കാൻവാസിലും കാറോടിച്ച് അർജുൻ

Saturday 05 March 2022 12:19 AM IST

കൊച്ചി: കാറുകളോടുള്ള പ്രിയം കൊണ്ട് കാറുകളെ കാൻവാസിൽ തീർക്കുകയാണ് ഉദയംപേരൂർ സ്വദേശി അർജുൻ സി. മോഹൻ. എൻജിനീയറിംഗ് പഠനകാലത്താണ് കാറുകളോടുള്ള പ്രിയം മൂലം അർജുൻ ചിത്രരചനയിലേക്ക് എത്തിയത്. അർജുൻ ഏറ്റവും കൂടുതൽ വരച്ചിട്ടുള്ളത് പോർഷേ കാറുകളാണ്. എൻജിനീയറിംഗ് പഠനം ചിത്രരചനയ്ക്കും ഗുണകരമായി. കാറുകൾ വരയ്ക്കുമ്പോൾ അതിലൊരു എൻജിനീയറിംഗ് ടച്ച് കൊണ്ടുവരാൻ ശ്രമിക്കും. പാർട്സ് വരയ്ക്കുമ്പോഴും ഇക്കാര്യങ്ങൾ ഉപയോഗിക്കും. പഠനം തന്റെ ഇഷ്ടമേഖലയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞതായി അർജുൻ പറയുന്നു. ഓർഡറുകൾ സ്വീകരിച്ചും വരയ്ക്കാറുണ്ട്. ഇനി ഒരു എക്സിബിഷനുള്ള ഒരുക്കത്തിലാണ്. അതിനുള്ള ചിത്രങ്ങളാണ് ഇപ്പോൾ വരയ്ക്കുന്നത്. അഞ്ചടി വരെയുള്ള കാൻവാസിലാണ് വര. മുപ്പതോളം ചിത്രങ്ങൾ തയ്യാറായിക്കഴിഞ്ഞു.

സ്കൂൾ കാലത്ത് ബുക്കുകളുടെ പുറംചട്ടകളിൽ വെറുതെ രസത്തിന് വേണ്ടി തുടങ്ങിയതാണ് ചിത്രരചന. പിന്നീട് വണ്ടികളോടുള്ള ഇഷ്ടംമൂലം മെക്കാനിക്കൽ എൻജിനീയറിംഗിന് ചേർന്നു. പഠനശേഷം അടുത്തുള്ള ക്ഷേത്രത്തിൽ ഒരിക്കൽ ദർശനത്തിന് പോയതാണ് വീണ്ടും ചിത്രരചനയിലേക്ക് തിരിയാൻ വഴിവച്ചത്. ക്ഷേത്രത്തിലെ കൃഷ്ണന്റെയും രാധയുടേയും മ്യൂറൽ പെയിന്റിംഗ് ഒരു വശത്തു മാത്രമായിരുന്നു. മറുവശത്തേക്ക് ചിത്രം വരച്ചു നൽകാൻ തോന്നി. അക്രിലികും കാൻവാസും വാങ്ങി പരീക്ഷണാടിസ്ഥാനത്തിൽ വെറുതെ ഒരു കാർ വരച്ചു നോക്കി നിറങ്ങളുടെ കൂട്ട് മനസിലാക്കി. തുടർന്ന് ഒരു കൃഷ്ണനെ വരച്ച് അമ്പലത്തിലേക്ക് നൽകി. ആ ചിത്രം വര അർജുന്റെ വഴിമാറ്റി. ചെറുകരയിൽ മോഹനനാണ് അച്ഛൻ അമ്മ രമ.

 ചിത്രകാരനായി ജീവിക്കാനാണ് ആഗ്രഹം. എക്സിബിഷൻ നടത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

അർജുൻ സി. മോഹനൻ

Advertisement
Advertisement