വില നിയന്ത്രണ ബിൽ നടപ്പാക്കാതെ സർക്കാർ, സാധന വില കുറഞ്ഞാലും കഴുത്തറുത്ത് ഹോ‌‌ട്ടലുകൾ

Tuesday 15 March 2022 12:41 AM IST

തിരുവനന്തപുരം: പച്ചക്കറിക്കും ഇറച്ചിക്കും വില ഉയരുമ്പോൾ ഹോട്ടലുകൾ ഭക്ഷണ വില കൂട്ടും. കുറഞ്ഞാലോ അറിഞ്ഞ ഭാവം കാണിക്കില്ല. കൊവിഡ് നിയന്ത്രണങ്ങളൊക്കെ മാറി ഹോട്ടലുകൾ സജീവമായപ്പോഴേക്കും പച്ചക്കറി വില കൂടി. ഒപ്പം വെജിറ്റേറിയൻ ഹോട്ടലുകളിലെ വിലയും. തക്കാളിക്കും സവാളയ്ക്കുമെല്ലാം വില താഴ്ന്നു, പക്ഷേ, ഹോട്ടലുകൾ വില താഴത്തിയില്ല. ഇപ്പോൾ, കോഴിക്ക് വില കൂടിയതോടെ വിഭവങ്ങൾക്കും വില കൂട്ടിയിരിക്കുന്നു.

വടയ്ക്ക് 30 രൂപ ഈടാക്കുന്ന ഹോട്ടലുകളുണ്ട്. തൈര് വടയ്ക്ക് രൂപ 60. ചില വെജിറ്റേറിയൻ ഹോട്ടലുകളിൽ ഊണിന് 200 രൂപ. ഇറച്ചി വിഭവങ്ങൾക്ക് ഓരോ പേരിട്ട് തോന്നും പടി വില.

ജനത്തെ ഇങ്ങനെ പിഴിഞ്ഞിട്ടും സർക്കാർ കാഴ്ചക്കാരാണ്. നിയന്ത്രിക്കാൻ നിയമമില്ലാഞ്ഞിട്ടല്ല. വിപണി വിലയ്ക്കനുസരിച്ച് ഹോട്ടൽ, ബേക്കറി വില നിയന്ത്രിക്കുന്ന ബിൽ ഒൻപതുവർഷമായി അടച്ചുപൂട്ടി വച്ചിരിക്കുകയാണ്.

യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ബില്ലിൽ ഭേദഗതി വരുത്തി നടപ്പാക്കാൻ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ആലോചിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. 'നയപരമായ തീരുമാനം' വേണ്ടി വരുമെന്നാണ് ഉപഭോക്തൃ വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നത്. ഹോട്ടലുടമകളെ പിണക്കി നടപ്പാക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് താത്പര്യമില്ലെന്നതാണ് വാസ്തവം.

വില തീരുമാനിക്കാൻ ജില്ലാ അതോറിട്ടികൾ

 അടിസ്ഥാന സൗകര്യം, ലൊക്കേഷൻ, സാധന വില എന്നിവയുടെ അടിസ്ഥാനത്തിൽ ഹോട്ടലുകളെ ഗ്രേഡുകളാക്കി വില നിശ്ചയിക്കാനാണ് ബില്ലിൽ നിർദ്ദേശം

 വില നിശ്ചയിക്കുന്നത് ജില്ലാ കളക്ടർ ചെയർമായ ജില്ലാ അതോറിട്ടി. ഒരിക്കൽ നിശ്ചയിക്കുന്ന വില നാലു മാസത്തേക്ക് മാറ്റില്ല

 ജില്ലാ അതോറിട്ടികൾക്ക് നിർദ്ദേശം നൽകാനും പരാതികൾ പരിഹരിക്കാനും ഭക്ഷ്യമന്ത്രി ചെയർമാനായി സംസ്ഥാന അതോറിട്ടി

 ഭക്ഷ്യ,ധന സെക്രട്ടറിമാർ, സിവിൽ സപ്ലൈസ് ഡയറക്ടർ, സാമ്പത്തിക വിദഗ്ദ്ധൻ, ഹോട്ടൽ ഉടമകളുടെ പ്രതിനിധി എന്നിവർ അംഗങ്ങൾ

ജില്ലാ സപ്ലൈ ഓഫീസർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ ചെയർമാൻ, സെക്രട്ടറി, ഹോട്ടൽ ഉടമകളുടെ പ്രതിനിധി എന്നിവർ ജില്ലാ അതോറിട്ടിയിൽ

അമിത വിലയ്ക്ക് 5000 രൂപ പിഴ

അമിത വില ഈടാക്കിയാൽ 5000 രൂപ പിഴയടയ്ക്കണം. പിഴ ചുമത്തിയ ശേഷവും കുറ്റം തുടർന്നാൽ ദിവസവും 250 രൂപ വരെ ഈടാക്കും. ലൈസൻസും നഷ്ടപ്പെടും. അതോറിട്ടിയുടെ പ്രവർത്തനത്തിൽ സിവിൽ കോടതിക്ക് ഇടപെടാനാകില്ല.

''വില നിശ്ചയിക്കാൻ സർക്കാരിന് സാധിക്കില്ല. ഗുണമേന്മയും രുചിയുമാണ് ഭക്ഷണത്തിന്റെ ഡിമാൻഡ് കൂട്ടുന്നത്. വിലക്കൂടുതലുള്ള ഹോട്ടലുകളിൽ തിരക്കുണ്ടല്ലോ

ജി.ജയപാൽ, സംസ്ഥാന പ്രസിഡന്റ്,

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോ.

Advertisement
Advertisement