ഇളവിലുണർന്ന് ടൂറിസം മേഖല

Saturday 05 March 2022 1:57 AM IST

കൊല്ലം: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്ന പ്രതീക്ഷയിലാണ് ജില്ലയിലെ ടൂറിസം മേഖല. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ മൺറോത്തുരുത്ത്, സാമ്പ്രാണിക്കോടി, മറീനാ ജെട്ടി, തെന്മല എന്നിവിടങ്ങളിൽ സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.

സിനിമാ തിയേറ്ററുകൾ, ഹോട്ടലുകൾ, ബാറുകൾ എന്നിവിടങ്ങളിലും തിരക്ക് അനുഭവപ്പെട്ടുതുടങ്ങി. ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിനങ്ങളിലുമാണ് സഞ്ചാരികൾ കൂടുതലായെത്തുന്നത്. മാർച്ച് മാസം പരീക്ഷാ കാലമായതിനാൽ സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടാകുമെങ്കിലും കൂടുതൽ കുടുംബ സഞ്ചാരികൾ എത്തുമെന്നാണ് മേഖലയിലെ പ്രതീക്ഷ.

സഞ്ചാരികൾ കൂടുതലായെത്തുന്നു

1. മൺറോത്തുരുത്തിൽ പ്രതിദിനം എത്തുന്നത് ശരാശരി 500 സഞ്ചാരികൾ

2. ശനി, ഞായർ, പൊതു അവധി ദിനങ്ങളിൽ തിരക്ക് വർദ്ധിക്കും

3. സാധാരണ ദിവസങ്ങളിൽ കുറഞ്ഞത് 50 പേർ സ്റ്റേ ചെയ്യുന്നുണ്ട്

4. സാമ്പ്രാണിക്കോടിയിലെ കണ്ടൽകാട്ടിലൂടെയുള്ള യാത്രയ്ക്ക് പ്രിയമേറി

5. മറീന ബീച്ചിലെ 20 ഓളം ഹൗസ് ബോട്ടുകൾക്കും ഓട്ടം കിട്ടിത്തുടങ്ങി

തളർച്ചയുടെ രണ്ടുവർഷം

2020ലെ കൊവിഡ് ഒന്നാം തരംഗത്തിൽ എട്ട് മാസമാണ് മേഖല നിശ്ചലമായത്. ലോക്ക് ഡൗൺ ഇളവ് വന്നെങ്കിലും രണ്ടാം തരംഗത്തിൽ വീണ്ടും താഴുവീണു. ഓണനാളുകളിൽ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചു. ഇതിനിടെ പ്രളയവും കൊവിഡ് മൂന്നാം തരംഗവും മേഖലയ്ക്ക് തിരിച്ചടിയായി.

""

ഇളവുകൾ ടൂറിസം മേഖലയ്ക്ക് ഗുണകരമാകും. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ആഭ്യന്തര ടൂറിസ്റ്റുകൾ വൻതോതിൽ എത്തുമെന്നാണ് പ്രതീക്ഷ.

സേതു, മൺറോ ഐലന്റ് ലേക്ക് റിസോർട്ട്

Advertisement
Advertisement