ടാറ്റു: തിരുമ്മുകാരെയും നോട്ടമിട്ട് പൊലീസ്

Tuesday 08 March 2022 2:17 AM IST

കൊച്ചി: ടാറ്റൂ സ്റ്റുഡി​യോയി​ലെ പീഡന പരമ്പരകൾ വെളി​ച്ചത്തുവന്നതി​ന് പിന്നാലെ കൊവിഡിന്റെ മറപറ്റി ജില്ലയിൽ കൂണുപോലെ പൊട്ടിമുളച്ച തിരുമ്മുകേന്ദ്രങ്ങളും പൊലീസിന്റെ നി​രീക്ഷണത്തി​ലായി​.

കൊച്ചിയിൽ മാത്രം ഇത്തരം 100ലധികം കേന്ദ്രങ്ങളുണ്ടെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. തിരുമ്മലിന്റെ മറവിൽ അനാശാസ്യമാണ് പ്രധാനപ്രവർത്തനം.

സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ നേരത്തേ തന്നെ ഇക്കാര്യം വ്യക്തമായി​രുന്നു. നല്ല നിലയിൽ നടക്കുന്ന ആയുർവേദ തിരുമ്മു കേന്ദ്രങ്ങൾക്കും ആധുനിക സ്പാകൾക്കും പേരുദോഷമുണ്ടാക്കുകയാണ് ഇത്തരക്കാർ.

ആകർഷകമായ പേരുകളും പരസ്യബോർഡുകളും വച്ചാണ് ഇവർ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ബ്യൂട്ടി പാ‌ർലറിന്റെ ലൈസൻസ് ദുരുപയോഗപ്പെടുത്തിയുള്ള സ്പാകളിൽ തിരുമ്മൽ ജോലിക്കായി ഉത്തരേന്ത്യയിൽ നിന്ന് യുവതികൾ എത്തുന്നുണ്ട്. മണിക്കൂറിന് 1,500 രൂപ മുതലാണ് റേറ്റ്. ആഡംബരം കൂടുന്നതനുസരിച്ച് നിരക്കും കൂടും.

സ്ത്രീകൾ മാത്രം

സ്ഥാപനത്തിന്റെ നടത്തിപ്പിന് പിന്നിൽ പുരുഷന്മാരാണെങ്കിലും ഇടപാടുകളെല്ലാം നിയന്ത്രിക്കുന്നത് സ്ത്രീകളാണ്. സംഘത്തിൽ മലയാളികളും ഉത്തരേന്ത്യക്കാരുമുണ്ട്. ഫോണിൽ മലയാളികളാണ് സ്പായെക്കുറിച്ചും ഫീസുകളെക്കുറിച്ചും വിവരിക്കുക.

മേമ്പൊടിക്ക് ആയുർവേദം

കൊച്ചി നഗരത്തിലെ ഒരു ആയുർവേദ സ്പായെക്കുറിച്ചുള്ള അന്വേഷണത്തിൽ പൊലീസിന് ലഭിച്ചത് രസകരമായ വിവരങ്ങളാണ്. ഡോക്ടർക്ക് ആയുർവേദമെന്തെന്ന് പോലും അറിയില്ല. വ്യാജതിരുമ്മൽ കേന്ദ്രങ്ങളിലെല്ലാം ഇതാണ് സ്ഥിതി.

ടാറ്റൂ സ്റ്റുഡി​യോ പീഡനക്കേസിനുശേഷം നഗരത്തി​ലെ ടാറ്റു കേന്ദ്രങ്ങളി​ൽ പൊലീസ് പരിശോധന നടത്തി​യി​രുന്നു. രേഖകൾ സൂക്ഷി​ക്കാനും സി​.സി​.ടി​.വി​കൾ സ്ഥാപി​ക്കാനും നി​ർദേശി​ച്ചി​ട്ടുണ്ട്.

''അനധികൃത സ്പാകളെക്കുറിച്ച് വിശദമായ റിപ്പോ‌ർട്ട് ലഭിച്ചശേഷം ക‌ർശന നടപടിയുണ്ടാകും""

വി.യു. കുര്യാക്കോസ്,​

ഡെപ്യൂട്ടി കമ്മിഷണ‌ർ,​

കൊച്ചി സിറ്റി പൊലീസ്

Advertisement
Advertisement