അരലക്ഷം പുരപ്പുറങ്ങളിൽ സോളാർ പാനലുകൾ, 200 മെഗാവാട്ട് വൈദ്യുതി

Wednesday 16 March 2022 12:00 AM IST

മലപ്പുറം: സംസ്ഥാനത്തെ അരലക്ഷം പുരപ്പുറങ്ങൾ മൂന്ന് മാസത്തിനകം സൗര വൈദ്യുതി ഉത്പാദന കേന്ദ്രങ്ങളായി മാറും. കേന്ദ്ര നവ പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിന്റെ (എം.എൻ.ആർ.ഇ)​ സബ്‌സിഡിയോടെ കെ.എസ്.ഇ.ബി നടപ്പിലാക്കുന്നതാണ് പുരപ്പുറ സൗരോർജ്ജ പദ്ധതി. ജൂൺ 22നകം അപേക്ഷ ലഭിച്ചയിടങ്ങളിൽ പാനലുകൾ സ്ഥാപിക്കും.

ആദ്യഘട്ടത്തിൽ ലഭിച്ച 30,000 അപേക്ഷകളിൽ 2,500 ഇടങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിച്ച് ഏഴ് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. പദ്ധതി നടത്തിപ്പ് വേഗത്തിലാക്കാൻ 37 ഡെവലപ്പർമാരെ കൂടി എംപാനൽ ചെയ്തിട്ടുണ്ട്. സോളാർ പാനൽ,​ ഇൻവെർട്ടർ കമ്പനികളുടെ യോഗം വിളിച്ച് ലഭ്യതയും ഉറപ്പാക്കി. സൈറ്റ് പരിശോധന ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാൻ ഡെവലപ്പർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈമാസം അവസാനം വരെ https://ekiran.kseb.in/ പോർട്ടലിലൂടെ അപേക്ഷിക്കാം.

കിലോവാട്ട് കൂടുന്തോറും

ചെലവ് കുറയും

ഒരു കിലോവാട്ടിന്റെ സോളാർ പാനൽ സ്ഥാപിക്കാൻ സൂര്യപ്രകാശം ലഭിക്കുന്ന 100 സ്‌ക്വയർ ഫീറ്റ് സ്ഥലം വേണം. ചെലവ് 65,​000 രൂപ. മാസം 120 യൂണിറ്റ് വൈദ്യുതി ലഭിക്കും. 3 കിലോവാട്ട് സ്ഥാപിക്കുന്നവർക്ക് ഒരു കിലോവാട്ടിന് ശരാശരി 50,000 രൂപ മതിയാവും. അധിക വൈദ്യുതി നിശ്ചിത നിരക്കിൽ കെ.എസ്.ഇ.ബി തിരികെവാങ്ങും.

ഉത്പാദനലക്ഷ്യം: 200 മെഗാ വാട്ട്

അപേക്ഷകൾ ഇതുവരെ: 55,​000

സബ്സിഡി

1 മുതൽ 3 കിലോവാട്ട് വരെ - 40 %

4 മുതൽ 10 വരെ - 20 %

സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കും. അപേക്ഷകളിലെ തുടർനടപടികൾ ഇ-കിരൺ പോർട്ടലിലൂടെ അറിയാം.

എസ്.നൗഷാദ്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ,​ കെ.എസ്.ഇ.ബി

Advertisement
Advertisement