വാഹന ഇൻഷ്വറൻസ്: ഏപ്രിൽ മുതൽ കൂടും തേർഡ് പാർട്ടി പ്രീമിയം

Sunday 06 March 2022 3:45 AM IST

ന്യൂഡൽഹി: പെട്രോൾ, ഡീസൽ വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷ്വറൻസ് പ്രീമിയം പുതിയ സാമ്പത്തിക വർഷം (2022-23) ആരംഭിക്കുന്ന ഏപ്രിൽ ഒന്നുമുതൽ ഉയരും. ഇലക്‌ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്ക് ഡിസ്കൗണ്ടും ശുപാർശ ചെയ്യുന്ന കരട് വിജ്ഞാപനം കേന്ദ്ര ഗതാഗതമന്ത്രാലയത്തിന് വേണ്ടി ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആർ.ഡി.എ.ഐ) പുറത്തിറക്കി.

കൊവിഡിൽ രണ്ടുവർഷത്തെ മോറട്ടോറിയം കാലത്തിന് ശേഷമാണ് പ്രീമീയം കൂടുന്നത്. പുതിയ നിരക്കനുസരിച്ച് 1,000 സി.സി കാറുകളുടെ പ്രീമിയം 2019-20ലെ 2,072 രൂപയിൽ നിന്ന് 2,094 രൂപയാകും. 1,500 സി.സി കാറുകൾക്ക് പുതുക്കിയനിരക്ക് 3,416 രൂപയും 1,500 സി.സിക്ക് മുകളിലുള്ളവയ്ക്ക് 7,897 രൂപയുമാണ്. 16,049 രൂപമുതൽ 44,242 രൂപവരെയാണ് വാണിജ്യ വാഹനങ്ങൾക്ക് പുതുക്കിയനിരക്ക്. 150 മുതൽ 350 സി.സി വരെയുള്ള ടൂവീലറുകൾക്ക് പുതുക്കിയ നിരക്ക് 1,336 രൂപ. 350 സി.സിക്ക് മുകളിൽ 2,804 രൂപ.

കഴിഞ്ഞ രണ്ടുവർഷമായി നിരക്കുകളിൽ വർദ്ധന ഉണ്ടായിട്ടില്ലാത്തതിനാൽ നിലവിലെ നിരക്കുവർദ്ധന ഉപഭോക്താക്കൾക്ക് തിരിച്ചടിയാവില്ലെന്നാണ് ഗതാഗത മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

ഇലക്‌ട്രിക് വാഹനങ്ങൾക്ക് നേട്ടം

ഇലക്‌ട്രിക് വാഹനങ്ങൾക്ക് 15 ശതമാനവും ഹൈബ്രിഡ് വാഹനങ്ങൾക്ക് 7.5 ശതമാനവും ഡിസ്കൗണ്ട് ലഭിക്കും. ഇലക്‌ട്രിക് വാഹനങ്ങൾക്ക് കപ്പാസിറ്റി അനുസരിച്ച് 1,780 രൂപ മുതൽ 6,712 രൂപവരെയായിരിക്കും നിരക്ക്. സ്കൂൾ ബസുകളുടെ പ്രീമിയത്തിലും കുറവുണ്ടാകും.

Advertisement
Advertisement