ഹയർ സെക്കൻഡറിയെ തകർക്കരുത്: എ.എച്ച്.എസ്.ടി.എ

Sunday 06 March 2022 12:00 AM IST

കണ്ണൂർ: പൊതു വിദ്യാഭ്യാസ മേഖലയിൽ വർഗീയ അജണ്ടയുമായി കടന്നുകയറാൻ ശ്രമിക്കുന്ന മോദി സർക്കാരിന്റെ ഫാസിസ്റ്റ് സമീപനത്തെ ചെറുക്കാൻ അദ്ധ്യാപകരും പൊതുസമൂഹവും മുന്നോട്ട് വരണമെന്ന് എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എ.എച്ച്.എസ്.ടി.എ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. മതേതരത്വവും , ബഹുസ്വരതയും കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ പുതുതലമുറയെ വാർത്തെടുക്കാൻ ഉതകുന്നതായിരിക്കണം വിദ്യാഭ്യാസ പരിഷ്‌കാരങ്ങളെന്നും രാഷ്ട്രീയ പ്രമേയത്തിലൂടെ അസോസിയേഷൻ ആവശ്യപ്പെട്ടു. ജവഹർ ഓഡിറ്റോറിയത്തിൽ നടന്ന പ്രതിനിധി സമ്മേളനം കണ്ണൂർ മേയർ അഡ്വ. ടി.ഒ മോഹനനും സാംസ്കാരിക സമ്മേളനവും വിദ്യാഭ്യാസ സമ്മേളനവും ടി. പത്മനാഭനും ഉദ്ഘാടനം ചെയ്തു. അക്കാഡമിക് കൗൺസിൽ ചെയർമാൻ പി.വി ജേക്കബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, ഷാജു പുതൂർ തുടങ്ങിയവർ പങ്കെടുത്തു. എ.എച്ച്.എസ്.ടി.എയുടെ പുതിയ ഭാരവാഹികളായി ആർ. അരുൺകുമാർ (പ്രസിഡന്റ്), എസ്. മനോജ് (ജനറൽ സെക്രട്ടറി), കെ.എ. വർഗീസ് (ട്രഷറർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement