'സ്റ്റാർ വാർ'

Wednesday 09 March 2022 5:24 AM IST

ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് - പി.എസ്.ജി പോരാട്ടം

മാഡ്രിഡ്: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ ഇന്ന് രാത്രി നടക്കുന്ന രണ്ടാം പാദ പ്രീക്വാർട്ടറിൽ സൂപ്പർ താരങ്ങളുടെ കൂടാരമായ റയൽ മാഡ്രിഡും പി.എസ്.ജിയും നേർക്കുനേർവരുന്ന ഹൈ വോൾട്ടേജ് പോരാട്ടം. പി.എസ്.ജിയുടെ തട്ടകത്തിൽ നടന്ന ആദ്യപാദത്തിൽ കെയ്‌ലിയൻ എംബാപ്പെ രണ്ടാം പകുതിയുടെ അധിക സമയത്ത് 94-ാം മിനിട്ടിൽ നേടിയ ഗോളിൽ 1-0ത്തിന്റെ വിജയം നേടാനായതിന്റെ മുൻതൂക്കം പി.എസ്.ജിക്കുണ്ട്. എന്നാൽ സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ വച്ച് പി.എസ്.ജിയോട് പകരം വീട്ടാനാകുമെന്നാണ് റയലിന്റെ പ്രതീക്ഷ. ഇന്ന് ജയിച്ചാൽ മാത്രമേ റയലിന് ക്വാർട്ടറിലെത്താനാകൂ. മറുവശത്ത് പി.എസ്.ജിക്ക് സമനിലമതി മുന്നോട്ട് പോകാൻ.

15 വർഷക്കാലം തന്റെ ജീവിതത്തിന്റെ പ്രധാന ഭാഗമായിരുന്ന സാന്റിയാഗോ ബെർണബ്യൂവിൽ കഴിഞ്ഞ വർഷം വരെ താൻ മുന്നിൽ നിന്ന് നയിച്ച റയൽ മാഡ്രിഡിനെതിരെ പരിക്കിന്റെ പിടിയിലായ സെർജിയോ റാമോസ് കളിക്കുന്നില്ലെങ്കിലും അദ്ദേഹം പി.എസ്.ജി ടീമിനൊപ്പം മാഡ്രിഡിലെത്തുന്നുണ്ടെന്നാണ് വിവരം.ഈ സീസണിന്റെ തുടക്കത്തിലാണ് റാമോസ് റയലിൽ നിന്ന് പി.എസ്.ജിയിലെത്തിയത്. ബാഴ്സലോണ ജേഴ്സിയിൽ നിരവധി മിന്നലാട്ടങ്ങൾ നടത്തിയ റയലിന്റെ മൈതാനത്ത് പി.എസ്.ജിക്കായും മെസി നിറഞ്ഞാടുമോയെന്നും ആരാധകർ കൗതുകത്തോടെ കാത്തിരിക്കുന്നു. അടുത്ത സീസണിൽ റയലിൽ എത്തുമെന്ന് കരുതുന്ന എംബാപ്പെയാണ് പി.എസ്.ജിയുടെ കുന്തമുന. എംബാപ്പെയുടെ പരിക്ക് ഭേദമായെന്നും അദ്ദേഹം കളിക്കുമെന്നുാമാണ് റിപ്പോർട്ട്. റയലിന്റെ മുൻ ഗോളി നവാസായിരിക്കും പി.എസ്.ജിയുടെ വലകാക്കാൻ സാധ്യത കൂടുതൽ. ബാഴ്സലോണയിൽ ആയിരുന്ന നെയ്‌മറിനും ബെർണബ്യൂ പരിചിത മൈതാനമാണ്.

മറുവശത്ത് കസേമിറോ,​ മെൻഡി എന്നിവർക്ക് സസ്പെൻഷൻമൂലം കളിക്കാനാകാത്തതാണ് റയലിന്റെ പ്രധാന തിരിച്ചടി.പരിക്കലട്ടുന്ന ക്രൂസിന്റെ കാര്യവും സംശയമാണ്. വിനീഷ്യസും ബെൻസേമയും മൊഡ്രിച്ചുമെല്ലാം ഫോമിലാണെന്നതും ലാലിഗയിൽ കഴിഞ്ഞ മത്സരങ്ങളിലെ വിജയവുമെല്ലാം റയലിന് അനുകൂല ഘടകമാണ്.

സിറ്റി -സ്പോർട്ടിംഗ്

ഇന്ന് നടക്കുന്ന മറ്റൊരു രണ്ടാം പാദ പ്രീക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിയും എഫ്.സി പോർട്ടോയും തമ്മിൽ ഏറ്റുമുട്ടും. ആദ്യ പാദത്തിൽ 5-0ത്തിന്റെ വിജയം നേടിയ സിറ്റി ക്വാർട്ടർ ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു.

ലൈവ് : രാത്രി 1.30 മുതൽ

സോണി ചാനലുകളിലും സണി ലൈവിലും

Advertisement
Advertisement