ബൈക്ക് അപകടവും മമ്മൂട്ടിയുടെ കരച്ചിലും

Wednesday 16 March 2022 12:00 AM IST

തിരുവനന്തപുരം: നിയമസഭയിൽ മുകേഷിന്റെ എല്ലാ പ്രസംഗങ്ങൾക്കും നർമ്മം കലർന്ന ചില കഥകളുടെ അകമ്പടിയുണ്ടാവും. ബഡ്ജറ്റിന്മേലുള്ള പൊതു ചർച്ചയിൽ പങ്കെടുത്ത് ഇന്നലെ നടത്തിയ പ്രസംഗത്തിൽ മുകേഷും മമ്മൂട്ടിയും ഉൾപ്പെട്ട കഥയാണ് അദ്ദേഹം അവതരിപ്പിച്ചത്. പുരാതനമായ കൊല്ലം -ചെങ്കോട്ട പാതയുടെ പ്രാധാന്യം വിശദമാക്കുന്നതിനിടെയാണ് കഥ പിറന്നത്.

തന്റെ ആദ്യ ചിത്രമായ ബലൂണിൽ മമ്മൂട്ടിയായിരുന്നു മറ്റൊരു നായകൻ. കൊട്ടാരക്കര പുത്തൂർ ഭാഗത്തായിരുന്നു ഷൂട്ടിംഗ്. അന്ന് മമ്മൂട്ടി വലിയ ബൈക്ക് ഭ്രാന്തനാണ്. സമയം കിട്ടുമ്പോഴെല്ലാം എന്നെയും പിറകിൽ കയറ്റി കൊല്ലം-ചെങ്കോട്ട റൂട്ടിൽ പായും. ആൾക്കാർ പെട്ടെന്ന് തിരിച്ചറിയുന്നത്ര പ്രശസ്തരായിട്ടില്ല അന്ന് ഞങ്ങൾ. അങ്ങനെയൊരു യാത്രയ്ക്കിടെ ബൈക്ക് മറിഞ്ഞു. എഴുന്നേറ്റു നോക്കുമ്പോൾ മമ്മൂട്ടിയുടെ നെറ്രിയിൽ നിന്ന് ചോര ചീറ്റുന്നു.

സെൻസിറ്റിവിറ്രിയും സെൻസിബിലിറ്റിയുമെന്നൊക്കെ വലിയ മുഴക്കത്തിൽ ഡയലോഗ് പറയുന്ന മമ്മൂട്ടി വാവിട്ട് കരയുകയാണ്. 'നെറ്രിയിൽ മുറിവിന്റെ പാടുണ്ടായാൽ ഞാനെങ്ങനെ സിനിമയിൽ അഭിനയിക്കുമെടാ' എന്നു പറഞ്ഞാണ് സങ്കടപ്പെട്ടത്. അന്നത്തെ കരച്ചിലിന്റെ മുഴക്കം ഇപ്പോഴും തന്റെ കാതിലുണ്ടെന്നും മുകേഷ് കൂട്ടിച്ചേർത്തപ്പോൾ സഭയിൽ കൂട്ടച്ചിരിയായി.

Advertisement
Advertisement