സാമ്പിൾ സർവേ പകരമാവില്ല: എൻ.എസ്.എസ്

Tuesday 15 March 2022 1:56 AM IST

ചങ്ങനാശേരി: മുന്നാക്ക സംവരണത്തിന് അടിസ്ഥാനമാവേണ്ട സമഗ്രവും ശാസ്ത്രീയവുമായ സർവേക്ക് സാമ്പിൾ സർവേ പകരമാവില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ പറഞ്ഞു. മുന്നാക്കസംവരണത്തിന് ഇത് തിരിച്ചടിയാവാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. ഇൗ വാദമുഖങ്ങൾ ഹൈക്കോടതി അംഗീകരിച്ച് സമഗ്ര സർവേ നടത്താൻ സർക്കാരിന് നിർദ്ദേശം നൽകിയിട്ടുമുണ്ട്. സാമ്പിൾ സർവേയുടെ അടിസ്ഥാനത്തിൽ സർക്കാർ തീരുമാനം എടുക്കുന്നപക്ഷം ഇക്കാര്യംകൂടി പരിഗണിക്കണമെന്നും എൻ.എസ്.എസ് ആവശ്യപ്പെട്ടു.

വിശദവും ശാസ്ത്രീയവുമായ സർവേ നടത്തണമെന്ന ജസ്റ്റിസ് എ. വി. രാമകൃഷ്ണപിള്ള കമ്മിഷൻ റിപ്പോർട്ടിലെ ആവശ്യം സർക്കാരിന്റെ പരിഗണനയിലാണ്. കമ്മിഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി അവസാനിക്കും മുമ്പ് പിന്നാക്കാവസ്ഥയുള്ള ഏതാനും ആളുകൾക്കെങ്കിലും സഹായം ലഭിക്കണമെന്നുള്ള ഉദ്ദേശ്യത്താലാണ് സാമ്പിൾ സർവേ നടത്താൻ തീരുമാനിച്ചതെന്നാണ് കമ്മിഷൻ പറഞ്ഞിരുന്നത്. മുന്നാക്കക്ഷേമ കമ്മിഷൻ സ്ഥിരം കമ്മിഷനായതിനാൽ ആ നിലപാട് ന്യായീകരിക്കത്തക്കതല്ല. കൂടാതെ മുന്നാക്കസമുദായങ്ങളുടെ പൊതു താത്പര്യങ്ങൾക്ക് വിരുദ്ധവുമാണ്. അതിനാൽ സാമ്പിൾ സർവേയിൽനിന്ന് പിന്മാറണമെന്ന ഉറച്ച നിലപാടാണ് എൻ.എസ്.എസ് സ്വീകരിച്ചതെന്നും സുകുമാരൻ നായർ പറഞ്ഞു.

Advertisement
Advertisement