ഇറക്കി. 60 പേരാണ് ബസിൽ ഉണ്ടായിരുന്നത്. അവിടെനിന്ന് കാൽനടയായാണ് ബോർഡറിൽ എത്തിയത്. മൂന്ന് ദിവസം റൊമാനിയൻ ബോർഡറിൽ തണ്ടേണ്ടി വന്നു. ഒരു മണിക്കൂറിൽ 100 യുക്രൈൻകാരെ അതിർത്തി കടത്തിവിടുമ്പോൾ 10 ഇന്ത്യക്കാരെ മാത്രമാണ് കയറ്റിവിടുന്നത്. ഇതോടെ ബോർഡറിൽ സംഘർഷഭരിതമായ അന്തരീക്ഷമായി. ഇവിടെ വലിയ തിക്കും തിരക്കും കൂടി . അതിർത്തിയിൽ തള്ളലായതോടെ യുക്രൈൻ പട്ടാളം വിദ്യാർത്ഥികൾക്ക് നേരെ കുരുമുളക് സ്പ്രെ പ്രയോഗം നടത്തിയത് ഭയം ഉളവാക്കി. ഒരു ദിവസം കൊണ്ട് അതിർത്തി കടന്ന് റൊമാനിയായിൽ എത്തി. റൊമാനിയായിൽ തങ്ങാൻ സൗകര്യം അവിടത്തെ സർക്കാർ നൽകി. ആവശ്യത്തിന് ആഹാരവും ലഭിച്ചിരുന്നു. ഇവിടെ ഒരു ഷെൽട്ടറിൽ 450 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ഇതിൽ 110 പേരെ ബസിൽ കയറ്റി ബുച്ചാറസ്റ്റ് എയർപോർട്ടിൽ എത്തിച്ചേർന്നു. അവിടെ രണ്ട് ദിവസം താമസിച്ചു. മാർച്ച് രണ്ടിന് രാത്രി എയർ ഇന്ത്യയുടെ വിമാനത്തിൽ ബുച്ചാറസ്റ്റ് എയർപോർട്ടിൽ നിന്ന് എയർ ഏഷ്യാ വിമാനത്തിൽ വ്യാഴാഴ്ച രാത്രി 10.30 ന് കൊച്ചിയിൽ എത്തി. അവിടെ കാത്തുനിന്ന മാതാപിതാക്കൾക്കൊപ്പം രാത്രി തന്നെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

Advertisement
Advertisement