ഓപ്പൺ സർവകലാശാലയ്ക്ക് ഗുരുദേവ ചിത്രവും ഗുരു വചനവുമായി പുതിയ ലോഗോ

Friday 18 March 2022 12:00 AM IST
ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ പുതിയ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ഡോ. ആർ. ബിന്ദുവിന് നൽകി പ്രകാശനം ചെയ്യുന്നു. മന്ത്രി കെ.എൻ. ബാലഗോപാൽ, എം. മുകേഷ് എം.എൽ.എ, വൈസ് ചാൻസലർ ഡോ. പി.എം. മുബാറക് പാഷ, പ്രോ വൈസ് ചാൻസലർ ഡോ. എസ്.വി. സുധീർ തുടങ്ങിയവർ സമീപം

 മുഖ്യമന്ത്രി പ്രകാശനം ചെയ്തു

കൊല്ലം: ഗുരുദേവന്റെ രേഖാചിത്രവും 'വിദ്യകൊണ്ട് സ്വതന്ത്രരാവുക' എന്ന ഗുരുദേവ വചനവുമുള്ള ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ പുതിയ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന് നൽകി പ്രകാശനം ചെയ്തു.

വിജ്ഞാന ചിഹ്നമായ താമരയിതളുകൾക്ക് നടുവിലായാണ് ഗുരുദേവന്റെ രേഖാചിത്രം. ഗുരുദേവന് താഴെയായി ഇരുവശങ്ങളിലുമുള്ള ആനയുടെ തുമ്പിക്കൈകളിൽ ഉയർന്നുനിൽക്കുന്ന പുസ്തകവുമുണ്ട്. സർവകലാശാല ആദ്യം തിരഞ്ഞെടുത്ത ഗുരുദേവ സാന്നിദ്ധ്യമില്ലാത്ത ലോഗോയ്ക്കെതിരെ വിമർശനം ഉയർന്നതോടെ പിൻവലിക്കുകയായിരുന്നു.

പിന്നീട് സർവകലാശാല നിയോഗിച്ച അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായ സമിതി തിരഞ്ഞെടുത്ത ലോഗോയാണ് ഇന്നലെ പ്രകാശനം ചെയ്തത്. ചിത്രകാരനും തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് അദ്ധ്യാപകനുമായ അൻസാർ മംഗലത്തോപ്പാണ് ലോഗോ രൂപകല്പന ചെയ്തത്.

അടൂർ ഗോപാലകൃഷ്ണൻ സമിതി പുതിയ ലോഗോയ്ക്കായി തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ സംഘടിപ്പിച്ച വർക്ക്ഷോപ്പിലാണ് അൻസാർ മംഗലത്തോപ്പ് പുതിയ ലോഗോ തയ്യാറാക്കിയത്. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ, എം. മുകേഷ് എം.എൽ.എ, സർവകലാശാല വൈസ് ചാൻസലർ ഡോ. പി.എം. മുബാറക് പാഷ, പ്രോ വൈസ് ചാൻസലർ ഡോ. എസ്.വി. സുധീർ, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ബിജു.കെ. മാത്യു, ഡോ. കെ. ശ്രീവത്സൻ, ഡോ. എം. ജയപ്രകാശ്, ഡോ. കെ.പി. പ്രേംകുമാർ, രജിസ്ട്രാർ ഡോ.എം. ജയമോഹൻ, പരീക്ഷ കൺട്രോളർ ഡോ. ഗ്രേഷ്യസ് ജയിംസ് എന്നിവരും പങ്കെടുത്തു.

Advertisement
Advertisement