അധികാരികൾക്ക് ഉദാസീനത: സ്വപ്നങ്ങൾ മരവിച്ച് കൊല്ലം പോർട്ട്

Saturday 05 March 2022 1:46 AM IST

കൊല്ലം: അധികാരികളുടെ തുടർച്ചയായ ഉദാസീനതയിൽ സ്വപ്നങ്ങളെല്ലാം മരവിച്ച് കൊല്ലം പോർട്ട്. വലിയ പ്രതീക്ഷയോടെ അടുത്തിടെ ആരംഭിച്ച കൊച്ചി- കൊല്ലം ചരക്ക് നീക്കം ഒറ്റ സർവീസിൽ ഒതുങ്ങി.

എമിഗ്രേഷൻ പോയിന്റ് ഇല്ലാത്തതിനാൽ മറ്റ് സർവീസുകൾക്കുള്ള നീക്കങ്ങളെല്ലാം തകരുകയാണ്. എമിഗ്രേഷൻ പോയിന്റ് സജ്ജമാക്കി ഐ.എസ്.പി.എസ് കോഡും (ഇന്റർനാഷണൽ സെക്യൂരിറ്റി ആൻഡ് പോർട്ട് ഫെസിലിറ്റി കോഡ്) നേടിയെടുത്ത് പോർട്ട് സജീവമാക്കാനുള്ള ആത്മാർത്ഥമായ ഇടപെടൽ ഉദ്യോഗസ്ഥരുടെയും സംസ്ഥാന സർക്കാരിന്റെയും ഭാഗത്ത് നിന്നുണ്ടാകുന്നില്ല.

സ്ഥിരം എമിഗ്രേഷൻ സൗകര്യമില്ലാത്തതിനാലാണ് ആന്താരാഷ്ട്ര ഷിപ്പിംഗ് ഏജൻസികൾ കൊല്ലത്തേക്ക് ചരക്ക് കൊണ്ടുവരാൻ തയ്യാറാകാത്തത്. ഐ.എസ്.പി.എസ് കോഡ് അടക്കമുള്ള സുരക്ഷാ സംവിധാനവും കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുങ്ങാത്തതിനാലാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയം എമിഗ്രേഷൻ പോയിന്റ് അനുവദിക്കാത്തത്.

കേന്ദ്ര ഷിപ്പിംഗ് ഡയറക്ടറേറ്റാണ് ഐ.എസ്.പി.എസ് കോഡ് അനുവദിക്കേണ്ടത്. അതിന് മുന്നോടിയായി ഇന്ത്യൻ രജിസ്ട്രാർ ഒഫ് ഷിപ്പിംഗ് കൊല്ലം പോർട്ടിലെത്തി പരിശോധന നടത്തി റിപ്പോർട്ട് നൽകി. കൊല്ലം പോർട്ടിന്റെ സെക്യൂരിറ്റി പ്ലാനും നൽകി. എന്നാൽ എമിഗ്രേഷൻ പോയിന്റ് ഓഫീസിനായുള്ള കെട്ടിടത്തിന്റെ നിർമ്മാണം ഇഴയുകയാണ്. നിർമ്മാണം വേഗത്തിലാക്കാനും ഐ.എസ്.പി.എസ് കോഡിനായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ സംസ്ഥാന സർക്കാരിൽ നിന്നും കാര്യമായ ഇടപെടലുണ്ടാകുന്നില്ല.

ചരക്ക് നീക്കം മുടങ്ങി

ഏറെ പ്രതീക്ഷയോടെ ആരംഭിച്ച കൊച്ചി- കൊല്ലം ചരക്ക് സർവീസ് മുടങ്ങിയിട്ടും പ്രശ്നം പരിഹരിച്ച് ചരക്ക് നീക്കം പുനരാരംഭിക്കാനുള്ള ഇടപെടലും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഇടയ്ക്കിടെ ട്രേഡ് മീറ്റുകൾ സംഘടിപ്പിക്കുന്നതല്ലാതെ സർവീസിന് സജ്ജമായി എത്തുന്ന ഷിപ്പിംഗ് ഏജൻസികൾക്ക് ചരക്ക് ഉറപ്പാക്കി നൽകാനുള്ള ഇടപെടലും ഉണ്ടായിട്ടില്ല.

അധികൃതർക്ക് കത്തുമായി പ്രേമചന്ദ്രൻ

'കൊല്ലം തുറമുഖത്ത് ഇമിഗ്രേഷൻ സൗകര്യവും പ്ലാന്റ് ക്വാറന്റൈൻ സൗകര്യവും ഒരുക്കാൻ സമയബന്ധിത നടപടി വേണമെന്ന് ആവശ്യപ്പെട്ട് എൻ.കെ പ്രേമചന്ദ്രൻ എം.പി കേന്ദ്ര ഷിപ്പിംഗ് വകുപ്പ് മന്ത്രി, ആഭ്യന്തര വകുപ്പ് മന്ത്രി, കേന്ദ്ര ഷിപ്പിംഗ് വകുപ്പ് സെക്രട്ടറി, കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി, കേരള തുറമുഖ വകുപ്പ് മന്ത്രി, തുറമുഖ വകുപ്പ് സെക്രട്ടറി എന്നിവർക്ക് കത്ത് നൽകി.

''''

എമിഗ്രേഷൻ ഓഫീസ് പ്രവർത്തിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. കേന്ദ്ര ഷിപ്പിംഗ് ആഭ്യന്തര മന്ത്രാലയങ്ങൾ നിബന്ധന പ്രകാരമുള്ള അടിസ്ഥാന സൗകര്യമൊരുക്കി അറിയിക്കണമെന്ന് പലപ്രാവശ്യം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാർ അതിന് തയ്യാറാകാത്തത് കൊണ്ടാണ് എമിഗ്രേഷൻ സൗകര്യം അനുവദിക്കാത്തതെന്ന് കേന്ദ്ര സർക്കാർ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഗുരുതരമായ കാലതാമസമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുള്ളത്. ''

എൻ.കെ. പ്രേമചന്ദ്രൻ എം.പി

Advertisement
Advertisement