ആദ്യശ്രമം പരാജയം, എങ്കിലും പതറാതെ മുന്നോട്ട്

Tuesday 15 March 2022 12:02 AM IST
2014ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന വിരമിച്ച ഡോക്ടർമാരുടെ സംഗമത്തിൽ ഡോ.റോയ് ചാലി. വലത്ത് നിന്ന് നാലാമത് .

കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി അവയവ മാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറായിരുന്നു ഡോ.റോയ് ചാലി. സർക്കാർ മെഡിക്കൽ കോളേജിലെ പരിമിത സൗകര്യങ്ങളിൽ നിന്നുകൊണ്ട് നടത്തിയ ആദ്യ ശ്രമം പരാജയമായിരുന്നു. രോഗി മരിക്കുകയും ചെയ്തു. എന്നാൽ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഡോ.റോയ് നടത്തിയ മൂന്നാമത്തെ ശ്രമം വിജയം കണ്ടു.

1985ലാണ് ആദ്യ ശസ്ത്രക്രിയ നടത്തിയതെങ്കിലും ഇതിനുള്ള മുന്നൊരുക്കം 1981മുതൽ ആരംഭിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലുമാണ് സംസ്ഥാനത്ത് ആദ്യമായി യൂറോളജി വിഭാഗം ആരംഭിച്ചത്. ഇതിൽ റോയ്ചാലി നേതൃത്വം നൽകിയ കോഴിക്കോട് മെഡിക്കൽ കോളേജായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിനേക്കാൾ ഒരുപടി മുന്നിൽ. ദക്ഷിണേന്ത്യയിൽ തന്നെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഏറ്റവും മുന്നിലായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം. ദക്ഷിണേന്ത്യയിലെ മറ്റ് സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്ന് യൂറോളജി പ്രൊഫസർമാർ കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശീലനത്തിന് എത്തുമായിരുന്നു.

റോയി ചാലിക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിന്റെ പ്രശസ്തി വീണ്ടും ഉയർത്തിയ ഡോ. ഫെലിക്സ് കാർഡോസക്കും ഗുരുവിനെക്കുറിച്ച് ഏറെ പറയാനുണ്ട്. " ഡോ റോയി ചാലിയുടെ ജീവിതം യൂറോജി വിഭാഗത്തിന് വേണ്ടി സമർപ്പിച്ചതായിരുന്നു. 1992 ൽ അദ്ദേഹം വിരമിച്ചെങ്കിലും സംശയ നിവാരണത്തിനായി ഞങ്ങൾ നിരന്തരം ബന്ധപ്പെട്ടു. ഏത് സങ്കീർണമായ പ്രശ്നത്തിനും അദ്ദേഹം കൃത്യമായ ഉത്തരം നൽകുമായിരുന്നു. ഞങ്ങളെപ്പോലുള്ള രണ്ടാം തലമുറയെ വാർത്തെടുക്കുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി 14ന് അദ്ദേഹത്തിന്റെ 85ാം ജന്മദിനമായിരുന്നു. അതിന്റെ രണ്ട് ദിവസം മുമ്പ് വരെ ശസ്ത്രക്രിയ നടത്തിയിരുന്നു. രണ്ട് മാസം മാത്രമാണ് അസുഖമായി കിടന്നത്. "

യൂറോളി സൊസൈറ്റി ഒഫ് ഇന്ത്യയുടെ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. യൂറോളജി സംബന്ധിച്ച് ധാരാളം പ്രബന്ധങ്ങൾ വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ സെമിനാറുകളിൽ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ യൂറോളജി വിഭാഗത്തെക്കുറിച്ച് പറയുമ്പോൾ ആദ്യത്തെ നാമം ഡോ. റോയി ചാലിയുടെതായിരിക്കും."

നഷ്ടമായത് ജനകീയ ഡോക്ടറെ

കോഴിക്കോട്: വൃക്കരോഗം വന്നാൽ ജീവിതം അവസാനിച്ചെന്ന് കരുതിയിരുന്ന കാലത്ത് സർക്കാർ മെഡിക്കൽ കോളേജിൽ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി പ്രതീക്ഷയുടെ പുതുവെളിച്ചം പകർന്ന ഡോക്ടറെയാണ് റോയ് ചാലിയുടെ വിയോഗത്തിലൂടെ നഷ്ടമായത്. കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകളിലും കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിലും സേവനമനുഷ്‍ഠിക്കുമ്പോഴും സാധാരണക്കാരുടെ അത്താണിയും ആശ്രവുമായിരുന്നു ഡോക്ടർ റോയ് ചാലി. 1985ൽ കോഴിക്കോട് മെഡിക്കൽ കോളജ് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയെന്ന ചരിത്ര നിയോഗത്തിന് സാക്ഷ്യംവഹിച്ചതിന് പിന്നിൽ ഡോ.റോയിയുടെ അർപ്പണബോധവും ദീർഘവീക്ഷണവുമായിരുന്നു. ഡോ.തോമസ് മാത്യു,​ ഡോ.ശശിധരൻ,​ ഡോ.സുബ്രഹ്മണ്യൻ,​ ഡോ.വി.എം.മണി എന്നിവരെല്ലാമായിരുന്നു ഡോ.റോയിയുടെ ശക്തി. ആ വിപ്ലവ മുഹൂർത്തത്തിന് ശേഷം കേരളത്തിലങ്ങോളം മെഡിക്കൽ കോളേജുകളിലും സ്വകാര്യ ആശുപത്രികളിലും ആയിരക്കണക്കിന് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയകളാണ് നടന്നത്.
പ്രതിഭാധനനായ ഡോക്ടറായിരുന്നു റോയ് ചാലിയെന്ന് കോഴിക്കോട് മെഡിക്കൽകോളജ് സൂപ്രണ്ട് ഡോ.ശ്രീജയൻ അനുസ്മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിന് പൊൻതൂവൽ ചാർത്തിയ കാലമായിരുന്നു അത്. ശാസ്ത്ര സാങ്കേതിക വിദ്യ അത്രയൊന്നും വികസിച്ചിട്ടില്ലാത്ത കാലത്താണ് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയെന്ന സാഹസത്തിന് നേതൃത്വം നൽകിയത്. ഒപ്പം പ്രവർത്തിക്കുകയും വിദ്യാർത്ഥികളാവാൻ ഭാഗ്യം സിദ്ധിച്ചവരുമായ നൂറുകണക്കിന് ഡോക്ടർമാരാണ് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പടർന്ന് പന്തലിച്ച് നിൽക്കുന്നതെന്നും ഡോ. ശ്രീജയൻ അനുസ്മരിച്ചു.

Advertisement
Advertisement