ഡിസൈൻ എൻജിനീയറിംഗ് നൈപുണ്യപരിശീലനത്തിന് പദ്ധതി

Wednesday 16 March 2022 3:30 AM IST

കൊച്ചി: എൻജിനീയറിംഗ് പഠനസമയത്തുതന്നെ ഡിസൈനിംഗിൽ പരിശീലനം നൽകുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമായ ഡിസൈൻ എക്‌സ്‌പോയ്ക്ക് തുടക്കം. സാങ്കേതിക വിദ്യാഭ്യാസമേഖലയും വ്യാവസായിക മേഖലയും സഹകരിച്ച് പ്രവർത്തിക്കുന്ന പദ്ധതി 145 കോളേജുകളിലെ മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് ഗുണകരമാകും.

കേരള വ്യവസായ വികസന കോർപ്പറേഷനും (കെ.എസ്.ഐ.ഡി.സി) സ്റ്റാർട്ടപ്പായ ഇൻകേടെക്കും എ.പി.ജെ. അബ്ദുൾകലാം സാങ്കേതിക സർവകലാശാലയും ചേർന്നാണ് പ്ളാറ്റ്ഫോം വികസിപ്പിച്ചത്. വാഹന, വ്യോമയാന, റെയിൽ, പ്രതിരോധ, വ്യാവസായികയന്ത്ര, ആഗ്രോ, മെഡിക്കൽ, ഗാർഹിക ഉപകരണമേഖലകളിൽ ഡിസൈൻ എൻജിനീയർമാരുടെ ക്ഷാമമുണ്ട്. വിദ്യാർത്ഥികൾക്ക് ബിരുദത്തിനൊപ്പം എൻ.എസ്‌.ക്യു.എഫ് ലെവൽ7 വരെ ഡിസൈൻ വൈദഗ്ദ്ധ്യം ലഭ്യമാക്കും. കെ.എസ്‌.ഐ.ഡി.സിയുടെ സീഡ് ഫണ്ടിംഗ് ഉപയോഗിച്ചാണ് ഡിസൈൻ എക്‌സ്‌പോ സജ്ജമാക്കിയത്.

വിദ്യാർത്ഥികൾക്ക് നാലുഘട്ട പരിശീലനം നൽകും. രൂപകല്പനചെയ്ത ഉത്പന്നത്തിന്റെ 3ഡി രൂപം പ്രദർശിപ്പിക്കുന്ന ഗാലറിയാണ് പ്രധാനം. ഈ പ്ലാറ്റ്‌ഫോം വഴി കമ്പനികൾക്ക് നൈപുണ്യമുള്ള യുവ എൻജിനീയർമാരെ കണ്ടെത്താനും ഉത്പന്നം തങ്ങളുടേതാക്കി മാറ്റാനും അവസരമുണ്ട്. സാങ്കേതിക സർവ്വകലാശാലയുടെ പാഠ്യപദ്ധതി പ്രകാരം ഇ-ലേണിംഗ് ഇന്റേൺഷിപ്പ് - പ്രൊജക്ട് ഇൻകുബേഷൻ എന്നിവ ഒറ്റ പ്ലാറ്റ്‌ഫോമിൽ ഡിസൈൻ തീമിൽ ചെയ്യാനും ഉപകരിക്കും.

 ഡിസൈൻ എൻജിനീയറിംഗ്

പുതിയ ഉത്പന്നത്തെപ്പറ്റിയോ നിലവിലുള്ളതിന്റെ പുതിയ രൂപത്തെപ്പറ്റിയോ ചിന്തിക്കുന്നിടത്താണ് ഡിസൈൻ എൻജിനീയറിംഗ് തുടങ്ങുന്നത്. പേന മുതൽ കാർ വരെ ഉത്പന്നത്തിന്റെ രൂപകല്പനയും പുനരാവിഷ്‌കാരവും ഡിസൈൻ എൻജിനീയറിംഗിലൂടെയാണ് ചെയ്യുന്നത്.

അഞ്ചുഘട്ടമാണുള്ളത്. ആദ്യം വരയ്ക്കുന്നു. പിന്നെ മാതൃക ഉണ്ടാക്കുന്നു. മൂന്നാമതായി വിശകലനം ചെയ്യുന്നു. തുടർന്ന് ഉത്പന്നത്തിന്റെ ആദ്യരൂപം ഒരുക്കും. പിന്നീട് പരീക്ഷിക്കുന്നു. കുറഞ്ഞ വലിപ്പത്തിലും ചെലവിലും ഗുണമേന്മയിലും ഈടുറപ്പിലും രൂപകല്പന ചെയ്യുന്നതാണ് ഡിസൈൻ എൻജിനീയറിംഗിലെ വെല്ലുവിളി.

Advertisement
Advertisement