ദിലീപ് ഫോണുകളിൽ കൃത്രിമം കാട്ടി തെളിവു നശിപ്പിച്ചു : ക്രൈംബ്രാഞ്ച്

Wednesday 09 March 2022 12:35 AM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ മൊബൈൽ ഫോണുകളിൽ കൃത്രിമം കാട്ടി തെളിവു നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിലാണ് ക്രൈം ബ്രാഞ്ച് എസ്.പി എം.പി മോഹനചന്ദ്രൻ ഇതു വ്യക്തമാക്കി സ്റ്റേറ്റ്മെന്റ് നൽകിയത്. ജസ്റ്റിസ് കെ. ഹരിപാലിന്റെ ബെഞ്ച് ഹർജി ഇന്നു പരിഗണിക്കും.

നടൻ ദിലീപ്, സഹോദരനായ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് പ്രതികൾ. ഇവർ ഹൈക്കോടതി നിർദ്ദേശത്തെത്തുടർന്ന് ആറു മൊബൈലുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിട്ടുനൽകിയിരുന്നു. ഇവയുടെ പരിശോധനാ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് പ്രതികൾ തെളിവുകൾ നശിപ്പിച്ചെന്ന് അന്വേഷണ സംഘം വിശദീകരിച്ചത്.

സ്റ്റേറ്റ്മെന്റിൽ നിന്ന്

₹ജനുവരി 29,30 തീയതികളിലാണ് ഫോണുകളിൽ വലിയ തോതിൽ കൃത്രിമം കാട്ടിയത്. ജനുവരി 31 ന് ഫോണുകൾ ഹാജരാക്കാൻ ഹൈക്കോടതി ജനുവരി 29 ന് ഉത്തരവിട്ട ശേഷമായിരുന്നു ഇത്.

₹മുംബയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ ഐ ഫോൺ ഉൾപ്പെടെ നാലു ഫോണുകളാണ് ദിലീപ് നൽകിയത്. ഇതിൽ രണ്ടെണ്ണം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടവയായിരുന്നു. ശേഷിച്ചവയിൽ ഒന്ന് സുരാജിന്റെ ഫോണായിരുന്നു.

₹ദിലീപിന്റെ സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളറായ റോഷൻ ചിറ്റൂരിന്റെ പേരിലുള്ള സിം കാർഡാണ് ഐ ഫോണിൽ ഉപയോഗിച്ചിരുന്നത്.

₹അഭിഭാഷകൻ വഴിയാണ് ഫോണുകൾ മുംബയിലേക്ക് അയച്ചത്. മുംബയിലെ ലാബിൽ നിന്ന് ഫോൺ വിവരങ്ങൾ പകർത്തിയ ഹാർഡ് ഡിസ്ക് പിടിച്ചെടുത്തു. ലാബ് ഡയറക്‌റെയും നാലു ജീവനക്കാരെയും ചോദ്യം ചെയ്തു. പിടിച്ചെടുത്ത ഹാർഡ് ഡിസ്ക് പരിശോധനയ്ക്ക് ഫോറൻസിക് ലാബിലേക്ക് അയച്ചു.

ദിലീപിന്റെ അഭിഭാഷകനും മറ്റു മൂന്ന് അഭിഭാഷകരും മുംബയിലെ ലാബിൽ ജനുവരി 30നെത്തി ഫോൺ വിവരങ്ങൾ പരിശോധിച്ചിരുന്നു. ലാബുടമയുമായി അഭിഭാഷകരെ പരിചയപ്പെടുത്തിയ വിൻസെന്റ് ചൊവ്വല്ലൂരും ഇവർക്കൊപ്പമുണ്ടായിരുന്നു. പ്രതികൾ നിർണായക തെളിവുകൾ നശിപ്പിച്ചെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.

₹ദിലീപിന്റെ വീട്ടിൽ വാച്ച്മാനായിരുന്ന ദാസൻ ചില കാര്യങ്ങൾ പറഞ്ഞെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ വന്നശേഷം അനൂപ് ഇയാളെ വിളിച്ചു വരുത്തി തങ്ങളുടെ അഭിഭാഷകനു മുന്നിലെത്തിച്ചു. ബാലചന്ദ്രകുമാറിനോടു താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് ട് ഇയാൾ പറഞ്ഞപ്പോൾ, പൊലീസ് ചോദിക്കുമ്പോഴും ഇതു തന്നെ പറയണമെന്ന് അഭിഭാഷകൻ നിർദ്ദേശിച്ചു.

Advertisement
Advertisement