തീ പട‌ർന്നത് എവിടെ നിന്ന്? വിശദമായ അന്വേഷണം ഇന്ന് തുടങ്ങും, സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമം

Wednesday 09 March 2022 8:29 AM IST

തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ച സംഭവത്തിൽ ഇന്ന് വിശദമായ അന്വേഷണം തുടങ്ങും. ഡി ഐ ജി ആർ നിശാന്തിനിയുടെ നേതൃത്വത്തിലാണ് അന്വേഷണം. വീടിനകത്തെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

ബാഹ്യ ഇടപെടലുകൾക്കോ അപായപ്പെടുത്തലിനോ ഉള്ള തെളിവുകൾ കണ്ടെത്താനായില്ല.തീ പടര്‍ന്നത് വീടിനുള്ളില്‍ നിന്നാണോ പുറത്തിരുന്ന ബൈക്കില്‍ നിന്നാണോ എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. സംഭവത്തിൽ ഫോറന്‍സിക് സംഘത്തിന്റെയും ഇലക്‌‌ട്രിക് ഇന്‍സ്‌പെക്ടറേറ്റിന്റെയും റിപ്പോര്‍ട്ടുകള്‍ നിര്‍ണായമാണ്.

ഇന്നലെ പുലർച്ചെ 1.45 ഓടെയായിരുന്നു സംഭവം. വർക്കല പുത്തൻചന്തയിലെ ആർ.പി.എൻ പച്ചക്കറി പഴവർഗ മൊത്ത വ്യാപാര സ്ഥാപന ഉടമ അയന്തി പന്തുവിള രാഹുൽ നിവാസിൽ ബേബിയെന്ന് വിളിക്കുന്ന ആർ. പ്രതാപൻ (62), ഭാര്യ ഷേർളി (52), മരുമകൾ അഭിരാമി (24), ഇളയമകൻ അഹിൽ (29), അഭിരാമിയുടെ മകൻ റയാൻ (8മാസം) എന്നിവരാണ് മരിച്ചത്. പ്രതാപന്റെ രണ്ടാമത്തെ മകനും അഭിരാമിയുടെ ഭർത്താവുമായ നിഹുലിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

പ്രതാപന്റെയും ഷെർളിയുടെയും ശരീരം നീറിയ നിലയിലായിരുന്നു. അഭിരാമിയുടെയും കുഞ്ഞിന്റെയും ത്വക്കിൽ നിറവ്യത്യാസമൊ പൊളളലിന്റെ അടയാളങ്ങളൊ ഉണ്ടായിരുന്നില്ല. അതേസമയം പ്രതാപന്റെ വിദേശത്തുള്ള മൂത്തമകൻ രാഹുലും കുടുംബവും ഇന്നലെ രാത്രി നാട്ടിലെത്തിയിരുന്നു. വിദേശത്തുള്ള മറ്റ് ബന്ധുക്കൾ കൂടി എത്തിയ ശേഷമായിരിക്കും സംസ്‌കാരം.

Advertisement
Advertisement