സംസ്ഥാനത്ത് അഞ്ചര ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളെന്ന് തൊഴിൽ വകുപ്പ്

Tuesday 15 March 2022 1:34 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ തൊഴിലിടങ്ങളിൽ ജോലി ചെയ്ത് വരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം അഞ്ചര ലക്ഷത്തോളമുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ വ്യക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവും രജിസ്‌ട്രേഷനും തിരിച്ചറിയൽ കാർഡും ആരോഗ്യ പരിരക്ഷയും ലക്ഷ്യമിട്ടുകൊണ്ടുള്ള ആവാസ് പദ്ധതി മുഖേന തൊഴിലാളികളുടെ രജിസ്‌ട്രേഷൻ നടന്നുവരുന്നതായും 5,13,359 രജിസ്റ്റർ ചെയ്ത് ആവാസ് കാർഡ് വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇത് മാർച്ച് ഏഴ് വരെയുള്ള കണക്കുകളാണ്. കൂടാതെ കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം 58,888 തൊഴിലാളികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം കിഴക്കമ്പലത്ത് കഴിഞ്ഞ ഡിസംബറിൽ അന്യസംസ്ഥാനക്കാർ നടത്തിയ അക്രമത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് നടത്തുമെന്ന് സംസ്ഥാന തൊഴിൽ വകുപ്പ് പറഞ്ഞിരുന്നെങ്കിലും ഇതുവരെ തുടങ്ങിയിട്ടില്ല. വിവരശേഖരണം പൂർണമല്ലെന്നും ഇതിൽ ഉൾപ്പെട്ടിരിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് ഉള്ളവരെക്കാൾ കുറവാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

Advertisement
Advertisement