ബാർ, ബിയർ പാർലർ : പ്രവർത്തന സമയം രാവിലെ 10 മുതൽ രാത്രി 12 വരെ നിലനിറുത്തിയേക്കും

Thursday 10 March 2022 2:03 AM IST

തിരുവനന്തപുരം: വിദേശ മദ്യ ചില്ലറ വില്പനശാലകളുടെയും കള്ള് ഷാപ്പുകളുടെയും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഊന്നൽ നൽകുന്നതായിരിക്കും പുതിയ മദ്യനയം. സി.പി.എമ്മിൽ മദ്യനയത്തിന്റെ കരട് ചർച്ചചെയ്തു. ഇനി എൽ.ഡി.എഫിലെ ചർച്ച കൂടി കഴിഞ്ഞാൽ കരടിന് അംഗീകാരം നൽകും. ബഡ്ജറ്റ് അവതരണം കഴിഞ്ഞ ശേഷമേ മിക്കവാറും നയം പ്രഖ്യാപിക്കൂ.

ടൂറിസം മേഖലയിലെ ബാറുകളുടെയും ബിയർ പാർലറുകളുടെയും പ്രവർത്തന സമയം രാവിലെ 10 മുതൽ രാത്രി 12 വരെയെന്ന സമയക്രമം നിലനിറുത്തിയേക്കുമെന്നറിയുന്നു. ഐ.ടി മേഖല കേന്ദ്രീകരിച്ച് കൂടുതൽ മദ്യശാലകളും പബ്ബുകളും തുടങ്ങാൻ അനുമതി നൽകിയേക്കും. ആധുനിക കാലത്തിനിണങ്ങും വിധം കള്ളുഷാപ്പുകളെ നവീകരിക്കാനുള്ള നിർദ്ദേശങ്ങൾ കരടിലുണ്ട്. പഴവർഗ്ഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യവും വൈനും നിർമ്മിക്കാനുള്ള നിർദ്ദേശങ്ങളും വരും.

എന്നാൽ ബാർ ലൈസൻസ് ഫീസിന്റെ കാര്യത്തിൽ വ്യക്തതയായിട്ടില്ല. 30 ലക്ഷമാണ് നിലവിലെ ഫീസ്. ഇതിന്റെ 10 ശതമാനം വർദ്ധന വരുത്തണമെന്ന ശുപാർശയാണ് എക്സൈസ് വകുപ്പ് നൽകിയത്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ കാരണം മാസങ്ങളോളും ബാറുകൾ തുറക്കാതിരുന്നതിനാൽ തത്കാലം ഫീസ് ഉയർത്തരുതെന്നാണ് ബാറുടമകളുടെ നിലപാട്.

ടോഡി ബോർഡ്

ഈ വർഷം ഇല്ല

കള്ള് വ്യവസായത്തിന്റെ പുരോഗതി ലക്ഷ്യമിട്ടുള്ള ടോഡി ബോർഡ് ഈ സാമ്പത്തിക വർഷം പ്രവർത്തനം തുടങ്ങിയേക്കില്ല. ഇത്തവണയും ലൈസൻസ് പുതുക്കി നൽകാനാണ് സാദ്ധ്യത. എന്നാൽ ഷാപ്പുകളുടെയും വിദേശ മദ്യശാലകളുടെയും ദൂരപരിധി ഏകീകരിക്കണമെന്ന എക്സൈസിന്റെ ശുപാർശ പരിഗണിച്ചേക്കും. നിലവിൽ വിദേശ മദ്യശാലകൾക്ക് 200 മീറ്ററും കള്ള് ഷാപ്പുകൾക്ക് 400 മീറ്ററുമാണ് ദൂരപരിധി.

Advertisement
Advertisement