കൊല്ലം - പുനലൂർ വൈദ്യുതി പാത: ഒരുമുഴം മുന്നേ പരീക്ഷണ ഓട്ടം

Saturday 05 March 2022 1:48 AM IST

കൊല്ലം: നവീകരണം പൂർത്തിയായിവരുന്ന കൊല്ലം - പുനലൂർ റെയിൽവേ ലൈനിൽ ഈ മാസം 15 നും 20 നും മദ്ധ്യേ വൈദ്യുതി എൻജിന്റെ പരീക്ഷണ ഓട്ടം നടത്താൻ ആലോചന.

സേഫ്ടി കമ്മിഷണറുടെ പരിശോധന 20ന് നടക്കാനുള്ള സാദ്ധ്യത പരിഗണിച്ചാണ് പരീക്ഷണ ഓട്ടം നേരത്തെയാക്കുന്നത്. 30ന് പരിശോധന നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. മരങ്ങൾ മുറിക്കേണ്ട ജോലികൾ തീരാനുള്ളതിനാൽ പരീക്ഷണ ഓട്ടം മാറ്റാനും സാദ്ധ്യതയുണ്ട്.

വൈദ്യുതീകരണ ജോലികൾ 31ന് മുമ്പ് പൂർത്തിയാക്കണമെന്ന് റെയിൽവേ കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി അവശേഷിക്കുന്ന ജോലികൾ വേഗത്തിൽ തീർക്കാനുളള ശ്രമം തുടരുകയാണ്. കൊട്ടാരക്കര, കുണ്ടറ സെക്ഷനിലെ വയറിംഗ് ജോലികൾ നടന്നുവരുന്നു. കുണ്ടറ, കിളികൊല്ലൂർ, പുനലൂർ യാർഡുകൾ, ചന്ദനത്തോപ്പ് ഫ്ളാറ്റ് ഫോം എന്നിയുടെ വയറിംഗ് ജോലികൾ പൂർത്തിയാകാനുണ്ട്. പാതയിൽ തടസമായി നിൽക്കുന്ന 4,038 മരങ്ങൾ മുറിച്ചു നീക്കുകയാണ് പ്രധാനം. വനം വകുപ്പിന്റെ അനുമതി ലഭിച്ചെങ്കിലും കരാർ നൽകി മാത്രമേ മരങ്ങൾ മുറിക്കാനാവൂ. പെരുനാട് സബ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാവും ട്രെയിനുകൾ ഓടിക്കുക. 25 കിലോവാട്ട് വൈദ്യുതി വേണ്ടി വരും.

അൺ റിസേർവിഡ് കോച്ചുകൾ കൂട്ടും

1. കൊല്ലം - ചെങ്കോട്ട പാതയിൽ സർവീസ് നടത്തുന്ന മൂന്ന് ട്രെയിനുകളിൽ 16 മുതൽ അൺ റിസേർവിഡ് കോച്ചുകൾ കൂട്ടും

2. ഇതോടെ കൊവിഡ് കാലത്തിന് മുമ്പുള്ള സ്ഥിതി മാറും

3. ക്വയിലോൺ മെയിലിൽ 2, പുനലൂർ - മധുര 8, പാലരുവി 8 എന്ന നിലയിലാണ് അൺ റിസേർവിഡ് കോച്ചുകളുടെ എണ്ണംകൂട്ടുന്നത്

4. ഇതോടെ സീസൺ ടിക്കറ്റുകാരുടെ പ്രശ്നങ്ങൾ പരിഹാരമാകും

5. കൊവിഡ് കാലത്ത് നിറുത്തിയ കൊല്ലം- പുനലൂർ പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിച്ച് വൈദ്യുതി പാതയിൽ ഓടിക്കാം

""

നവീകരണം വളരെ വേഗം പുരോഗമിക്കുന്നു. പരീക്ഷണ ഓട്ടവും സേഫ്ടി കമ്മിഷണറുടെ പരിശോധനയും വിജയകരമായാൽ ട്രെയിനുകൾ ഓടിത്തുടങ്ങുന്ന തീയതി നിശ്ചയിക്കും. തിരുവനന്തപുരം - പുനലൂർ ഇന്റർസിറ്റി, പുനലൂർ- മധുര, പുനലൂർ- ഗുരുവായൂർ ട്രെയിനുകളാവും ഓടുക.

റെയിൽവേ അധികൃതർ

Advertisement
Advertisement