കാലാവസ്ഥ കൃത്യമായി പറയാൻ 85 പുതിയ നിരീക്ഷണ കേന്ദ്രങ്ങൾ

Sunday 06 March 2022 12:22 AM IST

കൊച്ചി: രണ്ടുവട്ടം പ്രളയക്കെടുതിയിൽ നട്ടം തിരഞ്ഞ കേരളത്തിന് ആശ്വാസമായി സംസ്ഥാനത്തൊട്ടാകെ 85 കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. മൂന്നു മാസത്തിനുള്ളിൽ ഇവ പ്രവർത്തന സജ്ജമാവുന്നതോടെ എല്ലാ ജില്ലയിലും ശരാശരി അഞ്ച് കേന്ദ്രങ്ങളാവും. ഇത് കാലാവസ്ഥ കൃത്യമായി രേഖപ്പെടുത്താൻ ഉപകരിക്കുമെന്നാണ് വിലയിരുത്തൽ. മുല്ലപ്പെരിയാർ, ഇടുക്കി ഡാമുകൾ നിൽക്കുന്ന ഇടുക്കി ജില്ലയിൽ നിലവിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമില്ല. പത്തനംതിട്ട, കാസ‌ർകോട്, വയനാട് ജില്ലകളിലും ഇല്ല. നിലവിൽ ലക്ഷദ്വീപിലേത് അടക്കം പതിനാല് കേന്ദ്രങ്ങൾ കേരള മേഖലയിലുണ്ട്. ഇതിനു പുറമേയാണ് ഇവ.

സംസ്ഥാനം ഏറ്റെടുത്തു നൽകിയ സ്ഥലങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗമാണ് 5 ലക്ഷം രൂപ വിലമതിക്കുന്ന അത്യാധുനിക ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്

5 മിനിറ്റ് ഇടവിട്ട് ഡേറ്റ പൂനെയിലേക്ക്

 10 ചതുരശ്ര മീറ്റർ സ്ഥലത്ത് ടവറിൽ സ്ഥാപിക്കുന്ന ഓട്ടോമെറ്റിക് വെതർ സ്റ്റേഷൻ അഞ്ചു മിനിറ്റ് ഇടവിട്ട് ഡേറ്റകൾ പൂനെയിലെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് സ്വയം കൈമാറും.

 താപനില, മഴ, അന്തരീക്ഷത്തിലെ ഈർപ്പം തുടങ്ങിയവയാണ് ടവറിലെ ഉപകരണങ്ങൾ രേഖപ്പെടുത്തുന്നത്.

 ഇവ ക്രോഡീകരിച്ച്, ഉപഗ്രഹങ്ങളിൽ നിന്നുള്ള നിരീക്ഷണ വിവരങ്ങൾ കൂടി ചേർത്ത് വിലയിരുത്തി സംസ്ഥാന സർക്കാരിനും മറ്റ് കേന്ദ്രസ്ഥാപനങ്ങൾക്കും ഓരോ ദിവസവും റിപ്പോർട്ട് നൽകും.

 പൊതുജനങ്ങൾക്ക് ഇന്ത്യൻ മീറ്രിരിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് വെബ് സൈറ്റിൽ നിന്ന് രാജ്യത്തെമ്പാടുമുള്ള കാലാവസ്ഥാ വിവരങ്ങളറിയാം.

Advertisement
Advertisement