കൈ​ത്ത​റിമേഖലയ്ക്ക് ​താ​ങ്ങാ​യി​ 25​ ​കോ​ടി

Tuesday 15 March 2022 12:20 AM IST

തിരുവനന്തപുരം: കൈത്തറി മേഖലയ്ക്ക് 25 കോടി രൂപ കൂടി സർക്കാർ അനുവദിച്ചെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. അടുത്ത അദ്ധ്യയനവർഷത്തേക്കുള്ള സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതിക്കാണ് ഈ തുക അനുവദിച്ചത്. ഒന്നു മുതൽ ഏഴ് വരെയുള്ള സർക്കാർ സ്കൂളുകളിലേയും ഒന്നുമുതൽ നാലു വരെയുള്ള സർക്കാർ എയ്ഡഡ് സ്കൂളുകളിലേയും വിദ്യാർത്ഥികൾക്കാണ് സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോം നൽകുന്നത്.

120 കോടി രൂപവരുന്ന പദ്ധതിയുടെ ഭാഗമായാണ് ഇപ്പോൾ 25 കോടി രൂപ അനുവദിച്ചത്.കേരളത്തിലെ പ്രാഥമിക കൈത്തറി സംഘങ്ങളിൽ ജോലി ചെയ്യുന്ന ആറായിരത്തിലധികം കൈത്തറിത്തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതി നടപ്പിൽ വരുത്തുന്നതിനു മുൻപ് 100 രൂപയിൽ താഴെ ദിവസക്കൂലിയിൽ ഏതാനും ദിവസങ്ങളിൽ മാത്രമാണ് നെയ്ത്തുകാർക്ക് തൊഴിൽ ലഭിച്ചിരുന്നത്.ഈ പദ്ധതി നടപ്പിലാക്കിയതിന് ശേഷം ഒരു നെയ്ത്തുകാരന് നെയ്യുന്നതിനനുസരിച്ച് 600ലധികം രൂപ ദിവസം വരുമാനവും 250ൽ കൂടുതൽ തൊഴിൽ ദിനങ്ങളും ലഭ്യമാകുന്നുണ്ടെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഇതുവരെ 232കോടി രൂപ നെയ്ത്തുകൂലി ഇനത്തിൽ തൊഴിലാളികൾക്ക് വിതരണം ചെയ്തു. നിലവിൽ 6,200 നെയ്ത്തുകാർ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് പൂട്ടിക്കിടന്നിരുന്ന 15 കൈത്തറി സംഘങ്ങൾ പദ്ധതിയുടെ ഭാഗമായി തുറന്നു പ്രവർത്തിപ്പിച്ചു.

കൈത്തറി യൂണിഫോം പദ്ധതി മൂലം കൈത്തറി നെയ്ത്തുകാർക്ക് മാത്രമല്ല, കേരളത്തിലെ സഹകരണ സ്പിന്നിംഗ് മില്ലുകൾക്കും പുത്തൻ ഉണർവാണ് കൈവന്നത്. സ്‌കൂൾ യൂണിഫോമിന് ആവശ്യമായ നൂൽ കേരളത്തിലെ സഹകരണ സ്പിന്നിംഗ് മില്ലുകളിൽ നിന്നുമാണ് വാങ്ങുന്നത്.

 2020ലേയും 2021ലേയും ലോക്ക്ഡൗൺ കാലയളവിൽ തൊഴിൽ നഷ്ടപ്പെടുമായിരുന്ന ആറായിരത്തോളം നെയ്ത്തു തൊഴിലാളികൾക്കും നൂൽ നിർമ്മിക്കുന്ന സ്പിന്നിംഗ് മിൽ തൊഴിലാളികൾക്കും കൈത്തറി യൂണിഫോം പദ്ധതിയിലൂടെ തൊഴിൽ നൽകി.

പി.രാജീവ്

 6200

പദ്ധതിയിൽ ഭാഗമാകുന്നത് 6200 കൈത്തറിത്തൊഴിലാളികൾ

 15

പദ്ധതിയുടെ ഭാഗമായി തുറന്നത് പൂട്ടിക്കിടന്ന 15 കൈത്തറി സംഘങ്ങൾ

Advertisement
Advertisement