അതിവേഗം ലെവാൻ, ബഹുദൂരം ബയേൺ

Thursday 10 March 2022 1:12 AM IST

രണ്ടാം പാദ പ്രീ ക്വാർട്ടറിൽ സാൽസ്ബർഗിനെ 7-1ന് തോൽപ്പിച്ച് ബയേൺ മ്യൂണിക്ക്

റോബർട്ട് ലെവാൻഡോവ്സ്കിക്ക് റെക്കാഡ് ഹാട്രിക്ക്

ഇന്റർ മിലാനോട് രണ്ടാം പാദത്തിൽ തോറ്റിട്ടും ലിവർപൂൾ ക്വാർട്ടറിൽ

മ്യൂണിക്ക് : സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കിയുടെ ഹാട്രിക്കിന്റെ തിളക്കത്തിൽ ആസ്ട്രിയൻ ക്ളബ് ആർ.ബി സാൽസ്ബർഗിനെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ പ്രീ ക്വാർട്ടറിൽ ഒന്നിനെതിരെ ഏഴുഗോളുകൾക്ക് കീഴടക്കിയ ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്ക് ക്വാർട്ടറിലെത്തി. ആദ്യ പാദത്തിൽ 1-1ന് സമനില വഴങ്ങിയിരുന്ന ബയേൺ രണ്ടാം പാദത്തിൽ തുരുതുരാ ഗോളുകളടിച്ചുകൂട്ടി വെടിക്കെട്ടൊരുക്കിയാണ് ക്വാർട്ടർ പ്രവേശനം ആഘോഷമാക്കിയത്.

ആദ്യ പകുതിയിൽ തന്നെ രണ്ട് പെനാൽറ്റികൾ വലയിലാക്കിയ ലെവൻഡോവ്സ്കി റെക്കാഡ് സമയത്തിനുള്ളിൽ ഹാട്രിക്ക് തികച്ചപ്പോൾ തോമസ് മുള്ളർ രണ്ട് ഗോളുകളും സെർജിയോ ഗ്‌നാബ്രി, ലിറോയ് സാനെ എന്നിവർ ഓരോ ഗോളും നേടി. ഫിഫയുടെ ഈ വർഷത്തെ മികച്ച താരത്തിനുള്ള ബെസ്റ്റ് പുരസ്കാരം നേ‌ടിയ ലെവൻഡോവ്സ്കി 12, 21 23 മിനിട്ടുകളിലാണ് വലകുലുക്കിയത്.സെർജിയോ ഗ്‌നാബ്രി 31-ാം മിനിട്ടിൽ പന്ത് വലയിലെത്തിച്ചു. ഈനാലുഗോളുകൾക്ക് ബയേൺ ആദ്യ പകുതിയിൽ ലീഡ് ചെയ്തു. 54, 83 മിനിട്ടുകളിലായാണ് മുള്ളർ സ്കോർ ചെയ്തത്. സാൽസ്ബർഗിന്റെ ആശ്വാസഗോൾ 70–ാം മിനിട്ടിൽ മൗറിട്സ് കേർഗാഡ് നേടിയപ്പോൾ ലിറോയ് സാനെ 85-ാം മിനിട്ടിൽ എന്നിവരുടെ വകയാണ് മറ്റു ഗോളുകൾ.

അതേ സമയം സ്വന്തം തട്ടകത്തിൽ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനോട്രണ്ടാം പാദ പ്രീ ക്വാർട്ടറിൽ ഏകപക്ഷീയമായ ഒരു ഗോളിനു തോറ്റിട്ടും ഇംഗ്ലീഷ് വമ്പൻമാരായ ലിവർപൂൾ ക്വാർട്ടറിലെത്തി. ഇന്റർ മിലാന്റെ തട്ടകത്തിൽ നടന്ന ആദ്യ പാദത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ജയിച്ചതാണ് ലിവർപൂളിനു തുണയായത്. ഇതോടെ, ഇരു പാദങ്ങളിലുമായി 2–1ന്റെ മുൻതൂക്കം നേടിയാണ് ലിവർപൂൾ ക്വാർട്ടറിൽ കടന്നത്.

ആൻഫീൽഡിലെ രണ്ടാം പാദത്തിൽ അർജന്റീന താരം ലൗട്ടാരോ മാർട്ടിനസാണ് ഇന്ററിന്റെ വിജയഗോൾ നേടിയത്. 61–ാം മിനിട്ടിലായിരുന്നു ഗോളിന്റെ പിറവി. രണ്ടാം മഞ്ഞക്കാർഡ് കണ്ട അലക്സിസ് സാഞ്ചസ് 63–ാം മിനിട്ടിൽ പുറത്തായതിനാൽ 10 പേരുമായാണ് ഇന്റർ മത്സരം പൂർത്തിയാക്കിയത്.എന്നാൽ ലിവർപൂളിനെ സമനില നേടാൻ പോലും അവർ സമ്മതിച്ചില്ല.

ആദ്യ പാദത്തിൽ സൂപ്പർ താരങ്ങളായ റോബർട്ടോ ഫിർമിനോ, മുഹമ്മദ് സലാ എന്നിവരാണ് ലിവർപൂളിനായി ഗോളുകൾ നേടിയിരുന്നത്.

23

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെതന്നെ ഏറ്റവും വേഗമേറിയ ഹാട്രിക്കാണ് സാൽസ് ബർഗിനെതിരെ 23-ാം മിനിട്ടിൽ ലെവൻഡോവ്സ്കി പൂർത്തിയാക്കിയത്.1996ൽ റോസൻബർഗിനെതിരായ മത്സരത്തിൽ 24 മിനിട്ടുകൊണ്ട് ഹാട്രിക് പൂർത്തിയാക്കിയ എ.സി മിലാൻ താരം മാർക്കോ സിമോണിയുടെ റെക്കാഡാണ് ലെവൻ മറിക‌ടന്നത്.

11

മിനിട്ടിനിടയിലാണ് ലെവൻഡോവ്സ്കി സാൽസ്ബർഗിനെതിരെ മൂന്ന് ഗോളുകളും നേടിയത്.

40

ഈ സീസണിൽ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ 40 ഗോളുകൾ പൂർത്തിയാക്കുന്ന ആദ്യ താരമാണ് ലെവൻഡോവ്സ്കി.

5

യുവേഫ ചാമ്പ്യൻസ് ലീഗിൽ തന്റെ അഞ്ചാമത്തെ ഹാട്രിക്കാണ് ലെവൻഡോവ്സ്കി നേടിയത്.

Advertisement
Advertisement