തൃത്താല മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കും: സ്പീക്കർ എം.ബി.രാജേഷ്

Sunday 06 March 2022 12:12 AM IST

കൂറ്റനാട്: തൃത്താല മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കി മാറ്റുമെന്ന് സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. സർക്കാർ ഫണ്ടും എം.എൽ.എ ഫണ്ടും മറ്റ് ഫണ്ടുകളും ഇതിനായി വിനിയോഗിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കും. പഞ്ചായത്ത് മിനിസിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ ചാലിശ്ശേരി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ സേവനങ്ങൾ ജനങ്ങളുടെ അവകാശമാണെന്നും ഔദാര്യമെന്ന നിലയിൽ നേടിയെടുക്കേണ്ടതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വില്ലേജ് ഓഫീസുകളെ സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുന്ന സംസ്ഥാന സർക്കാരിന്റെ സ്മാർട്ട് ഓഫീസ് പദ്ധതി പ്രകാരമാണ് ചാലിശ്ശേരി മിനിസിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ 44 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.കുഞ്ഞുണ്ണി, ജില്ലാ പഞ്ചായത്തംഗം അനു വിനോദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ ഖാദർ, പഞ്ചായത്തംഗങ്ങളായ പി.വി.രജീഷ് കുമാർ, ഹുസൈൻ പുളിയഞ്ഞാലിൽ, നിഷ അജിത്ത് കുമാർ, ആനിവിനു, ബ്ലോക്ക് പഞ്ചായത്തംഗം ധന്യ സുരേന്ദ്രൻ, കെ.കെ.ബാലൻ, പി.ഐ.യൂസഫ്, പി.എ.നൗഷാദ്, കെ.കെ.ശിവശങ്കരൻ, പട്ടാമ്പി തഹസിൽദാർ ടി.പി.കിഷോർ സംസാരിച്ചു.
നിലവിലുള്ള ചാലിശ്ശേരി വില്ലേജ് ഓഫീസ് കെട്ടിടം നിൽക്കുന്നത് പാലക്കാട്, തൃശൂർ ജില്ലാ അതിർത്തിയായ തണത്തറ പാലത്തിനു സമീപത്താണ്. വില്ലേജ് ഓഫീസ് ആവശ്യങ്ങൾക്കായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്. ചാലിശ്ശേരി പഞ്ചായത്തിലെ ജനങ്ങളുടെ ഏറെകാലത്തെ ആവശ്യമായ വില്ലേജ് ഓഫീസ് മിനിസിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് മാറ്റി പുതിയ കെട്ടിടം സ്ഥാപിക്കുന്നത് വഴി ജനങ്ങളുടെ വലിയ പ്രശ്നങ്ങൾക്കാണ് അറുതിവരുന്നത്.

Advertisement
Advertisement