ഉറച്ച ശബ്ദമായി ഉശിരോടെ ചിന്ത

Saturday 05 March 2022 4:57 AM IST

കൊല്ലം: തകർപ്പൻ പ്രസംഗവും പോരാട്ട വീര്യവും കൊണ്ട് കാമ്പസുകളെയും തെരുവുകളെയും ഇളക്കിമറിച്ച ചിന്ത ജെറോം ഇനി സി.പി.എം സംസ്ഥാന കമ്മിറ്റിയിലെ യുവത്വത്തിന്റെ ശബ്ദം. നേതൃപാടവത്തിനും പോരാട്ട വീറിനുമൊപ്പം ധൈഷണിക ചിന്തയും അക്കാഡമിക് മികവും കൊണ്ടാണ് ചിന്ത സി.പി.എമ്മിന്റെ സംസ്ഥാന നേതൃനിരയിലേക്ക് ഉയർന്നത്.

17 വർഷം മുൻപ് ഫാത്തിമ മാതാ കോളേജിൽ ബിരുദ വിദ്യാർത്ഥിനിയായിരിക്കെയാണ് ചിന്ത ജെറോം ഇടതു രാഷ്ട്രീയത്തിലെത്തിയത്. കാമ്പസിലെ എസ്.എഫ്.ഐ നേതാവായ ചിന്ത യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറും, തുടർന്ന് കേരള സർവകലാശാല യൂണിയൻ ചെയർപേഴ്സണായി. ഒപ്പം എസ്.എഫ്.ഐയുടെ സംസ്ഥാന നേതൃനിരയിലേക്കും ഉയർന്നു. എസ്.എഫ്.ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവുമായി. ഇപ്പോൾ ഡി.വൈ.എഫ്.ഐയുടെ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന സഹഭാരവാഹിയും യൂത്ത് കമ്മിഷൻ ചെയർപേഴ്സണുമാണ്.

ഇരട്ട പ്രൊമോഷൻ

ഈ സമ്മേളന കാലയളവിൽ ഇരട്ട പ്രൊമോഷനോടെയാണ് ചിന്ത സംസ്ഥാന കമ്മിറ്റിയിലെത്തിയത്. കഴിഞ്ഞ സമ്മേളനത്തിൽ സി.പി.എം കൊല്ലം ഏരിയാ കമ്മിറ്റി അംഗമായി. ഈ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും ഒരുമിച്ചെത്തി. സംസ്ഥാന കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതയും ചിന്തയാണ്. സ്കൂൾ വിദ്യാഭ്യാസ കാലത്ത് റിട്ട. അദ്ധ്യാപകനായ പിതാവ് ജെറോമിന്റെ കൈപിടിച്ച് പ്രസംഗ മത്സരവേദികളിലേക്ക് എത്തിയിരുന്ന ചിന്ത ഒന്നാം സമ്മാനം കൈപ്പിടിയിലൊതുക്കിയാണ് മടങ്ങിയിരുന്നത്. സംസ്ഥാന സ്കൂൾ, കേരള സർവകലാശാല കലോത്സവങ്ങളിലും പ്രസംഗമത്സര ജേതാവായിരുന്നു. ബിരുദാനന്തര വിദ്യാർത്ഥിയായിരിക്കെ പിതാവ് മരിച്ചതോടെ ചിന്ത അമ്മ എസ്തർ ജെറോമിന്റെ കൈപിടിച്ചാണ് പാർട്ടിവേദികളിലും പൊതുപരിപാടികളിലും എത്തുന്നത്.

Advertisement
Advertisement