വസ്തുതരം മാറ്റൽ നടപടിക്രമം ഈ ആഴ്ച പുറത്തിറക്കും,​ പുതിയ അപേക്ഷകൾ ഓൺലൈൻ വഴി

Tuesday 15 March 2022 12:51 AM IST

തിരുവനന്തപുരം: വസ്തു തരംമാറ്രലുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനുള്ള 'പൊതു നടപടിക്രമം' (എസ്.ഒ.പി-സ്റ്രാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ) ഈ ആഴ്ച റവന്യുവകുപ്പ് പുറത്തിറക്കും. വസ്തു തരംമാറ്റലിനുള്ള പുതിയ അപേക്ഷകൾ ഓൺലൈനിലാണ് നൽകേണ്ടത്.

പഴയ അപേക്ഷകളുടെ പരിശോധന വേഗത്തിലാക്കാൻ ഉദ്യോഗസ്ഥരുടെ പ്രത്യേക ടീം രൂപീകരിക്കാൻ എല്ലാ ജില്ലാ കളക്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. എംപ്ളോയ്മെന്റ് എക്സേഞ്ച് മുഖേന താത്കാലിക ജീവനക്കാരെ നിയമിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. രജിസ്റ്രർ ചെയ്തിട്ടുള്ള പട്ടികയിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് അറിയിപ്പ് അയച്ചുതുടങ്ങി. എല്ലാ ജില്ലകളിലുമായി 18 ജൂനിയർ സൂപ്രണ്ടുമാരെ സ്ഥാനക്കയറ്രം നൽകി നിയമിച്ചിട്ടുമുണ്ട്. താത്കാലിക ജീവനക്കാരുടെ നിയമനം നടക്കും മുമ്പ് തന്നെ അപേക്ഷകളുടെ തീർപ്പ് കൽപ്പിക്കൽ നടപടികൾ തുടങ്ങാനാണിത്. അടുത്ത ആഴ്ച വകുപ്പ് മന്ത്രി നേരിട്ട് പ്രവർത്തന പുരോഗതി വിലയിരുത്തും.

ആറു മാസത്തേക്ക് വിവിധ റവന്യു ഓഫീസുകളിലേക്ക് ജൂനിയർ സൂപ്രണ്ട്, ക്ളാർക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സർവെയർ എന്നിങ്ങനെ 990 താത്കാലിക തസ്തികകൾ സൃഷ്ടിച്ച് ഉത്തരവിറക്കുകയും ഐ.ടി.അനുബന്ധ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ആറു കോടിയോളം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ആർ.ഡി.ഒ ഓഫീസുകളിലെയും മറ്ര് ഓഫീസുകളിലെയും തീർപ്പാക്കൽ പുരോഗതി വിലയിരുത്താൻ ലാൻഡ് റവന്യു കമ്മിഷണർ ഓഫീസിൽ പ്രത്യേക സെൽ പ്രവർത്തനം തുടങ്ങി.

ലൈഫ് പദ്ധതിക്ക് മുൻഗണന

തരം മാറ്റ അപേക്ഷകൾ തീർപ്പാക്കുന്നത് മുൻഗണനാക്രമം പാലിച്ചാണെങ്കിലും ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ഉപോഭാക്താക്കൾക്ക് പ്രത്യേക പരിഗണ നൽകും. ഓരോ റവന്യു ഡിവിഷണൽ ഓഫീസിലും ആർ.ഡി.ഒ, സീനിയർ സൂപ്രണ്ട്, ജൂനിയർ സൂപ്രണ്ട് എന്നിവരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിക്കും.

1,40,000

തീർപ്പാകേണ്ട അപേക്ഷകൾ

990

താത്കാലിക തസ്തികകൾ

40 കോടി

അപേക്ഷ തീർപ്പാക്കലിനുവേണ്ടിവരുന്ന ആകെ ചെലവ്‌

Advertisement
Advertisement