ജഡേജ ഒന്നാം നമ്പർ

Thursday 10 March 2022 1:10 AM IST

ദുബായ് : ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ അതിഗംഭീരപ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഐ.സി.സി ടെസ്റ്റ് ആൾറൗണ്ടർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി . 2021 ഫെബ്രുവരി മുതൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന വെസ്റ്റിൻഡീസ് ക്യാപ്ടൻ ജാസൺ ഹോൾഡറിനെ പിന്തള്ളിയാണ് ജഡേജ ഒന്നാമതെത്തിയത്.

മൊഹാലി ക്രിക്കറ്റ് ടെസ്റ്റിൽ പുറത്താകാതെ 175 റൺസെടുത്ത ജഡേജയായിരുന്നു ഇന്ത്യൻ ബാറ്റിംഗിന്റെ നട്ടെല്ല്. ഇന്ത്യ ഇന്നിംഗ്സ് വിജയം നേടിയ മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സിൽ ജഡേജ ഒറ്റയ്ക്കു നേടിയ റൺസ് പോലും ശ്രീലങ്കയ്ക്ക് നേടായിരുന്നില്ല. ഒന്നാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ജഡേജ, രണ്ടാം ഇന്നിംഗ്സിൽ നാലു വിക്കറ്റ് കൂടി പിഴുതാണ് ടീമിന്റെ വിജയശിൽപിയായത്.

മൊഹാലി ടെസ്റ്റിൽ അർദ്ധസെഞ്ച്വറി നേടി ബാറ്റിംഗിലും അഞ്ച് വിക്കറ്റെടുത്ത് ബൗളിംഗിലും തിളങ്ങിയ രവിചന്ദ്രൻ അശ്വിൻ ഓആൾറൗണ്ടർമാരുടെ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തുണ്ട്.

ഇത് രണ്ടാം തവണയാണ് ജഡേജ ടെസ്റ്റ് ആൾറൗണ്ടർമാരുടെ റാങ്കിംഗിൽ ഒന്നാമനാകുന്നത്. 2017 ആഗസ്റ്റിൽ ഒരാഴ്ച ജഡേജ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ആൾറൗണ്ടർമാരുടെ റാങ്കിംഗിനു പുറമേ ബാറ്റിംഗ്, ബോളിംഗ് റാങ്കിംഗുകളിലും ജഡേജ നേട്ടമുണ്ടാക്കി. ബൗളർമാരുടെ പട്ടികയിൽ മൂന്നു സ്ഥാനങ്ങൾ കയറിയ ജഡേജ 17–ാം റാങ്കിലെത്തി. ബാറ്റർമാരുടെ പട്ടികയിൽ 54 സ്ഥാനത്തുനിന്ന് 37–ാം റാങ്കിലേക്കെത്താനും ജഡേജയ്ക്കായി.

മൊഹാലിയിൽ തന്റെ 100–ാം ടെസ്റ്റ് കളിച്ച വിരാട് കൊഹ്‌ലി രണ്ടു സ്ഥാനം കയറി അഞ്ചാം റാങ്കിലെത്തി. 97 പന്തിൽ 96 റൺസെടുത്ത ഋഷഭ് പന്ത് ഒരു സ്ഥാനം കയറി ആദ്യ പത്തിൽ ഇടംപിടിച്ചു.

Advertisement
Advertisement