മുന്നാക്ക സംവരണം : ജനസംഖ്യാനുപാതികമായി വേണമെന്ന് കമ്മിഷൻ

Thursday 10 March 2022 1:32 AM IST

തിരുവനന്തപുരം: മുന്നാക്ക വിഭാഗക്കാരിലെ സാമ്പത്തിക പിന്നാക്കക്കാർക്ക് സർക്കാർ സർവീസുകളിൽ ജനസംഖ്യാനുപാതികമായ ഉദ്യോഗ സംവരണം ഏർപ്പെടുത്തണമെന്നതടക്കമുള്ള ശുപാർശകളടങ്ങിയ ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ കമ്മിഷൻ റിപ്പോർട്ട് വിശദ പഠനത്തിനായി മന്ത്രിസഭായോഗം മാറ്റിവച്ചു.

ഇന്നലെ റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തിയെങ്കിലും വിശദമായി പഠിച്ച ശേഷം ചർച്ച ചെയ്താൽ മതിയെന്ന് ഘടകകക്ഷി മന്ത്രിമാർ നിർദ്ദേശിക്കുകയായിരുന്നു. അടുത്തയാഴ്ച റിപ്പോർട്ട് ഹചർച്ചയ്ക്കെടുത്തേക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വരുത്തേണ്ട പരിഷ്കാരങ്ങളടക്കം നടപടി റിപ്പോർട്ട് സഹിതം നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കണം.

സാമ്പത്തിക സംവരണത്തിനുള്ള കുടുംബ വാർഷിക വരുമാന പരിധി നാല് ലക്ഷത്തിൽ താഴെയായി നിലനിറുത്തും. നഗരസഭകളിലും പഞ്ചായത്തുകളിലും നിശ്ചിത അളവിൽ താഴെ ഭൂമിയുള്ളവരെ മാത്രം സംവരണത്തിന്റെ പരിധിയിൽപ്പെടുത്താനാണ് നിർദ്ദേശം. വീടില്ലാത്തവർക്ക് വീട് നിർമ്മിച്ചുനൽകുന്ന ലൈഫ് പദ്ധതിയിൽ സാമ്പത്തിക സംവരണത്തിന് അർഹരായവർക്ക് മുൻഗണന നൽകണം. പി.എസ്.സി, ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് എന്നിവ വഴിയുള്ള നിയമനങ്ങൾക്കായി അപേക്ഷ ക്ഷണിക്കുമ്പോൾ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പ്രായപരിധി ഉയർത്തണം. സംസ്ഥാനത്തെ പിന്നാക്കാവസ്ഥ പഠിച്ച മാതൃകയിൽ ദേശീയതലത്തിൽ ജുഡിഷ്യൽ കമ്മിഷനെ നിയമിക്കണം. സാമ്പത്തിക സംവരണാനുകൂല്യ വിഭാഗക്കാർക്കായി പ്രത്യേക വകുപ്പും ഡയറക്ടറേറ്റും വേണം. കിടപ്പുരോഗികളടക്കമുള്ളവരെ പരിചരിക്കാനുള്ള ശരണാലയങ്ങൾക്കുള്ള ഗ്രാൻഡ് ഇൻ എയ്ഡ് സംവരണേതര വിഭാഗങ്ങൾക്ക് നൽകണം തുടങ്ങിയ ആവശ്യങ്ങൾ കമ്മിഷൻ ശുപാർശയിലുണ്ടെന്നാണറിയുന്നത്.

Advertisement
Advertisement