വേനൽ കനത്തു; ഡാമുകളിൽ ജലനിരപ്പും താഴ്ന്നു

Saturday 05 March 2022 12:07 AM IST

പാലക്കാട്: 40 ഡിഗ്രിയിൽ വെന്തുരുകുകയാണ് ജില്ല. അതിരാവിലെ അല്പം തണുപ്പ് അനുഭവപ്പെടുമെങ്കിലും 10.30ഓടെ ചൂട് അതിന്റെ കാഠിന്യം അറിയിച്ചുതുടങ്ങും. ജനുവരി ആദ്യപകുതിയിൽ തന്നെ ജില്ലയിൽ താപനില 37 പിന്നിട്ടിരുന്നു. ഫെബ്രുവരിയിൽ 38.5 ഉം രേഖപ്പെടുത്തി. മാർച്ച് മാസം ആരംഭത്തിൽ തന്നെ തുടർച്ചയായ മൂന്ന് ദിവസം ചൂട് 40 രേഖപ്പെടുത്തിയത് ,​ഇത് ജനങ്ങൾക്കിടയിൽ ഏറെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

നിലവിൽ ജില്ലയിലെ ഡാമുകളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വെള്ളം ഉണ്ടെങ്കിലും ചൂട് കൂടിയതോടെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതായി അധികൃതർ പറഞ്ഞു. മലമ്പുഴ ഡാമിലെ ഇന്നലത്തെ ജലനിരപ്പ് 106.65 മീറ്ററാണ്. കഴിഞ്ഞവർഷം ഇത് 104.35 മീറ്റർ ആയിരുന്നു. 115.06 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. ഡാമിൽ നിന്ന് നിലവിൽ രണ്ടാംവിള കൃഷിക്കായി ഇടത് - വലത് കനാൽ വഴി ജലവിതരണം നടത്തുന്നുണ്ട്. മാർച്ച് എട്ടുവരെയാണ് ഇത്തരത്തിൽ വെള്ളം വിതരണം ചെയ്യുക. പാലക്കാട് നഗരസഭയിലേക്കും സമീപ പഞ്ചായത്തുകളിലേക്കും മലമ്പുഴ ഡാമിൽ നിന്നാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. അതേസമയം പോത്തുണ്ടി, വാളയാർ ഡാമുകളിൽ നിന്ന് കൃഷി ആവശ്യത്തിനായി തുറന്നുവിട്ട ജലവിതരണം കഴിഞ്ഞദിവസം അവസാനിപ്പിച്ചു.

ഡാം- ഇന്നലത്തെ ജലനിരപ്പ്- പരമാവധി സംഭരണശേഷി (മീറ്ററിൽ)

1.മലമ്പുഴ- 106.65- 115.06
2.മംഗലം- 71.31- 77.88
3.പോത്തുണ്ടി- 96.51- 108.20
4.കാഞ്ഞിരപ്പുഴ- 94.67- 97.50
5.വാളയാർ- 196.89- 203
6.ചുള്ളിയാർ- 146.99- 154.08
7.ശിരുവാണി- 871.91- 878.50
8.മീങ്കര- 152.06- 156.36

 കുടിവെള്ളത്തിന് വെള്ളം ഉണ്ട്

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഡാമിൽ വെള്ളമുണ്ട്. അതിനാൽ ഈ വേനലിൽ കുടിവെള്ളത്തിന് കടുത്ത ക്ഷാമം അനുഭവപ്പെടില്ല എന്നതാണ് പ്രതീക്ഷ.

കാർത്തിക, എ.ഇ, മലമ്പുഴ ഡാം.

Advertisement
Advertisement