ബുള്ളറ്റ് തകരാറോ; വരൂ സുനിതയുണ്ട്

Tuesday 08 March 2022 4:55 AM IST

പത്തനംതിട്ട: ഭർത്താവ് കുഞ്ഞുമോൻ ഒറ്റയ്ക്ക് നടത്തുന്ന ടൂവീലർ വർക്ക് ഷോപ്പിലേക്ക് ഉച്ചയ്ക്ക് ചോറും കൊണ്ട് പോയ സുനിത ഇപ്പോൾ ഒന്നാന്തരം ബുള്ളറ്റ് മെക്കാനിക്ക്. കുഞ്ഞുമോൻ ഒറ്റയ്ക്കായിരുന്നപ്പോൾ പണിചെയ്തു കിട്ടാൻ വൈകുന്നെന്ന പരാതിയും മാറി, വണ്ടിയെത്ര വന്നാലും സഹായിക്കാൻ ആളുമായി.

പത്തനംതിട്ട - കൈപ്പട്ടൂർ റോഡിൽ കുളം ജംഗ്ഷനിലാണ് കുഞ്ഞുമോന്റെ സേതാ വർക്ക് ഷോപ്പ്. അഞ്ച് കിലോമീറ്റർ അകലെ ചുരളിക്കോട് മേമുറിയിൽ ഇഞ്ചിക്കാല വീട്ടിൽ നിന്ന് പത്തു കൊല്ലം മുമ്പ് ഭർത്താവിന് ഉച്ചയൂണുമായി പോയിത്തുടങ്ങിയതാണ് സുനിത (42). ജോലി കൂടുന്ന ദിവസങ്ങളിൽ കുഞ്ഞുമോന് സ്പാനറുകളും നട്ടുകളും എടുത്തുകൊടുക്കാൻ സുനിതയും ഒപ്പം കൂടി. ബുള്ളറ്റിന്റെ പണികൾ പഠിക്കണമെന്ന് പറഞ്ഞപ്പോൾ കുഞ്ഞുമോൻ എതിർത്തില്ല. ആദ്യം ഓയിൽ മാറാനും ചെയിൻ ടൈറ്റാക്കാനുമൊക്കെ പഠിപ്പിച്ചു. പിന്നീട് എൻജിൻ പണികളും പഠിക്കണമെന്നായി.

ഇപ്പോൾ രാവിലെ കുഞ്ഞുമോനൊപ്പം സുനിതയും രാവിലെ വർക്ക്ഷോപ്പിലെത്തും. സ്പെയർ പാർട്ടുകൾ വാങ്ങാനോ വഴിയിലായ ബുള്ളറ്റിന്റെ പണിക്കോ കുഞ്ഞുമോൻ പോയാൽ സുനിത ഒറ്റയ്ക്കാണ് വർക്ക്ഷോപ്പിലെത്തുന്ന വണ്ടികളുടെ തകരാർ തീർക്കുന്നത്. പുതിയ മോഡൽ ബുള്ളറ്റുകളുടെ അറ്റകുറ്റപ്പണികൾ വരെ ചെയ്യും. ഇൗ രംഗത്ത് പത്ത് വർഷത്തെ പരിചയമായി.

അമ്മ ബുള്ളറ്റ് മെക്കാനിക്ക് ആണെന്ന് കൂട്ടുകാരോട് പറയാൻ അഭിമനമേയുള്ളൂ ഇവരുടെ രണ്ട് പെൺമക്കൾക്കും. പ്ളസ് ടു വിദ്യാർത്ഥിനി സേതുലക്ഷ്മിയും അഞ്ചാം ക്ളാസുകാരി സേതാലക്ഷ്മിയും.

ഇരുപത് വർഷമായി ബുള്ളറ്റിന്റെ അറ്റകുറ്റപ്പണികൾ നടത്തിവരികയാണ് കുഞ്ഞുമോൻ. 15 വർഷം മുമ്പായിരുന്നു വിവാഹം.

"അധ്വാനിക്കാനുള്ള മനസുണ്ടെങ്കിൽ ഏതു ജോലിയും ചെയ്യാൻ സ്ത്രീകൾക്കും കഴിയും. നമുക്ക് നമ്മിൽ തന്നെ ആത്മവിശ്വാസമുണ്ടാകണം. ചെറിയ ജോലിയാണെങ്കിലും അഭിമാനത്തോടെ ഏറ്റെടുക്കണം

- സുനിത

Advertisement
Advertisement