സാദിഖലി ശിഹാബ് തങ്ങൾ ലീഗ് സംസ്ഥാന പ്രസിഡന്റ്

Tuesday 08 March 2022 12:16 AM IST

മലപ്പുറം: സംസ്ഥാന മുസ്ലിം ലീഗിനെ ഇനി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നയിക്കും. ഇന്നല രാവിലെ പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിൽ ചേർന്ന ഉന്നതാധികാര സമിതി യോഗമാണ് സംസ്ഥാന അദ്ധ്യക്ഷനായി സാദിഖലിയെ പ്രഖ്യാപിച്ചത്. അദ്ധ്യക്ഷ പദവി വഹിച്ചിരുന്ന ഹൈദരലി തങ്ങളുടെ വിയോഗത്തെ തുടർന്നാണ് നിയമനം. ഹൈദരലിയുടെ അനുജനാണ് സാദിഖലി.

റഷീദലി ശിഹാബ് തങ്ങൾ സാദിഖലിയുടെ പേര് നിർദ്ദേശിക്കുകയും മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദർ മൊയ്തീൻ പ്രഖ്യാപിക്കുകയുമായിരുന്നു. യോഗം ഏകകണ്ഠമായി പിന്തുണച്ചു.

ഇതോടെ ഒഴിവു വന്ന മലപ്പുറം ജില്ലാ കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആളെ തിരഞ്ഞെടുത്തിട്ടില്ല. പ്രഖ്യാപനം പിന്നീടുണ്ടാവും. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയ ഉപദേശക സമിതിയംഗവുമായിരിക്കും സാദിഖലി ശിഹാബ് തങ്ങൾ.

2009ൽ മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെത്തുടർന്ന് ഹൈദരലി തങ്ങൾ ലീഗ് സംസ്ഥാന അദ്ധ്യക്ഷ പദവിയിലെത്തിയപ്പോൾ സാദിഖലിയെ മലപ്പുറം ജില്ലാ പ്രസിഡന്റാക്കി. 2000 മുതൽ 2007വരെ യൂത്ത് ലീഗിന്റെയും 15 വർഷത്തോളം സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്റെയും സംസ്ഥാന അദ്ധ്യക്ഷനായിരുന്നു. നിലവിൽ സമസ്ത യുവജന വിഭാഗമായ എസ്.വൈ.എസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് നിർവാഹക സമിതിയംഗവുമാണ്.

പാർട്ടിയിൽ ശൂന്യത വരാതിരിക്കാൻ വേണ്ടിയാണ് അടിയന്തരമായി തീരുമാനമുണ്ടായത്. പിൻഗാമികളുടെ പാതയിൽ തന്നെയായിരിക്കും മുന്നോട്ടുള്ള പ്രവർത്തനം. പുതിയ തലമുറയെ കൂട്ടിയിണക്കിയുള്ള പ്രവർത്തനങ്ങൾക്കും ലീഗ് മുൻകൈയെടുക്കും

- സാദിഖലി തങ്ങൾ

Advertisement
Advertisement