സരസകവി മൂലൂരിന് ജന്മനാട്ടിൽ സ്മാരകം വേണം: ചെങ്ങന്നൂർ യൂണിയൻ

Monday 07 March 2022 11:20 PM IST

ചെങ്ങന്നൂർ: സാഹിത്യത്തിൽ കുടികൊണ്ടിരുന്ന ജാതിവ്യത്യാസത്തിനെതിരെ തൂലിക പടവാളാക്കിയ സരസകവി മൂലൂരിന് ജന്മനാടായ ചെങ്ങന്നൂരിൽ ഉചിതമായ സ്മാരകം ഉണ്ടാക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു. 1869ന് ചെങ്ങന്നൂർ പുത്തൻകാവിനു സമീപം മൂലൂർ ഭവനത്തിൽ ശങ്കരൻ വൈദ്യരുടെ മകനായ മൂലൂർ എസ്. പത്മനാഭപണിക്കർ കവി, സാംസ്‌കാരിക പരിഷ്‌കർത്താവ്, പ്രജാസഭാ അംഗം തുടങ്ങി വിവിധ തലങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച്ചവച്ചിട്ടുണ്ട്. സരസകവിയുടെ നാമധേയത്തിൽ മികച്ച കവിതാസമാഹാരത്തിന് അവാർഡ് ഏർപ്പെടുത്തുമെന്ന് സംസ്ഥാന സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ അറിയിച്ചിട്ടുണ്ടെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു. ഗവേഷണ സൗകര്യങ്ങളോടു കൂടിയ ലൈബ്രറിയും ചരിത്രമ്യൂസിയവും പഠനമുറികളും ഉൾപ്പെടെയുള്ള സൗകര്യങ്ങളോടുകൂടിയ സ്മാരകം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന് യൂണിയൻ നിവേദനം നൽകി.
.യൂണിയൻ നടപ്പിലാക്കുന്ന 'കർമ്മനിരത പ്രവർത്തനം മുന്നേറാൻ സംഘടന ' പദ്ധതി 3638ാം നമ്പർ തിങ്കളാമുറ്റത്ത് ശാഖയിൽ നടന്ന സംയുക്ത യോഗമാണ് ഈ ആവശ്യം ഉന്നയിച്ചത്. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ വൈസ് ചെയർമാൻ രാഖേഷ് കോഴഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. അഡ്.കമ്മിറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, ബി.ജയപ്രകാശ് തൊട്ടാവാടി, മോഹനൻ കൊഴുവല്ലൂർ എന്നിവർ പ്രസംഗിച്ചു. ശാഖായുടെ മുൻകാല പ്രവർത്തകരായിരുന്ന വി.ആർ.സദാനന്ദൻ, എം.കെ.ചെല്ലപ്പൻ മോടിയിൽ, എൻ.എസ്.ഭാസ്‌കരൻ നടുവിലേപറമ്പിൽ, ശാന്തമ്മ കുഞ്ഞുണ്ണി, നാരായണൻ വട്ടയുഴത്തിൽ, ഹോമിയോ ഡോക്ടർ ഐശ്വര്യമോഹൻ എന്നിവരെ യൂണിയൻ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് യൂണിയൻ വക കാഷ് അവാർഡും ഉപഹാരവും നൽകി. സംയുക്തയോഗ തീരുമാനങ്ങൾ ശാഖാ വൈസ് പ്രസിഡന്റ് സേതുനാഥപണിക്കർ പ്രഖ്യാപിച്ചു. പോഷക സംഘടനാ യൂണിയൻ തല നേതാക്കളും ശാഖാ അംഗങ്ങളും പങ്കെടുത്ത സംയുക്തയോഗത്തിൽ ശാഖാ പ്രസിഡന്റ് പി.കെ.മോഹനൻ സ്വാഗതവും ശാഖാ സെക്രട്ടറി വി.ജി.ഗോപിനാഥൻ നന്ദിയും പറഞ്ഞു.

Advertisement
Advertisement