കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലെ വിവരങ്ങൾ ഇനി യൂട്യൂബിൽ അറിയാം

Sunday 06 March 2022 1:15 AM IST

മലപ്പുറം: പുതിയ കാലത്തിനൊപ്പം സർക്കാറിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് Face 'n' View Kondotty Block Panchayath എന്ന പേരിൽ യൂട്യൂബ് ചാനൽ തുടങ്ങുന്നു. മാർച്ച് ഏഴിന് രാവിലെ 10.30ന് യൂട്യൂബ് ചാനൽ ജനങ്ങളിലേക്കെത്തുമെന്നും സർക്കാർ അനുമതിയോടെ സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് യൂട്യൂബ് ചാനൽ തുടങ്ങുന്നതെന്നും ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന വിവിധ വികസനക്ഷേമ പദ്ധതികൾ, കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ വികസന പദ്ധതികൾ, ആരോഗ്യപരിപാലനം, പരിസ്ഥിതി സംരക്ഷണം, മാലിന്യസംസ്‌കരണം, ദുരന്തനിവാരണ മാർഗങ്ങൾ എന്നിവ സംബന്ധിച്ച അറിയിപ്പുകൾ എന്നിവയും സമയാസമയങ്ങളിൽ യൂട്യൂബ് ചാനലിൽ ലഭ്യമാകും. സർക്കാർ പൊതുമേഖലകളിലെ തൊഴിലവസരങ്ങൾ സംബന്ധിച്ച് വിശദമായ അറിയിപ്പുകളും ചാനലിൽ ലഭ്യമാകും.

വാർത്താസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി,​ സ്ഥിരം സമിതി അദ്ധ്യക്ഷരായ മുഹ്സിന ഷെഹീൻ, കെ.ടി.റസീന, സെക്രട്ടറി എൻ. സുരേന്ദ്രൻ പങ്കെടുത്തു

സ്‌ക്രീനിംഗിന് വിധേയമാക്കും

യൂട്യൂബ് ചാനലിന്റെ പ്രവർത്തനം ബ്ലോക്ക് പഞ്ചായത്തിലെ ജനപ്രതിനിധികളുടെ കൂട്ടായ്മയാണ് നിയന്ത്രിക്കുക. വാർത്തകൾ ജനങ്ങളിലെത്തിക്കുന്നതിന് മുമ്പ് സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ സ്‌ക്രീനിംഗിന് വിധേയമാക്കും. ഓരോ 24 മണിക്കൂറിലും ചാനൽ അപ്‌ഡേറ്റ് ചെയ്യും.

Advertisement
Advertisement