പരീക്ഷ പടിവാതിലിൽ.. ആകെ മൊത്തം ആശങ്ക...!

Tuesday 08 March 2022 3:09 AM IST

കൊച്ചി: ഒന്നുമുതൽ ഹയർ സെക്കൻഡറി വരെ ക്ലാസുകൾക്ക് പരീക്ഷാത്തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ആശങ്കയോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിലാണ് ആശങ്കയേറെ. പാഠഭാഗങ്ങൾ ശരവേഗത്തിൽ പഠിപ്പിച്ച് തീർത്തതും ഫോക്കസ് ഏരിയ സംബന്ധിച്ച വ്യക്തതക്കുറവുമാണ് വിദ്യാർത്ഥികളെ കുഴക്കുന്നത്.

പാഠങ്ങൾ ഓടിച്ച് തീർത്തെങ്കിലും റിവിഷൻ പൂർത്തിയാക്കിയിട്ടില്ലെന്നതും ഫോക്കസ് ഏരിയ മാനദണ്ഡങ്ങളിലെ പരിഷ്‌കാരവുമാണ് അദ്ധ്യാപകരുടെ തലവേദന.

മൊത്തം ഔട്ട് ഒഫ് ഫോക്കസ്
ഫോക്കസ് ഏരിയ സംബന്ധിച്ച് ഏറെ വൈകിവന്ന നിർദേശങ്ങളാണ് ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നത്. ഒരുവിഷയത്തിന് 10 പാഠഭാഗങ്ങൾ ഉണ്ടെങ്കിൽ 6 എണ്ണമാകും ഫോക്കസ് ഏരിയ. ആകെ മാർക്കിന്റെ 70 ശതമാനം ചോദ്യവും ഇതിൽ നിന്നായിരിക്കും. പക്ഷേ എ പ്ലസ് ലഭിക്കില്ല. വിദ്യാർത്ഥിക്ക് ജയിക്കാം എന്നേ ഉള്ളൂ. ഉന്നത വിജയത്തിന് മുഴുവൻ പാഠഭാഗങ്ങളും പഠിക്കണമെന്ന് അദ്ധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.

മുൻ വർഷങ്ങളിൽ പൊതുപരീക്ഷയ്ക്കു മുന്നേ ചില പാഠഭാഗങ്ങൾ ഒഴിവാക്കുമായിരുന്നു. ഇത്തവണ അതുമുണ്ടായില്ല. കൂടുതൽ പാഠങ്ങളുള്ള സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളാണ് ഈ തലവേദനയിൽപ്പെടുക.

പത്തിന് പ്രീമോഡൽ
എസ്.എസ്.എൽ.സിക്ക് ഇത്തവണ മോഡൽ പരീക്ഷയ്ക്ക് മുമ്പ് പ്രീമോഡൽ പരീക്ഷയുണ്ട്. എസ്.എസ്.എൽ.സി പരീക്ഷയുടെ അതേ മാതൃകയിൽ രഹസ്യ സ്വഭാവമുള്ള ചോദ്യപേപ്പർ ഉൾപ്പെടെയാണിത്.

അദ്ധ്യാപകർക്ക് എട്ടിന്റെ പണി
എസ്.എസ്.എൽ.സി പരീക്ഷാ ഡ്യൂട്ടിയുള്ള അദ്ധ്യാപകർക്ക് ഈ മാസം 31ന് മറ്റൊരു പണികൂടി കിട്ടി. രാവിലെ എസ്.എസ്.എൽ.സി പരീക്ഷയും ഉച്ചയ്ക്ക് സ്വന്തം സ്‌കൂളിലെ എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷയുമുണ്ട്. ദൂരെ സ്ഥലങ്ങളിൽ പരീക്ഷാ ഡ്യൂട്ടി കിട്ടുന്നവരും ചീഫ് ആയി ഡ്യൂട്ടി കിട്ടുന്നവരും വലയും.

പാഠഭാഗങ്ങളുടെ റിവിഷൻ പുരോഗമിക്കുകയാണ്. വിദ്യാർത്ഥികൾക്ക് ആശങ്കയുണ്ട്.
ലിസാമ്മ.കെ.എ,
ഹെഡ്മിസ്ട്രസ് ഇൻ-ചാർജ്,
ഗവ. ജി.എച്ച്.എസ്.എസ്,
എറണാകുളം

ഫോക്കസ് ഏരിയ സംബന്ധിച്ച പ്രഖ്യാപനം വരുന്നതിനു മുന്നേ പാഠഭാഗങ്ങൾ മുഴുവൻ പഠിപ്പിച്ചു. റിവിഷൻ തീരാനുണ്ട്.
നളിനകുമാരി. വി
പ്രിൻസിപ്പൽ,
ഗവ. ജി.എച്ച്.എസ്.എസ്,
എറണാകുളം

കുട്ടികൾക്ക് ഏറെ സമ്മർദ്ദമുണ്ടായിരുന്നു. രണ്ടുമാസം പോലും കൃത്യമായി ക്ലാസ് കിട്ടിയില്ല. കുട്ടികളെപ്പോലെ തന്നെ ഞങ്ങളും ആശങ്കയിലാണ്
മീനാക്ഷി,
രക്ഷിതാവ്

പഠിക്കാനേറെയുണ്ട്. സമയം വളരെ കുറവുമാണ്. പേടിയുണ്ട്.
പ്രിയങ്ക,
വിദ്യാർത്ഥി

പരീക്ഷ തീയതി
(ക്ലാസ്, തീയതി)

8,9- മാർച്ച് 23- ഏപ്രിൽ രണ്ട്
എസ്.എസ്.എൽ.സി- മാർച്ച് 31- ഏപ്രിൽ 29

പ്ലസ് ടു മോഡൽ- മാർച്ച് 16-21
പ്ലസ് ടു പൊതു പരീക്ഷ- മാർച്ച് 30- ഏപ്രിൽ 22

Advertisement
Advertisement