ഒന്നരവയസുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്നു, മുത്തശ്ശിയുടെ കാമുകൻ അറസ്റ്റിൽ

Thursday 10 March 2022 12:00 AM IST

കൊച്ചി: എറണാകുളം കലൂരിലെ ഹോട്ടലി​ൽ ഒന്നരവയസുള്ള പെൺകുഞ്ഞിനെ ബക്കറ്രിലെ വെള്ളത്തി​ൽ തലകുത്തി​നി​റുത്തി​ മുക്കിക്കൊന്ന സംഭവത്തിൽ മുത്തശ്ശിയുടെ കാമുകൻ അറസ്റ്റിൽ. പള്ളുരുത്തി പള്ളിച്ചാൽ റോഡിൽ കല്ലേക്കാട് വീട്ടിൽ ജോൺ ബിനോയ് ഡിക്രൂസാണ് (28) പിടിയിലായത്. അങ്കമാലി കോടിശേരി വീട്ടിൽ സജീവിന്റെയും ഡിക്‌സി ഡേവിസിന്റെയും ഇളയമകളായ നോറ മരിയയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെ കലൂർ ഒലേസി​യ ഹോട്ടലി​ലാണ് സംഭവം.

സജീവി​ന്റെ മാതാവ് സി​പ്‌‌സി​യും ബി​നോയും ഡി​ക്സി​യുടെ രണ്ടു മക്കളെയും കൂട്ടി ഹോട്ടലി​ൽ ശനിയാഴ്ച മുതൽ താമസിച്ചിരുന്നു. കൊല നടക്കുമ്പോൾ ബി​നോയും കുട്ടി​കളും മാത്രമായി​രുന്നു മുറി​യി​ൽ. കൊല നടത്തിയശേഷം ഇയാൾ സിപ്സിയെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് ലിസി ആശുപത്രിയിലെത്തിച്ചു.
കുട്ടിയുടെ ശിരസിൽ മുലപ്പാൽ കയറി​യെന്നാണ് ഇയാൾ ആശുപത്രിയിൽ പറഞ്ഞതെങ്കി​ലും സംശയംതോന്നി​ പൊലീസിനെ അറിയിച്ചു. തുടർന്ന് എറണാകുളം നോ‌ർത്ത് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ കുറ്റംസമ്മതി​ച്ചു. കുഞ്ഞി​ന്റെ പി​തൃത്വം തന്നി​ൽ കെട്ടി​യേൽപ്പി​ക്കാൻ ശ്രമി​ച്ചതാണ് കൊലപ്പെടുത്താൻ കാരണമെന്ന് ഇയാൾ മൊഴി നൽകി.

എറണാകുളം നേവൽബേസിലെ താത്കാലിക ജീവനക്കാരനാണ് ബിനോയ്. കഞ്ചാവ് ഇടപാടുകളുമുണ്ട്. സിപ്സിയുമായി ആറുവർഷം മുമ്പാണ് അടുപ്പത്തിലായത്. കുഞ്ഞി​ന്റെ പി​താവായ സജീവ് അപകടത്തെത്തുടർന്ന് കിടപ്പിലാണ്. മൂന്നുമാസം മുമ്പ് ഡിക്സി വിദേശത്തേക്ക് പോയതിന് പിന്നാലെ രണ്ടു കുട്ടികളേയും ഇവർ ഒപ്പംകൂട്ടി​ വിവിധ ലോഡ്ജുകളിൽ താമസിക്കുകയായി​രുന്നു. ആഴ്ചയിൽ ഒരി​ക്കൽ അങ്കമാലിയിലെ വീട്ടിലേക്ക് പോകും.

വഴിവിട്ട ഇടപാടുകളെല്ലാം നിയന്ത്രിച്ചിരുന്നത് ബിനോയിയാണ്. സിപ്സി പുറത്തുപോകുമ്പോൾ ബിനോയിയാണ് കുട്ടികളെ നോക്കിയിരുന്നത് . വിവരമറിഞ്ഞ് മാതാവ് ഡിക്സി വിദേശത്തുനിന്ന് നാട്ടിലെത്തി. കുഞ്ഞിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോ‌ർട്ടം നടത്തിയശേഷം കറുകുറ്റി​യി​ൽ സംസ്കരി​ച്ചു.

Advertisement
Advertisement