വടുതല ബണ്ട് ലോകായുക്താ റിപ്പോർട്ട് ഉടൻ

Friday 18 March 2022 12:25 AM IST

കൊച്ചി: വടുതല ബണ്ട് പ്രശ്നത്തിൽ അതിവേഗ അന്വേഷണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കി ലോകായുക്താ സംഘം തിരുവനന്തപുരത്തേക്ക് മടങ്ങി. ചൊവ്വാഴ്ച രാവിലെ മുതൽ വൈകിട്ട് വരെ ബണ്ട് പ്രദേശത്ത് ക്യാമ്പ് ചെയ്ത് വിവരശേഖരണവും മൊഴിയെടുക്കലും നടത്തിയ അന്വേഷണ സംഘം ബുധനാഴ്ച രാവിലെ മുതൽ എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് ആളുകളെ വിളിച്ച് വിവരങ്ങൾ ശേഖരിച്ച് മൊഴി രേഖപ്പെടുത്തി.

ജലസേചന വകുപ്പ്, വിഷയത്തിൽ ഇടപെടുന്ന സോഷ്യൽ വെൽഫെയർ ആക്ഷൻ അലയൻസ് സൊസൈറ്റി (സ്വാസ്), കളക്ട്രേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നുമാണ് വിവരശേഖരണം നടത്തിയത്. ഇത് മണിക്കൂറുകളോളം നീണ്ടു. റെയിൽവേ മേൽപ്പാലത്തിന്റെ ഗുണഭോക്താക്കളായ കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ നിന്ന് പോർട്ട് ആസ്ഥാനത്തെത്തി വിവരങ്ങൾ തേടി. ഇത് രാത്രി 9വരെ നീണ്ടു. ഇതിനു ശേഷമാണ് സംഘം മടങ്ങിയത്.

അടിയന്തരമായി റിപ്പോർട്ട് നൽകും
എറണാകുളത്തെ ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ് നൽകിയ പരാതിയിലാണ് അന്വേഷണം. അടിയന്തരമായി റിപ്പോർട്ട് നൽകണമെന്ന ലോകായുക്ത ജഡ്ജിന്റെ പ്രത്യേക നിർദ്ദേശമുണ്ട്. അന്വേഷണ വിഭാഗം എസ്.പി ജ്യോതിഷ് കുമാറിന് റിപ്പോർട്ട് സമർപ്പിക്കുക.


ഇനി തലസ്ഥാനത്ത് കാണാം

പാലം നിർമ്മിച്ച സ്വകാര്യ കമ്പനിയായ അഫ്കോൺസ്,​ റെയിൽവേ എന്നിവയിൽ നിന്ന് ലോകായുക്ത വിവരങ്ങൾ തേടും. ഇവരുടെ പ്രതിനിധികളോട് തിരുവനന്തപുരത്തെത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ലോകായുക്ത അന്വേഷണ വിഭാഗത്തിലെ ഇൻസ്പെക്ടർ സജിമോൻ, എ.എസ്.ഐ രാജീവ്. ജി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Advertisement
Advertisement