നാടിനെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്നവർക്ക് വിജയിക്കാനാവില്ല: മുഖ്യമന്ത്രി പിണറായി

Wednesday 16 March 2022 12:33 AM IST

തിരുവനന്തപുരം: ജീർണമായ പഴയ സാമൂഹ്യവ്യവസ്ഥ പുനഃസൃഷ്ടിക്കണമെന്ന് ആഗ്രഹമുള്ള ഒരുപാട് ശക്തികൾ നാടിനെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അവർക്ക് കേരളത്തിൽ വിജയിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളും കാര്യങ്ങൾ ശരിയായി മനസിലാക്കുന്ന ബഹുജനങ്ങളുമാണ് കേരളത്തിന്റെ കരുത്തെന്നും കേരള ദളിത് ഫെഡറേഷൻ രജത ജൂബിലി ആഘോഷം ഗാന്ധിപാർക്കിൽ ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് പട്ടിക വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ വ്യാപകമായ അതിക്രമം നടക്കുന്നു. ഭരണസംവിധാനം അക്രമികളെ പ്രോത്സാഹിപ്പിക്കുകയാണ്. ഇതിനെതിരെ ശക്തമായ ഇടപെടലുണ്ടാകണം. പട്ടിക വിഭാഗങ്ങളെ മനുഷ്യരായി കണക്കാക്കാത്ത തത്വശാസ്ത്രം നെഞ്ചേറ്റി നടക്കുന്നവർ സഹായിക്കുമെന്ന് പറയുന്നത് ആക്രമിച്ച് കൊല്ലാനാണോ, നക്കിക്കൊല്ലാനാണോയെന്ന് മനസിലാക്കാനും കൃത്യമായ നിലപാട് സ്വീകരിക്കാനും കഴിയണം. നിശബ്ദത മറുപടിയല്ല,​ നിശബ്ദത സൃഷ്ടിക്കുന്ന ജനാധിപത്യം ജനാധിപത്യം അല്ലെന്നും അത് വിധേയത്വമാണെന്നും മനസിലാക്കി യോജിച്ച പോരാട്ടത്തിൽ അണിചേരേണ്ട അവസരമാണിത്. പട്ടിക വിഭാഗങ്ങളെ പ്രത്യേകം കാണുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. എസ്‌.സി - എസ്.ടി സംവരണം അതേരീതിയിൽ തുടരണമെന്നാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ.ഡി.എഫ് സംസ്ഥാന പ്രസിഡ‌ന്റ് പി. രാമഭദ്രൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ഡോ.എ.നീലലോഹിതദാസ്, ഡോ.പുനലൂർ സോമരാജൻ, ബി.സുഭാഷ് ബോസ്, ടി.പി.കുഞ്ഞുമോൻ, പി.എം.വിനോദ്, രാജൻ വെമ്പിളി, അഡ്വ.എസ്. പ്രഹ്ളാദൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement